തൃശൂര്‍: പൂങ്കുന്നം സീതാറാം മില്‍ ഓണത്തിന് ശേഷം തുറന്ന് പ്രവര്‍ത്തിക്കുമെന്ന മന്ത്രിയുടെ വാക്ക് പാഴായി. ഓണം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും മില്ല് തുറന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.രാജീവ് മാസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ഇതോടെ സീതാറാം മില്ലടക്കം സംസ്ഥാനത്ത് അടച്ചിട്ടിരുന്ന അഞ്ചു ടെക്സ്‌റ്റൈല്‍ മില്ലുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
മില്‍ തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കാനാണ് മില്ലുകള്‍ക്ക് ആദ്യഘട്ട പ്രവര്‍ത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചത്. താരതമ്യേന നവീകരണം നടന്നിട്ടില്ലാത്ത മില്ലുകള്‍ മാസ്റ്റര്‍ പ്ലാന്‍ വഴി ഘട്ടം ഘട്ടമായി നവീകരിക്കുമെന്നും വിപണിയിലെ പ്രതിസന്ധികള്‍ നേരിടുന്നതിന് മില്ലുകളെ സ്വയംപര്യാപ്തമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതനുസരിച്ച് ഓണത്തിന് മുമ്പ് മില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജീവനക്കാര്‍ക്ക് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒന്നും പാലിക്കപ്പെട്ടില്ല.
എന്നാല്‍ സ്ഥാപനത്തില്‍ ഇപ്പോള്‍ സിനിമാ ഷൂട്ടിങാണ് നടക്കുന്നത്. തൊഴിലും വേതനവുമില്ലാതെ തൊഴിലാളികള്‍ കഷ്ടപ്പെടുമ്പോള്‍ മാനേജ്‌മെന്റ് ഈ വഴിയിലൂടെ ലാഭമുണ്ടാക്കുകയാണ്. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി സിനിമാ ഷൂട്ടിങിന് ഒരു മാസത്തേക്കാണ് മില്‍ വാടകയ്‌ക്ക് നല്‍കിയിരിക്കുന്നത്.
103 സ്ഥിരം ജീവനക്കാരുള്‍പ്പെടെ 180ഓളം തൊഴിലാളികളാണ് മില്ലില്‍ പണിയെടുക്കുന്നത്. ഇവരില്‍ സ്ത്രീകളുമുള്‍പ്പെടുന്നു. നാലു മാസത്തെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ഇനിയും ലഭിക്കാനുണ്ട്. മില്‍ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ താത്കാലികക്കാരില്‍ ചിലര്‍ മറ്റ് ജോലികള്‍ തേടിപോയി. സ്ഥിരം തൊഴിലാളികളും വിവിധ ജോലികള്‍ ചെയ്താണ് നിലവില്‍ കുടുംബം പോറ്റുന്നത്.
അതേസമയം മാനേജ്‌മെന്റ് തൊഴിലാളികളെ മനപൂര്‍വ്വം ദ്രോഹിക്കുകയാണെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. ലേ ഓഫ് മാര്‍ക്ക് ചെയ്യാന്‍ വരുന്നതിന് ഒരു ദിവസം 100 രൂപ വരെ ചില തൊഴിലാളികള്‍ക്ക് യാത്രാചെലവ് വരുന്നുണ്ട്. 1.50 കോടി രൂപ മില്ലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചെന്ന് സര്‍ക്കാരും മാനേജ്‌മെന്റും പറയുന്നു. എന്നാല്‍ മില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുന്നില്ല.
നൂലിന്റെ വിലക്കുറവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മൂലമാണ് മില്ലുകള്‍ അടച്ചിടേണ്ടിവന്നതെന്നാണ് മാനേജ്‌മെന്റിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: