1930 ഒക്ടോബര്‍ 23നാണ് മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രം തിരുവനന്തപുരത്ത് ക്യാപിറ്റോള്‍ തീയറ്ററില്‍ റിലീസാകുന്നത്. ജെ.സി.ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന്. അതിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, മലയാളത്തിന്റെ വെള്ളിത്തിരയില്‍ ഭാവാഭിനയത്താല്‍ ചരിത്രം തീര്‍ത്ത മധു ജനിക്കുന്നത്. 1933 സപ്തംബര്‍ 23ന്. മലയാള വര്‍ഷം 1109 കന്നിമാസത്തിലെ ചോതി നക്ഷത്രത്തില്‍. ആംഗലേയ വര്‍ഷക്കണക്കില്‍ ഇന്ന് മധുവിന് നവതി. മലയാള സിനിമയുടെ നല്ലതും മോശവുമായ കാലത്തിനൊപ്പം സഞ്ചരിച്ച ‘ചരിത്രം’.
തിരുവനന്തപുരം മേയറായിരുന്ന ആര്. പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മകന്, ആര്. മാധവന്‍നായരെന്ന പേരിലാണ് 30 വയസ്സുവരെ അറിയപ്പെട്ടത്. ‘നിണമണിഞ്ഞ കാല്പാടുകള്’ എന്ന ആദ്യചിത്രം റിലീസാകുന്നതുവരെ. ആദ്യ സിനിമയില്‍തന്നെ മാധവന്നായരുടെ പേര് മധുവെന്നായി. മാധവന് നായരെന്ന് സ്ക്രീനില്‍ തെളിയുന്നതുകാണാന് തീയറ്ററില്‍ ചെന്നിരുന്നെങ്കിലും പേരുകാണാതെ ദേഷ്യപ്പെട്ടു. അപ്പോഴാണ് പേര് മാറ്റിയത് പറയുന്നത്. കവിയും സംവിധായകനുമായ പി. ഭാസ്കരനാണ് മധു എന്ന പേര് നിര്‍ദ്ദേശിച്ചത്. പേരിലെ രാശിയിലൊന്നും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും മധു എന്ന രണ്ടക്ഷരം ഏറക്കാലം മലയാള സിനിമയുടെ രാശിയായി. പ്രവചനങ്ങള്‍ തെറ്റിച്ച ജീവിതമാണ് അദ്ദേഹത്തിന്റെത്. ജാതകമെഴുതിയ ജ്യോത്സ്യന് എഴുപതു വയസ്സുവരെയുള്ള ജീവിതമെഴുതി നിര്‍ത്തി. ശേഷം ചിന്ത്യം! എഴുപതും കഴിഞ്ഞ് തൊണ്ണൂറിലെത്തിനില്‍ക്കുന്നു മധുവിന്റെ ജീവിതം.
സിനിമാ നടനാകുമെന്ന് ഒരു ജ്യോത്സ്യനും മധുവിനെക്കുറിച്ച് പറഞ്ഞില്ല. പഠനം കഴിഞ്ഞ് കോളജ് അധ്യാപകനായപ്പോഴും മാധവന്‍നായര്‍ മധുവായിമാറുമെന്ന് ആരും കരുതിയില്ല. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹിന്ദിയില്‍ ബിരുദമെടുത്ത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാരുടെ ഇംഗിതമനുസരിച്ച് കോളജധ്യാപകനായി. തിരുവനന്തപുരത്ത് പാറ്റൂരുള്ള ട്യൂട്ടോറിയല്‍ കോളജിലാണ് ആദ്യം പഠിപ്പിക്കാന്‍ ചേര്‍ന്നത്. അപ്പോഴും നാടകാഭിനയം വലിയ മോഹമായിരുന്നു. അധ്യാപനത്തോടൊപ്പം തിരുവനന്തപുരത്തെ ചില അമേച്വര്‍ നാടക സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ നാഗര്‍കോവിലിലെ ഹിന്ദുകോളജിലും, അവിടുത്തെ തന്നെ സ്കോട്ട് ക്രിസ്ത്യന്‍ കോളജിലും ഹിന്ദി അധ്യാപകനായി. ഈ സമയത്താണ് ദല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം കാണുന്നത്. അവിടെ പ്രവേശനം നേടി. നല്ല ശമ്പളവും അന്തസ്സുമുള്ള കോളജ് അധ്യാപക ജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാന്‍ പോകുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ എതിര്‍പ്പുകളൊന്നും കാര്യമാക്കിയതേയില്ല. ജോലി രാജിവച്ച് ദല്‍ഹിക്ക് വണ്ടികയറി. പ്രതിഭാശാലിയായ ഒരു നടന്റെ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു സ്കൂള്‍ ഓഫ് ഡ്രാമയിലെ ജീവിതം. അധ്യാപകവൃത്തി ഉപേക്ഷിച്ച് അഭിനയിക്കാന്‍ പോയ മകന് തലതിരിഞ്ഞുപോകുമെന്നാണ് വീട്ടുകാര്‍ കരുതിയതെങ്കിലും താന്‍ തെരഞ്ഞെടുത്ത വഴിയായിരുന്നു ശരിയെന്ന് മധു തെളിയിച്ചു. പിന്നീടുള്ള ജീവിതംകൊണ്ട്.
ദല്‍ഹിയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നാടകങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മധു മുന്നിലുണ്ടായിരുന്നു. ദല്‍ഹി കോര്പ്പറേഷന് എല്ലാ വര്‍ഷവും വിവിധ ഭാഷകളില്‍ നിന്നുള്ള നാടകങ്ങള്‍ ഉള്‍പ്പെടുത്തി നാടക മത്സരം നടത്തിയിരുന്നു. 1961 ല്‍ അത്തരത്തില്‍ സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ പതിനാല് ഭാഷകളില്‍ നിന്നുള്ള നാടകങ്ങളെ പിന്തള്ളി മധു സംവിധാനം ചെയ്ത ‘മെഴുകുതിരി’ എന്ന നാടകം മികച്ചതായി. അടൂര്‍ ഭാസിയുമായുണ്ടായിരുന്ന അടുപ്പമാണ് മധുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അടൂര്‍ ഭാസിയാണ് രാമുകാര്യാട്ടിനെ പരിചയപ്പെടുത്തുന്നത്. പുതിയ സിനിമയില്‍ കാര്യാട്ട് വേഷം നല്‍കാമെന്ന് പറഞ്ഞു. മദിരാശിയില്‍ ചന്ദ്രതാര സ്റ്റുഡിയോയില്‍ മെയ്ക്കപ്പ് ടെസ്റ്റ് ചെയ്തു. ആ സമയത്താണ് ‘നിണമണിഞ്ഞ കാല്പാടുക’ളുടെ ചിത്രീകരണം മദിരാശിയില്‍ നടക്കുന്നത്. നിര്‍മ്മാതാവ് ശോഭനാ പരമേശ്വരന്‍നായര്‍ ആ ചിത്രത്തിലേക്ക് ക്ഷണിച്ചു. അത് ആദ്യ സിനിമയായി. പാറപ്പുറത്തിന്റെ സാഹിത്യ സൃഷ്ടിയായിരുന്നു ‘നിണമണിഞ്ഞ കാല്പാടുകള്’. ശത്രു സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുന്ന സ്റ്റീഫന്‍ എന്ന കഥാപാത്രമായാണ് മധു അഭിനയിച്ചത്. നസീറിന്റെ കൂട്ടുകാരനായ പട്ടാളക്കാരനായി ഏതാനും രംഗങ്ങളില്‍ മാത്രം. സത്യനു വേണ്ടി കരുതിവച്ച റോളിലായിരുന്നു അരങ്ങേറ്റം.
മധുവിന്റെ രംഗപ്രവേശത്തോടെ മലയാള സിനിമാചരിത്രം മധുവിന്റെ തന്നെ ചരിത്രമായി. നടനെന്ന നിലയില്‍ മാത്രമല്ല, നിര്‍മ്മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി അദ്ദേഹം തിളങ്ങി. മലയാള സിനിമ, സാഹിത്യത്തിനൊപ്പം നിന്ന കാലത്ത് സിനിമയില്‍ സജീവമാകാന്‍ കഴിഞ്ഞതിന്റെ ഗുണം അദ്ദേഹത്തിനേറെ ലഭിച്ചു. തകഴി, ബഷീര്‍, എംടി, പത്മരാജന്, സി.രാധാകൃഷ്ണന്, ജി.വിവേകാനന്ദന് എന്നിവരുടെയെല്ലാം സാഹിത്യ സൃഷ്ടികള്‍ ചലച്ചിത്രങ്ങളായപ്പോള്‍ അതില്‍ പ്രധാനവേഷം ചെയ്യാന്‍ കഴിഞ്ഞു.
ചെമ്മീനിലെ പരീക്കുട്ടിയുള്‍പ്പടെ പ്രധാനപ്പെട്ട നിരവധി കഥാപാത്രങ്ങള്‍ മധുവിലൂടെ ജീവന് വച്ചു. മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ ചിത്രമെന്ന ഖ്യാതി നേടിയ, എ. വിന്‍സന്റ് സംവിധാനം ചെയ്ത ‘ഭാര്‍ഗവീനിലയ’ത്തിലെ മുഖ്യവേഷത്തിലെത്തിയതും മധുവാണ്. മലയാള സിനിമയെ പൂര്‍ണമായും ഔട്ട്ഡോര്‍ ഷൂട്ടിങ്ങിന്റെ മനോഹാരിത പഠിപ്പിച്ച പി.എന്‍.മേനോന്റെ ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ നായകവേഷവും മധുവിനു ലഭിച്ചു. മലയാള സിനിമയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവര’ത്തിലും മധുവിനെ അല്ലാതെ മറ്റൊരാളെ നായകനാക്കാന്‍ അടൂരിനും തോന്നിയില്ല. യുദ്ധകാണ്ഡത്തിലെ പ്രസാദ്, തീക്കനലിലെ വിനോദ്, ഇതാ ഒരു മനുഷ്യനിലെ മധുസൂദനന്, വെള്ളത്തിലെ മാത്തുണ്ണി, ഹൃദയം ഒരു ക്ഷേത്രത്തിലെ ഡോ. രമേഷ്…..അങ്ങനെ നീളുന്ന പട്ടിക ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ മുത്തച്ഛനില്വരെ എത്തിനില്‍ക്കുന്നു.
അഭിനേതാവെന്ന നിലയില്‍ തിരക്കും പ്രശസ്തിയുമുള്ള കാലത്തു തന്നെയാണ് സംവിധായകനായും മധു മാറുന്നത്. പ്രിയ ആയിരുന്നു ആദ്യ ചിത്രം. സി.രാധാകൃഷ്ണന്റെ തേവിടിശ്ശി നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രിയ എടുത്തത്. ചിത്രത്തില്‍ നെഗറ്റീവ് ഇമേജുള്ള ഗോപന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തന്റെ ഇമേജ് മാറ്റിമറിക്കുകയും ചെയ്തു അദ്ദേഹം. 1970ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ഈ സിനിമയ്ക്കായിരുന്നു. യൂസഫലി കേച്ചേരി തിരക്കഥയെഴുതി നിര്‍മ്മിച്ച സിന്ദൂരച്ചെപ്പാണ് രണ്ടാമത്തെ സംവിധാന സംരംഭം. 1971 ലെമികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി. 12 ചിത്രങ്ങള്‍ മധു സംവിധാനം ചെയതു. മിക്കതും പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളായിരുന്നു. ജി.ശങ്കരപ്പിള്ളയുടെ ‘പൂജാമുറി’യെന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു സതി സിനിമ. കൈനിക്കര കുമാരപിള്ളയുടെ ‘മാതൃകാമനുഷ്യന്’ നാടകം ‘മാന്യശ്രീ വിശ്വാമിത്രന്’ എന്ന പേരിലും ഒഎന്‍വി കുറുപ്പിന്റെ ‘നീലക്കണ്ണുകള്’ ഖണ്ഡകാവ്യം അതേപേരിലും പി.ആര്.ചന്ദ്രന്റെ രണ്ടു നാടകങ്ങള്‍ ‘അക്കല്ദാമ’, ‘കാമം ക്രോധം മോഹം’ എന്നീ പേരുകളിലും ചേരിയുടെ തിരക്കഥയില്‍ ‘ധീരസമീരേ യമുനാ തീരേ’യും ജി.വിവേകാനന്ദന്റെ ‘ഇലകൊഴിഞ്ഞ മരം’ എന്ന നോവല്‍ ‘ഒരു യുഗസന്ധ്യ’ എന്ന പേരിലും സുലോചനാ റാണിയുടെ തെലുങ്ക് നോവല്‍ ‘ആരാധന’ എന്നപേരിലും കൂടാതെ ‘തീക്കനല്‍’, ‘ഉദയം പടിഞ്ഞാറ്’ എന്നിവയുമാണ് മധുവിന്റെ സിനിമകള്‍. സാഹിത്യകാരന് ജോര്‍ജ്ജ് ഓണക്കൂറിനെ തിരക്കഥാകൃത്താക്കിയതും മധുവാണ്. ‘ആരാധന’യ്ക്ക് തിരക്കഥയൊരുക്കിയത് ഓണക്കൂറാണ്. മധുവിന്റെ സംവിധാനത്തില്‍ പുറത്തു വന്ന ഏറ്റവും അധികം സാമ്പത്തിക വിജയം നേടിയ ചിത്രം ‘തീക്കന’ലാണ്. ‘സതി’ എന്ന ചിത്രത്തിലൂടെയാണ് മധു നിര്‍മ്മാതാവാകുന്നത്. 1972 ലായിരുന്നു അത്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു.
ആറ് അന്യഭാഷാ ചിത്രങ്ങളില്‍ മധു അഭിനയിച്ചു. മൂന്ന് ഹിന്ദി ചിത്രങ്ങളും മൂന്ന് തമിഴും. പ്രശസ്ത സാഹിത്യകാരന് കെ.എ.അബ്ബാസ് സംവിധാനം ചെയ്ത ‘സാത് ഹിന്ദുസ്ഥാനി’യാണ് അതില്‍ പ്രധാനം. അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമാണത്. ചിത്രത്തിന്റെ ടൈറ്റില്‍ കാണിക്കുമ്പോള്‍ ആദ്യപേര് മധുവിന്റെതായിരുന്നു. ബ്രിജ് എന്ന സംവിധായകന്റെ ‘മേരെ സജ്ന’ എന്ന ചിത്രമാണ് രണ്ടാമത്തെ ഹിന്ദി ചിത്രം. ചിത്രീകരണം നീണ്ടപ്പോള്‍ മധു ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയെങ്കിലും ചിത്രീകരിച്ച ഭാഗങ്ങള്‍ സംവിധായകന് ഉള്‍പ്പെടുത്തുകയായിരുന്നു. സാജ്പരഞ്ജ് പൈ സംവിധാനം ചെയ്ത ‘ഛാഡുബാബ’യിലാണ് വീണ്ടും അഭിനയിച്ചത്. എ.സി. ത്രിലോക് സംവിധാനം ചെയ്ത ഭാരത് വിലാസ് എന്ന തമിഴ് ചിത്രത്തില്‍ സിനിമാ നടന് മധുവായി തന്നെ അദ്ദേഹം കഥാപാത്രമായി. രാജശേഖര്‍ സംവിധാനം ചെയ്ത ധര്‍മ്മദുരൈയില്‍ രജനികാന്തിനൊപ്പമായിരുന്നു അഭിനയം. സൂപ്പര്‍ ഹിറ്റായ സിനിമയില്‍ രജനിയുടെ അച്ഛനായാണ് മധു എത്തിയത്. ശിവാജിഗണേശനായിരുന്നു ഈ വേഷത്തിലെത്തേണ്ടിയിരുന്നത്. ‘ഒരു പെണ് പയ്യന്’ എന്ന ചിത്രത്തില്‍ ഭാനുപ്രിയയുടെ അച്ഛനായും വേഷമിട്ടു.
മധുവിന്റെ തൊണ്ണൂറാംപിറന്നാള്‍ ആഘോഷമാക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ ഒത്തുചേരുന്നുണ്ട്. മലയാള സിനിമയെ കുറിച്ച് തലമുറകളുടെ പാഠപുസ്തകമാണ് മധു. ജ്യോത്സ്യന് എഴുപതില്‍ പറഞ്ഞവസാനിപ്പിച്ച ആ മഹാകലാകരന്റെ ജീവിതത്തിന് ഇനിയും നീളമേറെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: