കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ കെ. ജി ജോർജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. സ്വപ്നാടനം ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. ഈ സിനിമ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി മൂന്നു വര്‍ഷത്തോളം ജോലി ചെയ്‌തു.
നെല്ല് എന്ന സിനിമയുടെ തിരക്കഥാകൃത്തായി സിനിമാരംഗത്ത് സജീവമായി. 40 വർഷത്തിനിടെ 19 സിനിമകൾ സംവിധാനം ചെയ്തു. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാന ചിത്രം. 1970കള്‍ മുതല്‍ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരില്‍ ഒരാളായാണ് ജോര്‍ജ് കണക്കാക്കപ്പെടുന്നത്.
1946-ല്‍ തിരുവല്ലയില്‍ ജനിച്ചു. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. സമകാലിക രാഷ്‌ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകള്‍ ചെയ്തു. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയാണ് ഭാര്യ. മക്കൾ: അരുൺ, താര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: