അതീവ രഹസ്യമായ വിവരങ്ങള്‍ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. പോലീസിലെ എസ്‌ഐടി ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വ്യക്തിഗത വിവരങ്ങള്‍ പിഎഫ്‌ഐ ഭീകരനായ താരിഫ് റഹ്മാന് കൈമാറിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം സൈബര്‍ പോലീസ് എസ്‌ഐ: പി.എസ്. റിജുമോനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് സ്വാധീനമുള്ള കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ഇയാള്‍ക്ക് അടുത്തിടെ ചെന്നൈയില്‍നിന്ന് എന്‍ഐഎയുടെ പിടിയിലായ പിഎഫ്‌ഐ ഭീകരരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്കുള്ള പരീക്ഷ പാസ്സായിട്ടും അതില്‍ പ്രവേശിക്കാതെ ഈ പോലീസ് ഉദ്യോഗസ്ഥന്‍ സൈബര്‍ സെല്ലില്‍ തുടര്‍ന്നത് ഭീകരര്‍ക്ക് രഹസ്യം ചോര്‍ത്താന്‍ വേണ്ടിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനു മുന്‍പും പിഎഫ്‌ഐ ഭീകരര്‍ക്ക് വിവരം ചോര്‍ത്തിയതിന്റെ പേരില്‍ പോലീസുദ്യോഗസ്ഥര്‍ നടപടി നേരിട്ടുണ്ട്. തൊടുപുഴയിലെ സംഘപരിവാര്‍ നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് അനസ് എന്ന പോലീസുദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് നീക്കിയിരുന്നു. കൊല്ലത്തെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഇസ്ലാമിക ഭീകരസംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടപടി നേരിടുകയുണ്ടായി.
പച്ച വെളിച്ചം എന്ന പേരില്‍ പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളോട് അനുഭാവം പുലര്‍ത്തുന്ന ഒരു കൂട്ടായ്മ പോലീസില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പല വിവരങ്ങളും പുറത്തുവന്നതാണ്. 800ലേറെ പോലീസുകാര്‍ക്ക് ഇത്തരം ബന്ധമുള്ളതായി എന്‍ഐഎ അന്വേഷിച്ച് കണ്ടെത്തുകയുണ്ടായി. പിഎഫ്‌ഐ നേതൃത്വവുമായി പലനിലകളില്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണെന്ന് മനസ്സിലാക്കിയ എന്‍ഐഎ ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം കേരള പോലീസ് ഔദ്യോഗികമായി നിഷേധിക്കുകയാണുണ്ടായത്. അതേസമയം പിഎഫ്‌ഐയുമായി ബന്ധം സ്ഥാപിച്ച കാലടി പോലീസ് സ്റ്റേഷനിലെ സിയാദ് എന്ന പോലീസുദ്യോഗസ്ഥനെ ഇതേ ദിവസം തന്നെ സസ്‌പെന്‍ഡു ചെയ്യുകയുണ്ടായി. പിഎഫ്‌ഐയുടെ മിന്നല്‍ ഹര്‍ത്താലില്‍ പെരുമ്പാവൂരിലെ കെഎസ്ആര്‍ടിസി ബസുകള്‍ അടിച്ചുതകര്‍ത്ത തീവ്രവാദികളെ സഹായിക്കുകയായിരുന്നു ഇയാള്‍. അറസ്റ്റിലായ മൂന്ന് പിഎഫ്‌ഐ ഭീകരവാദികളെ വിട്ടയയ്‌ക്കാന്‍ പെരുമ്പാവൂര്‍ പോലീസിനെ സ്വാധീനിക്കുകയും ചെയ്തു. എന്‍ഐഎ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ പിഎഫ്‌ഐയുമായി നിരന്തരമായ ബന്ധം പുലര്‍ത്തുന്നയാളാണ് ഇയാളെന്ന് തിരിച്ചറിയുകയുണ്ടായി. ‘പച്ചവെളിച്ച’ത്തില്‍പ്പെടുന്ന പോലീസുദ്യോഗസ്ഥര്‍ പിഎഫ്‌ഐയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നവരാണെന്ന് ഇതോടെ വ്യക്തമായി.
കേരളത്തില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെയൊരു പോലീസ്-ഭീകരബന്ധം നിലനില്‍ക്കുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ-ഭരണ പിന്തുണയാണ് ഇതിനു കാരണം. കാലങ്ങളായി സംഭവിക്കുന്നതും കണ്ടുപിടിച്ചാല്‍ തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്നും, ചെറിയ അച്ചടക്ക നടപടി നേരിട്ടാലും ആത്യന്തികമായി തങ്ങളെ രക്ഷിക്കാന്‍ ആളുണ്ടെന്നുമുള്ള ഉറച്ച വിശ്വാസമാണ് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത്തരം പോലീസുകാരെ പ്രേരിപ്പിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന പോലീസ് മേധാവികളും ഭീകരാഭിമുഖ്യമുള്ള പോലീസുകാരോട് മൃദുസമീപനം പുലര്‍ത്തുകയാണ്. ഭീകരബന്ധത്തിന്റെ പേരില്‍ പോലീസുകാര്‍ നടപടി നേരിടുന്നതിന്റെ വിവരങ്ങള്‍ പോലും പുറത്തുവിടാതിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. തൊടുപുഴയില്‍ ഭീകരവാദ സംഘടനയ്‌ക്ക് രഹസ്യവിവരം ചോര്‍ത്തിയതില്‍നിന്ന് മറ്റൊന്നുകൂടി പുറത്തുവരികയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരിക്കുകയാണെങ്കിലും ഇക്കൂട്ടരുടെ പ്രവര്‍ത്തനം ശക്തമായ നിലയില്‍ നടക്കുന്നുണ്ട്. പോലീസുകാരുടെ പോലും സഹായത്തോടെ ഈ ഭീകരര്‍ ഇപ്പോഴും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നാണ് മനസ്സിലാവുന്നത്. കേരളാ പോലീസിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്‍ഐഎ അതീവ ജാഗ്രതയോടെ തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: