ന്യൂദൽഹി: ഇന്തോ-കനേഡിയൻ ഹിന്ദുക്കൾക്കെതിരെ ഭീഷണി മുഴക്കിയ ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ചണ്ഡീഗഡിലെ ഒരു വീടും അമൃത്സറിൽ ഇയാളുടെ പേരിലുള്ള സ്ഥലവുമാണ് എൻഐഎ കണ്ടുകെട്ടിയത്. ഖാലിസ്ഥാനി അനുകൂല ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ ജനറൽ കൗൺസിലറാണ് പന്നു.
കാനഡയിൽ കഴിയുന്ന ഹിന്ദുക്കൾ എത്രയും വേഗം ഇന്ത്യയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കുന്ന പന്നുവിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ‘ഇന്തോ-കനേഡിയൻ ഹിന്ദുക്കൾക്ക് കാനഡയോടും കനേഡിയൻ ഭരണഘടനയോടും കൂറില്ലെന്ന് തെളിയിച്ചു കഴിഞ്ഞു. എത്രയും പെട്ടെന്ന് കാനഡ വിട്ട് ഇന്ത്യയിലേക്ക് പോകൂക. എന്നാൽ ഖാലിസ്ഥാൻ അനുകൂല സിഖുകാർ എപ്പോഴും കാനഡയോട് വിശ്വസ്തരായിരുന്നു. അവർ എല്ലായ്‌പ്പോഴും കാനഡയുടെ പക്ഷത്തായിരുന്നു” എന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്
1947ലെ വിഭജനകാലത്ത് പാക്കിസ്ഥാനിൽ നിന്ന് അമൃത്സറിന് അടുത്തുള്ള ഖൻകോട്ടിലേക്കു കുടിയേറിയതാണ് പന്നുനിന്റെ കുടുംബം. സ്വതന്ത്ര സിഖ് രാഷ്‌ട്രമെന്ന ആശയം മുൻ നിർത്തി അമേരിക്ക, കാനഡ, ബ്രിട്ടൺ എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതില്‍ മുൻപന്തിയിലുള്ള പന്നുൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് തുടർച്ചയായി കേസുകളും നടത്തിവരുന്നു.
പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഭാരതം പന്നുനിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. പന്നുനിന്റെ കൃഷിഭൂമിയും സർക്കാർ കണ്ടുകെട്ടി. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗുർപത്വന്ത് സിങ് പന്നുൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക