Categories: IndiaCricket

ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റിൽ മെഡൽ ഉറപ്പിച്ച് ഭാരതം, ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഭാരതം ഫൈനലിൽ പ്രവേശിച്ചു

ബംഗ്ലാദേശ് വനിതകളുടെ എല്ലാ സ്വപ്‌നങ്ങളും തകര്‍ത്തെറിയുകയായിരുന്നു ഇന്ത്യന്‍ വനിതകള്‍.

Published by

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന്റെ വനിതാ ക്രിക്കറ്റ് ടീം ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചായിരുന്നു ടീമിന്റെ ഫൈനൽ പ്രവേശനം. 17.5 ഓവറില്‍ വെറും 51 റണ്‍സില്‍ ബംഗ്ലാദേശ് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഭാരതം 8.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

ബംഗ്ലാദേശ് വനിതകളുടെ എല്ലാ സ്വപ്‌നങ്ങളും തകര്‍ത്തെറിയുകയായിരുന്നു ഇന്ത്യന്‍ വനിതകള്‍. നാല് ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റുമായി പൂജ വസ്‌ത്രകര്‍ മുന്നില്‍ നിന്ന് ബൗളിംഗ് ആക്രമണം നയിച്ചപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്‌സ് 17.5 ഓവറും 51 റണ്‍സുമേ നീണ്ടുനിന്നുള്ളൂ. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ വിക്കറ്റുമായി തുടങ്ങിയ പൂജ ഇതേ ഓവറിലെ അഞ്ചാം പന്തില്‍ രണ്ടാം ഓപ്പണറേയും പറഞ്ഞയച്ചു. ഓപ്പണര്‍മാരായ ശാന്തി റാണിയും ഷമീമ സുല്‍ത്താനയും പൂജയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു.

ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നൈഗര്‍ സുല്‍ത്താന മാത്രമാണ് രണ്ടക്കം കണ്ട ബാറ്റര്‍. സുല്‍ത്താന 17 പന്തില്‍ 12 റണ്‍സെടുത്ത് ദേവിക വൈദ്യയുടെ ത്രോയില്‍ റണ്ണൗട്ടായി. സോഭന മോസ്‌തരി(8), ഷോര്‍ന അക്‌തര്‍(0), റിതു മോനി(8), ഫഹീമ ഖാതൂന്‍(0), റബേയ ഖാന്‍(3), സുല്‍ത്താന ഖാത്തൂന്‍(3), മറൂഫ അക്‌തര്‍(0) പൂജ്യം എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സ്കോര്‍. നഹീദ അക്‌തര്‍ 23 പന്തില്‍ 9* റണ്‍സുമായി പുറത്താവാതെ നിന്നു. പൂജ വസ്‌ത്രകറിന്റെ നാല് വിക്കറ്റിന് പുറമെ തിതാസ് സദ്ധുവും അമന്‍ജോത് കൗറും രാജേശ്വരി ഗെയ്‌ക്‌വാദും ദേവിക വൈദ്യയും ഓരോരുത്തരെ പുറത്താക്കി.

മറുപടി ബാറ്റിംഗില്‍ അനായാസമായ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ ക്യാപ്റ്റന്‍ സ്‌മൃതി മന്ഥാനയുടെയും സഹ ഓപ്പണര്‍ ഷെഫാലി വര്‍മ്മയുടേയും വിക്കറ്റുകള്‍ നഷ്‌ടമാക്കി. 12 പന്തില്‍ 7 റണ്‍സ് നേടിയ മന്ഥാനയെ മറൂഫ അക്‌തര്‍ പവലിയനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. 21 പന്തില്‍ 17 റണ്‍സെടുത്ത ഷെഫാലി വര്‍മ്മയെ ഫഹീമ ഖാത്തൂനും മടക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസ്- കനിക അഹൂജ സഖ്യം ഓവറില്‍ കൂടുതല്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ഇന്ത്യന്‍ ജയമുറപ്പിച്ചു. ജെമീമ 20* ഉം കനിക 1* ഉം റണ്‍സ് നേടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by