ലക്നൗ: അയോദ്ധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇത്തവണത്തെ ദീപോത്സവത്തില്‍ സരയൂ തീരത്ത് 21 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് വീണ്ടും ചരിത്രം സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 25,000 സന്നദ്ധപ്രവര്ത്തകരെയാകും ഇതിനായി നിയോഗിക്കുക. നവംബര്‍ 9 മുതല്‍ 12 വരെയാകും വിപുലമായ ആഘോഷങ്ങള്‍. നവംബര്‍ 12-ന് ദീപാവലി നാളിലാകും സരയൂ നദീ തീരത്ത് ദീപം തെളിക്കുക.
ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദീപോത്സവത്തിന് സാക്ഷ്യം വഹിക്കാനെത്തുമെന്നാണ് പ്രതീക്ഷ. 2017 മുതല്‍ ഉത്തര്‍പ്രദേശ് സര്‍വ്വ പ്രൗഢിയോടും കൂടിയാണ് ദീപോത്സവ് ആഘോഷിക്കുന്നത്. ദീപോത്സവത്തിന്റെ ഭാഗമായി 2017-ല്‍ ‘രാമ് കി പൈഡി’ 1. 71 ലക്ഷം ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. അതിനുശേഷം 2018ല്‍ 3.01 ലക്ഷം, 2019ല്‍ 4.04 ലക്ഷം, 2020ല്‍ 6.06 ലക്ഷം, 2021ല്‍ 9.41 ലക്ഷം, എന്നിങ്ങനെയായിരുന്നു ദീപോത്സവത്തിന് ദീപങ്ങള്‍ അണിനിരന്നത്. 2022ല്‍ ഉത്തര്‍പ്രദേശ് തന്നെ ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരുന്നു. 15ലക്ഷം ദീപങ്ങളാണ് അലങ്കാരത്തിനായി അന്ന് ഉപയോഗിച്ചത്. ഇത്തവണ ദീപാവലി വേളയില്‍, പുണ്യഭുമിയില്‍ 21 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് ദീപോത്സവം സംഘടിപ്പിക്കും.
ഉത്സവവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് നടത്തുക. ദീപോത്സവത്തിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് അനിത യാദവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ദീപോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകള്‍ക്കും ചുമതല നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: