മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കോടിയോളം വില വരുന്ന സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ച് പേർ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ഒരാളെ സിഐഎസ്എഫ് പിടിച്ച് നേരത്തെ കസ്റ്റംസിനെ ഏൽപ്പിച്ചിരുന്നു. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൾ സക്കീർ എന്നിവരെയാണ് പിടികൂടിയത്. വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 5460 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
സ്വർണം ക്യാപ്‌സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് മുഹമ്മദ് ബഷീർ കടത്താൻ ശ്രമിച്ചത്.
റിയാദിൽ നിന്നും എത്തിയ ഇയാളെ സംശയത്തെ തുടർന്ന് വിശദമായ പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. ബെഡ്ഷീറ്റിനുള്ളിൽ ഒളിപ്പിച്ച് ആയിരുന്നു മുഹമ്മദ് മിഥിലാജ് സ്വർണം കടത്താൻ ശ്രമിച്ചത്. ശരീരത്തിൽ ഒളിപ്പിച്ചാണ് സമീർ സ്വർണം കടത്തിയത്. ഇയാളുടെ പക്കൽ നിന്നും ഒരു കിലോ സ്വർണമായിരുന്നു പിടിച്ചെടുത്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കരിപ്പൂർ വിമാനത്താവളത്തിൽ അടുത്തിടെ നടന്ന സ്വർണ വേട്ടകളിൽ ഏറ്റവും വലുതാണ് ഇന്നത്തേത്. കരിപ്പൂർ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ കർശന പരിശോധനയാണ് നടത്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: