കാസര്‍കോട്: പള്ളത്തടുക്കയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. സ്‌കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.
ഓട്ടോയിൽ സഞ്ചരിച്ച മൊഗ്രാൽ പുത്തൂർ എരിയാൽ സ്വദേശികളായ നാല് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. തായലങ്ങാടി സ്വദേശിയും മൊഗ്രാൽ പുത്തൂർ മൊഗറിൽ താമസക്കാരനുമായ എ.എച്ച്. അബ്ദുറഊഫ് (58), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ (50), ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്വിമ (60), ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്.
ഇവരുടെ ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെക്രാജയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. സ്ത്രീകൾ നാലു പേരും അടുത്ത ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്.
ഇട റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. സ്‌കൂള്‍ ബസ് കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.
കുട്ടികളെ വിട്ട് മടങ്ങി വരുകയായിരുന്ന മാന്യ ഗ്ലോബല്‍ സ്‌കൂളിന്റെ ബസ്സും ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ പള്ളത്തടുക്കയില്‍ വച്ചാണ് സംഭവം നടന്നത്. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. അപകടസമയത്ത് സ്‌കൂള്‍ ബസ്സില്‍ കുട്ടികള്‍ ആരുമുണ്ടായിരുന്നില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. നാല് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: