വാരാണസി: അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. വരാണസിയിലെ രാജതലബിലെ ഗഞ്ചാരിയില്‍ 30 ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ആധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം 450 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്.
ചന്ദ്രനിലെ ശിവശക്തി പോയിന്റില്‍ കഴിഞ്ഞ മാസം 23 ന് ചന്ദ്രയാന്‍ എത്തിചേര്‍ന്നതിന്റെ കൃത്യം ഒരു മാസത്തിന് ശേഷമുള്ള ദിവസമാണ് താന്‍ കാശി സന്ദര്‍ശിക്കുന്നതെന്നത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ”ശിവശക്തിയുടെ ഒരു സ്ഥലം ചന്ദ്രനിലാണ്, മറ്റൊന്ന് ഇവിടെ കാശിയിലാണ്”, ഈ ചരിത്രപരമായ നേട്ടത്തിന് എല്ലാവരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന മഹാദേവന് സമര്‍പ്പിച്ചിരിക്കുന്നത് കാശിയിലെ പൗരന്മാരില് അഭിമാനബോധം ഉള്‍ച്ചേര്‍ക്കുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
യുവാക്കളുടെ കായികക്ഷമത, തൊഴില്‍, ഔദ്യോഗിക ജീവിതം എന്നിവയുമായി ഇപ്പോള്‍ സ്പോര്‍ട്സിനെ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ മാറിയ സമീപനമാണ് ഇന്ത്യയുടെ സമീപകാല കായിക വിജയത്തിന് കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 9 വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഈ വര്‍ഷത്തെ കായിക ബജറ്റ് മൂന്നിരട്ടി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഖേലോ ഇന്ത്യയുടെ ബജറ്റില്‍ 70 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്കൂളില്‍ നിന്ന് ഒളിമ്പിക്സ് പോഡിയം വരെ ഒരു ടീമംഗത്തെപ്പോലെ കായികതാരങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നീങ്ങുന്നു,അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തവും ടോപ്സ് പദ്ധതിയും അദ്ദേഹം പരാമര്‍ശിച്ചു.
പങ്കെടുത്തതില്‍ മൊത്തത്തില്‍ നേടിയ എല്ലാ മെഡലുകളുടെയും ആകെ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ പതിപ്പില്‍ കൂടുതല്‍ മെഡലുകള്‍ നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ച ലോക യൂണിവേഴ്സിറ്റി ഗെയിംസിനെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.
പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അവരെ അന്താരാഷ്ട്ര തലത്തിലുള്ള കായികതാരങ്ങളാക്കി മാറ്റാന്‍ ഗവണ്മെന്റ് ശ്രമിക്കുന്ന ഖേലോ ഇന്ത്യയുടെ ഉദാഹരണം അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കായികരംഗത്തെ പ്രമുഖരുടെ സാന്നിധ്യം പരാമര്‍ശിച്ച പ്രധാനമന്ത്രി, പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ചെറിയ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കും. ഖേലോ ഇന്ത്യക്ക് കീഴില്‍ സൃഷ്ടിച്ച അടിസ്ഥാന സൗകര്യങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ആധുനിക ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പായിരിക്കും വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. വാരണാസിയിലെ രാജതലബിലെ ഗഞ്ചാരിയില്‍ 450 കോടി രൂപ ചെലവില്‍ 30 ഏക്കറിലധികം വിസ്തൃതിയില്‍ ആധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വികസിപ്പിക്കും. ഈ സ്റ്റേഡിയത്തിന്റെ തീമാറ്റിക് വാസ്തുവിദ്യ പരമശിവനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മേല്‍ക്കൂരകള്‍, ത്രിശൂലത്തിന്റെ ആകൃതിയിലുള്ള വിളക്കുകള്‍ തുടങ്ങിയവ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 30,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ടാകും.
ഏഴ് പിച്ചുകളും പ്രാക്ടീസ് നെറ്റ്സുകളും ഉണ്ട്. ഒപ്പം കമന്റേറ്റേഴ്സ് ബോക്സ്, മീഡിയ സെന്റര്‍, താരങ്ങള്‍ക്കായി വലിയ സൗകര്യങ്ങളുള്ള ഹോസ്റ്റലും ഇതിനോടനുബന്ധമായി ഉണ്ടാകും. 451 കോടിയാണ് നിര്‍മാണ ചെലവ്. 121 കോടി രൂപ യുപി സര്‍ക്കാര്‍ നല്‍കും. ബിസിസിഐ 330 കോടിയും ചെലവഴിക്കും.
ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ നായകന്മാരും ലോകകപ്പ് ജേതാക്കളുമായ സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ്, രവി ശാസ്ത്രി, സച്ചിന് ടെണ്ടുല്‍ക്കര്‍ എന്നിവരും പങ്കെടുത്തു. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരും ചടങ്ങിലുണ്ടായിരുന്നു. മോദിക്ക് സച്ചിന് നമോ എന്നെഴുതിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്സിയും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: