ആലുവ: ജില്ലാ ആശുപത്രിയിലെ രക്തബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ച യുവതിക്ക് ഹെപ്പറ്റൈറ്റിസ് അണുബാധ സ്ഥിരീകരിച്ചു. തലാസീമിയ രോഗിയും കുന്നത്തേരി സ്വദേശിനിയുമായ 27 കാരിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്ററില്‍ പതിവായി രക്തം മാറുന്ന രോഗികള്‍ ഇതുമൂലം ആശങ്കയിലായി. കാലങ്ങളായി ഈ യുവതി 15 ദിവസത്തിനിടയില്‍ ഒരിക്കല്‍ രക്തം മാറുന്നതാണ്.
അമൃത ആശുപത്രിയില്‍ നിന്നും ആലുവ രക്തബാങ്കില്‍ വോളണ്ടറി സര്‍വീസിന് എത്തുന്ന ഡോക്ടര്‍മാര്‍ ശേഖരിച്ച സാമ്പിളുകളില്‍ യുവതിയുടെ സാമ്പിളിലാണ് ഹെപ്പറ്റൈറ്റിസ് വൈറസ് ആയ എച്ച്ബിഎസ്എജിയുടെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സ തേടി. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് എന്‍എബിഎച്ച് അക്രഡിറ്റേഷനുള്ള രണ്ട് രക്തബാങ്കുകളില്‍ ഒന്നാണ് ആലുവയിലേത്. 15 സാറ്റലൈറ്റ് സെന്ററുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നിലവാരം പുലര്‍ത്തുന്ന രക്തബാങ്കാണിത്. നിരവധി സ്വകാര്യ ആശുപത്രികളും ആലുവ രക്തബാങ്കിനെ ആശ്രയിക്കുന്നുണ്ട്. വൈറസ് പരിശോധനക്കായുള്ള നൂതന സംവിധാനങ്ങളായ എന്‍എടി (ന്യൂക്ലിക് ആസിഡ് ടെസ്റ്റ്) നിലവില്‍ ഇവിടെയില്ല. രക്തത്തിലെ എച്ച്‌ഐവി, മലേറിയ, എച്ച്ബിവി, എച്ച്‌ഐവി വൈറസുകളുടെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള എലിസ ടെസ്റ്റ് മാത്രമാണ് ഇപ്പോളിവിടെ നടത്തുന്നത്. നിലവില്‍ ആന്റിബോഡിയുടെ സാന്നിധ്യം അറിയുന്നതിന് 30 ദിവസം എടുക്കും. എന്‍എടി ആണെങ്കില്‍ 12 ദിവസം മതി.
എന്‍എടി സംവിധാനം സ്ഥാപിക്കുന്നതിന് രണ്ടരക്കോടിയും 25 ലക്ഷം പ്രതിമാസ ചെലവും വരും. ഏകദേശം 30,000 ത്തിലധികം പരിശോധനകള്‍ ഒരു വര്‍ഷം നടത്തിയാലേ ഇത് സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കൂ എന്ന് രക്തബാങ്കിന്റെ ചുമതല വഹിക്കുന്ന ഡോ. എന്‍. വിജയകുമാര്‍ പറഞ്ഞു.
രക്തബാങ്കുകളില്‍ നാറ്റ് പരിശോധന നിര്‍ബന്ധമാക്കണം
കൊച്ചി: ആലുവയില്‍ രക്തം സ്വീകരിച്ച യുവതിക്ക് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചുവെന്ന റിപ്പോര്‍ട്ട് അതീവ ഗൗരവതരവും ഞെട്ടലുണ്ടാക്കുന്നതുമാണെന്ന് കൊച്ചി ഐഎംഎ രക്തബാങ്ക് അധികൃതര്‍. 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഐഎംഎ കൊച്ചി രക്തബാങ്കില്‍ നിന്നും കഴിഞ്ഞ 10 വര്‍ഷമായി നാറ്റ് പരിശോധന നടത്തി ഏറ്റവും സുരക്ഷിതമായ രക്തം മാത്രമാണ് സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്നത്. ആലുവയിലെ സംഭവം നാറ്റ് ടെസ്റ്റിന്റെ അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഐഎംഎ കൊച്ചി രക്തബാങ്ക് മാതൃകയില്‍ ആലുവ ജില്ലാ ആശുപത്രിയിലേതടക്കം സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ രക്തബാങ്കുകളിലും നാറ്റ് പരിശോധന സംവിധാനം നിര്‍ബന്ധമാക്കണമെന്ന് ഐഎംഎ കൊച്ചി രക്തബാങ്ക് അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാറ്റ് ടെസ്റ്റ് സംവിധാനം ഇല്ലാത്ത രക്തബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ സൗജന്യ നിരക്കില്‍ കൊച്ചി ഐഎംഎ രക്തബാങ്ക് നാറ്റ് ടെസ്റ്റ് നടത്തികൊടുക്കാന്‍ തയാറാണെന്ന് സെക്രട്ടറി ഡോ. എം.ഐ. ജുനൈദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: