കാല്‍നൂറ്റാണ്ടോളം മുമ്പാണ്; അന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന കെ.എസ്. സുദര്ശന് ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേ വിവരിച്ചു: വിദേശത്ത് ഒരു മുന്തിയ റസ്റ്ററിന്റെ അറിയിപ്പുവന്നു; നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്‍ നിങ്ങള്‍ അടയ്ക്കേണ്ടതില്ല. ചിലര്‍ ആശ്ചര്യപ്പെട്ടു. പലരും സംശയിച്ചു. ചിലര്‍ അന്വേഷിക്കാന്‍ ശ്രമിച്ചു. രണ്ടുപേര്‍ സംശയമൊന്നുമില്ലാതെ റസ്റ്ററന്റില്‍ കയറി. ബെയറര്‍ ഓര്‍ഡര്‍ എടുത്തു. അവര്‍ രണ്ടുവട്ടം ഉറപ്പാക്കി, അവര്‍ കഴിക്കുന്ന ഭക്ഷണത്തിന് എത്ര ബില്ലായാലും ഞങ്ങള്‍ പണം തരേണ്ടിവരില്ലല്ലോ എന്ന്. ബെയറര്‍ ഉറപ്പുനല്‍കി. ആവുന്നതും അതിലധികവും കഴിച്ചു, ആസ്വദിച്ചു. ചിലത് അധികമായതിനാല്‍ അവശേഷിപ്പിച്ചു; പാഴാക്കി. കനത്ത ബില്‍ വന്നു. ബെയറര്‍ക്ക് കാര്യമായ ഒരു ടിപ്പും നല്കി സന്തോഷത്തോടെ ഇറങ്ങുമ്പോള്‍ മാനേജര്‍ അറിയിച്ചു: സര്, നിങ്ങള്‍ കഴിച്ച ഭക്ഷണത്തിന് പണം തരേണ്ട, പക്ഷേ, നിങ്ങളുടെ മുത്തച്ഛന് പണ്ട് കഴിച്ചുപോയ ഭക്ഷണത്തിന്റെ ബില്ലാണിത്. ഇതിന്റെ പണം അടയ്ക്കണം. അവര്‍ അന്തംവിട്ടു നിന്നപ്പോള്‍ ‘ക്രഡിറ്റ് കാര്‍ഡി’ന്റെ സൗകര്യങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും സംബന്ധിച്ച ചര്‍ച്ചകളിലേക്ക് അവരുടെ ചിന്ത പോയി.
നടന്ന സംഭവമോ കല്‍പ്പിത വിവരണമോ എന്തായാലും അതില്‍ ചില പാഠങ്ങളുണ്ട്. സാങ്കേതിക സംവിധാനത്തിന്റെ വളര്‍ച്ച, അതിന്റെ ഉപയോഗ സാധ്യത, അത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍, അത് പല തലമുറകള്ക്കുണ്ടാക്കുന്ന ബാധ്യതകള്‍, വ്യാപാരരംഗത്തെ പ്രശ്നങ്ങള്‍… എന്നിങ്ങനെ. പക്ഷേ, വ്യക്തിയും പ്രസ്ഥാനങ്ങളും സംസ്ഥാനങ്ങളും രാജ്യങ്ങളും പോലും ഈ കടംകൊള്ളലിന്റെ പിടിയില്‍നിന്ന് മുക്തരാകുന്നില്ല; കാരണം, അവര്‍ അറിഞ്ഞുകൊണ്ട്, ‘അറിയാതെ’ ഈ ട്രാപ്പില്‍ വീണുപോവുകയാണ്. വയനാട്ടില്‍ കടംകൊള്ളലിന്റെ ‘ആപ്പില്‍’പെട്ടതിന് ആത്മഹത്യ ചെയ്യേണ്ടിവന്ന കര്ഷകന് മുതല്‍ കേരള ജനതയ്ക്കു മുന്നില്‍ വേദനയും ലജ്ജയും അപകര്‍ഷവും കലര്‍ന്ന ചിരിയോടെ നിസ്സഹായത പറയുന്ന സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ വരെ ഈ കടക്കുരുക്കില്‍ കഴുത്തുമുറുകുന്നവരാണ്. എന്താണിതിന് കാരണം, എന്താണ് പരിഹാരം, ഇതില്‍നിന്ന് മുക്തിയില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടത് അവരവരാകുന്നുവെന്നതാണ് ഇന്നത്തെ സ്ഥിതിവിശേഷം.
ഈ വിചിത്ര സ്ഥിതിക്ക് സകലരും കൂട്ടുനില്‍ക്കുന്നെന്നോ അതില്‍ പങ്കാളികളാകുന്നുവെന്നോ തിരിച്ചറിയുമ്പോഴാണ് ഗൗരവം കൂടുന്നത്. സാങ്കേതികസംവിധാനംകൊണ്ട്, ഒരൊറ്റ ക്ലിക്ക് വഴി ഒരാളെ ധനികനാക്കാനും ദരിദ്രനാക്കാനും കഴിയുന്ന സംവിധാനങ്ങള്‍ വന്നു. പഴയകാലത്തെ ‘ചക്രം’ മാറി ‘പ്ലാസ്റ്റിക് കറന്‍സി’യോ ‘ഡിജിറ്റല്‍ കറന്‍സി’യോ അവ കൈകാര്യം ചെയ്യാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളോ ഒക്കെ വന്നപ്പോള്‍ ”കാശിന്റെ വില” കുറഞ്ഞു. ‘പണം സമം അദ്ധ്വാനഫലം’ എന്ന സമവാക്യം മാറി. പണത്തിന് സാങ്കേതികത മതിയെന്ന നിലയായി. പണമിടപാടെല്ലാം യാന്ത്രികമായി. അങ്ങനെ സമ്പത്തിന് വിയര്‍പ്പിന്റെ ചൂരും ചൂടും വേദനയുമില്ലാതായി.
ഒറ്റ ക്ലിക്കില്‍ കൊടുക്കലും വാങ്ങലും സംഭവിക്കുന്ന സാങ്കേതികവിദ്യയായി ”ഓണ്‍ലൈന്‍”, ”ഡിജിറ്റല്‍” പ്ലാറ്റ്ഫോമുകള് വന്നപ്പോള്‍ ഒരു വസ്തു വാങ്ങുന്നതിന് പണമല്ല, മനസ്സു മാത്രമേ വേണ്ടൂ എന്ന സ്ഥിതിവന്നു. ‘പണത്തിനും മീതേ പറക്കുന്ന പരുന്തുകളായി’ മാറി നമ്മുടെ ആഗ്രഹങ്ങളും തീരുമാനങ്ങളും. തീരുമാനങ്ങള്‍ പണ്ട് മനസ്സിന്റെ നിശ്ചയദാര്ഢ്യമായിരുന്നെങ്കില്, ഇന്ന് പ്രലോഭനങ്ങള്‍ക്ക് കീഴടങ്ങുന്ന മനസ്സിന്റെ ദൗര്‍ബല്യമായി. ശ്രദ്ധിച്ചിട്ടുണ്ടോ, ചില ഓണ്‍ലൈന്‍ വാങ്ങലിടപാടിന് ‘ക്രഡിറ്റ് കാര്‍ഡു’കളേ സ്വീകരിക്കൂ. നിങ്ങളുടെ ഡബിറ്റ് കാര്‍ഡുകളോ അക്കൗണ്ടുകളോ അവര്‍ സ്വീകരിക്കുന്നില്ല. ‘ഇപ്പോള്‍ പണം കൊടുക്കേണ്ട. പിന്നീട് നല്കിയാല് മതി’ എന്ന പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയാത്തവര്‍ കടക്കെണിയിലേക്ക് പോകുന്നത് അവര്‍ അറിയുന്നേയില്ല.
വ്യക്തികള്‍ക്ക്, ഇതേക്കുറിച്ച് അറിവുള്ളവരാണെങ്കിലും ഈ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയുന്നില്ല എന്നത് പല കാരണങ്ങളാല്‍ ചിലപ്പോള്‍ സാധൂകരിക്കാം. എന്നാല്‍ ഭരണകൂടങ്ങള്‍ ഈ സ്ഥിതിയുടെ സ്വയം കുഴിയില്‍ വീഴുന്നതോ. അവിടെ ആസൂത്രണത്തെ (സംവിധാനത്തെയല്ല), കാഴ്ചപ്പാടിനെ, നയത്തെ, നിലപാടിനെ സംശയിക്കണം.
കേന്ദ്രസര്‍ക്കാര്‍, സാമ്പത്തിക പ്രതിസന്ധിമൂലം ‘വിത്തെടുത്ത് കുത്തിയ’ സംഭവങ്ങള്‍ നമ്മുടെ ചരിത്രത്തിലുണ്ട്. രാഷ്ട്രത്തിന്റെ കരുതല്‍ സ്വര്‍ണം (ധനഘടനയുടെ അടിത്തറ) വിറ്റ് ഭരണ പാപ്പരത്തം തെളിയിച്ചവരുണ്ട്. പ്രധാനമന്ത്രിയായി ചന്ദ്രശേഖര്‍ ഇരുന്ന കാലത്താണത്. രാജീവ് ഗാന്ധിയുടെ ഭരണത്തില്‍ ധനമന്ത്രിയായിരുന്ന വിശ്വനാഥ് പ്രതാപ് സിങ് പിന്നീട് പ്രധാനമന്ത്രിയായപ്പോള്‍, ധനഘടനയില്‍ ഭാരതം ദയനീയ ഘട്ടത്തിലായിപ്പോയിരുന്നു. വാജ്പേയി ഭരണത്തിലാണ്, തൊട്ടുമുമ്പ് പി.വി. നരസിംഹറാവു സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയ വിദേശകടം ഭാരതം വീട്ടാന്‍ തുടങ്ങിയത്. അന്തരിച്ച ജസ്വന്ത് സിങ് ധനകാര്യമന്ത്രിയായിരിക്കെ ബജറ്റ്, തലേവര്‍ഷത്തെ ബജറ്റിന്റെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് (എടിആര്‍), ധനസ്ഥിതി തുടങ്ങിയവ സുതാര്യമായി ആദ്യമായി അവതരിപ്പിച്ചു. ഇക്കണോമിക് സര്‍വേ എന്ന പതിവ് ഗിമ്മിക്കിനപ്പുറമായിരുന്നു അത്. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിദേശകടം വീട്ടി, രാജ്യത്തെ ജനങ്ങളുടെ ആളോഹരിക്കടം മുമ്പുണ്ടായിരുന്നതില്‍ കുറഞ്ഞു.
ഇവിടെയാണ് കേരളത്തിലെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും വിലയിരുത്താന്‍ പറ്റിയ അവസരം. ഓണക്കാലത്ത് കേരള ധനമന്ത്രി നടത്തിയ പ്രസ്താവനയുണ്ട്. ”കൈയില്‍ മാത്രമല്ല കെട്ടിയിരിക്കുന്നത്, വിരലും കെട്ടിയിരിക്കുകയാണ്” എന്നായിരുന്നു അത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സംവിധാനത്തെ നിയന്ത്രിക്കുകയോ നിര്വീര്യമാക്കുയോ ചെയ്യുന്നുവെന്ന് പറയാനായിരുന്നു അത്. ”വിരല്‍ കെട്ടുന്നത്” മരണാനന്തരം ജഡങ്ങള്ക്കാണ്. കേരളത്തിന്റെ സാമ്പത്തികസ്ഥിതിയുടെ മരണം പറയാതെ പറയുകയായിരുന്നു മന്ത്രി. ആരാണുത്തരവാദി? ആരാണ് പ്രതിവിധി കണ്ടെത്തേണ്ടത്? ആരെയാണ് പഴിക്കേണ്ടത്? ധനമന്ത്രി ഇങ്ങനെ പറഞ്ഞത് ഓണക്കാലത്തായിരുന്നു. ഓണം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി, തന്റെ സഹമന്ത്രിയെ തള്ളിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ”ഇവിടെ ധനപ്രതിസന്ധിയാണെന്ന് ചിലര്‍ പറഞ്ഞുനടന്നു. അത് കുപ്രചാരണമായിരുന്നു, ഇവിടെ ഒരു പ്രതിസന്ധിയുമില്ലായിരുന്നു, ഇല്ല.” നമ്മള് ആരെ വിശ്വസിക്കും!
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം കേരളം മാത്രമല്ല. ഉത്തരപ്രദേശാണ് 2022-23 ലെ സാമ്പത്തിക കണക്കുകള്‍ പ്രകാരം ഏറെ പ്രതിസന്ധി നേരിടുന്നതില്‍ രണ്ടാമത്. കടത്തിന്റെ കാര്യത്തില്‍ ഒന്നാമത് തമിഴ്നാടാണ്. പക്ഷേ വലിയ സംസ്ഥാനങ്ങളായ അവയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ കടം അമ്പേ അപകടമാണ്. തമിഴ്നാടിന്റെ കടം 7.54 ലക്ഷം കോടിയാണ്. യുപിയുടേത് 7.10 ലക്ഷം കോടി. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള യുപിയുടെ (2019 സെന്‍സസ് പ്രകാരം 23 കോടി ജനസംഖ്യ) കടം 7.10 ലക്ഷം കോടി, 3.5 കോടി ജനസംഖ്യയുള്ള കേരളത്തിന്റെ കടം 3.9 ലക്ഷം കോടി. യുപിയില്‍ പ്രതിദിനം നടക്കുന്ന നിര്‍മാണ വികസന പ്രവര്‍ത്തനങ്ങളുടെ കാര്യവും പരിഗണിക്കുമ്പോള്‍ ഈ താരതമ്യത്തിന്റെ ഫലത്തിലൂടെ കേരള സ്ഥിതി കൂടുതല്‍ ദയനീയമാണെന്ന് മനസിലാകും.
പക്ഷേ ഈ കടബാധ്യതകള്‍ക്കിടയിലും വീരവാദങ്ങള്‍ മുഴക്കുമ്പോള്‍ തിരിച്ചറിയേണ്ടത് തുടക്കത്തില്‍ പറഞ്ഞ ‘ക്രഡിറ്റ് കാര്‍ഡി’ന്റെ അപകടമാണ്. കിട്ടുമെന്നു കരുതി കടം വാങ്ങി എന്തിന് ചെലവിടുന്നുവെന്നാണല്ലോ പ്രധാനം. ഭരണകൂടം അക്കാര്യത്തില്‍ വേണ്ട കരുതല്‍ കാണിക്കാത്തതാണ് പ്രശ്നം. ഇവിടെയാണ് ഏറെക്കാലമായി പുകഴ്ത്തിപ്പാടിക്കൊണ്ടിരിക്കുന്ന കേരളമോഡലിന്റെ പരാജയം വ്യക്തമാകുന്നത്. ത്രിതല പഞ്ചായത്ത് ഭരണക്രമം പോരാഞ്ഞ് ജനകീയാസൂത്രണവും പാര്‍ട്ടി ആസൂത്രണവും നടത്തി, അതും മതിയാകാഞ്ഞ് ‘മാരാരിക്കുളം ആസൂത്രണവും’ നടത്തിയ പരീക്ഷണ പദ്ധതികളൊക്കെക്കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് സോഷ്യല്‍ ഓഡിറ്റിങ് നടത്താന്‍ സമയമായി. പദ്ധതികളും നയവും നിലപാടുകളും വീരവാദങ്ങള്ക്കുവേണ്ടിയാകാതെ സംസ്ഥാനത്തിന്റെ സ്വാശ്രയത്വത്തിനാകാത്തതുകൊണ്ടാണ് ഈ കടക്കെണിയുടെ കുരുക്ക് മുറുകുന്നത്. അതിനിയും പെരുകാനേ നിലവിലെ പോക്കുകണ്ട് സാധ്യതയുള്ളു. അതായത് കിട്ടുന്നിടത്തുനിന്നെല്ലാം കടമെടുത്ത് ‘ആഘോഷിച്ച്’ മുടിക്കുമ്പോള്‍ വരുംതലമുറകള്‍ക്കുള്ള ബാധ്യതയാവും. അതുകൊണ്ടുതന്നെ യുവ തലമുറയാണ് നിര്‍ണായക തീരുമാനമെടുക്കേണ്ടതെന്നര്‍ത്ഥം.
പിന്കുറിപ്പ്:
കൊള്ളത്തുകയുടെ താരതമ്യത്തിലൂടെ കുറ്റകൃത്യം ലഘൂകരിക്കുന്ന മന്ത്രിയെയൊക്കെ സഹിക്കേണ്ടി വരുന്ന സംസ്ഥാനത്തിന്റെ വിധി മാറ്റണമെങ്കില്‍ ചില അിസ്ഥാനമാറ്റങ്ങള് ഉണ്ടാകുകതന്നെ വേണം. പക്ഷേ, ഇനിയും കാത്തിരിക്കണമെന്നോ, എത്രകാലം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: