ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസിന്റെ പുത്തന്‍ പതിപ്പിന് ഇന്ന് ഔദ്യോഗിക തുടക്കം. ഗെയിംസിന്റെ 19-ാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുന്നത് ചൈനീസ് നഗരമായ ഹാങ്‌ചോയില്‍ ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് അഞ്ചരയ്‌ക്കാണ്.
ബിഗ് ലോട്ടസ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ ദി ഹാങ്‌ചോ ഒളിംപിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. 80,000 കാണികളെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഈ സ്റ്റേഡിയമാണ് ഇത്തവണത്തെ പ്രധാന വേദി.
ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഡിജിറ്റല്‍ ദീപം തെളിയിച്ചുകൊണ്ടായിരിക്കും ഇത്തവണത്തെ ഉദ്ഘാടനം. സ്റ്റേഡിയത്തിലെത്തുചേരുന്ന ജനക്കൂട്ടത്തില്‍ നിന്നുള്ള മൊബൈല്‍ ടോര്‍ച്ച് വെളിച്ചത്തെയാകെ സംയോജിപ്പിച്ച് ഡിജിറ്റല്‍ ഫ്‌ളെയിംസ് ഒരുക്കുന്ന സാങ്കേതിക വിദ്യയും ഇന്ന് പരീക്ഷിക്കപ്പെടും.
ചൈനീസ് പാരമ്പര്യ തനിമ നിലനിര്‍ത്തിക്കൊണ്ട് ആധുനിക രീതിയിലുള്ള ആഘോഷ പരിപാടികളാണ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെയും പരിസ്ഥിതി സൗഹാര്‍ദ സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ഉദ്ഘാടനം കൊഴുപ്പിക്കാന്‍ ഒരുക്കിയിട്ടുള്ളത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ചടങ്ങിനെത്തും. കംബോഡിയന്‍ രാജാവ് നോരോദോം സിഹാമോനി, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദ്, ഹോങ്കോങ് ലീഡര്‍ ജോണ്‍ ലീ ഖാചിയു കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ഡക്ക്‌സൂ തുടങ്ങിയ രാഷ്‌ട്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
ഭാരത പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും വനിതാ ബോക്‌സിങ് താരം ലൗലീന ബോര്‍ഗോഹെയ്‌നും ഉദ്ഘാടന ചടങ്ങില്‍ ഭാരതത്തിന്റെ ദേശീയ പതാക വാഹകരാകും. 2018ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ടോക്കിയോ ഒളിംപിക് സ്വര്‍ണ ജേതാവ് നീരജ് ചോപ്രയാണ് ദേശീയ പതാക വഹിച്ചത്.
45 രാജ്യങ്ങളില്‍ നിന്നും 11,970 താരങ്ങളാണ് ഇക്കുറി ഹാങ്‌ചോയില്‍ മാറ്റുരയ്‌ക്കുന്നത്. താര പങ്കാളിത്തത്തില്‍ ഗെയിംസിന്റെ സര്‍വ്വകാല റിക്കാര്‍ഡ് ആണിത്. ഇവന്റില്‍ ഭാരതത്തിനായി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ താരങ്ങളാണ് ഇക്കുറി കളിക്കളത്തിലിറങ്ങുന്നത്.
എല്ലാ ഇനത്തിലും കൂടി 655 പേര്‍. 39 ഇനങ്ങളിലായി മത്സരിക്കുന്ന ഇവര്‍ക്കൊപ്പം പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമായി 260 പേര്‍ കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: