പനജി (ഗോവ): ജാതിമത വിവേചനങ്ങള്‍ക്ക് അതീതമായി സാമൂഹ്യ നവോത്ഥാനം ലക്ഷ്യംവച്ച് ത്യാഗോജ്വലമായി പ്രവര്‍ത്തിച്ച അല്‍വാറിസ് മാര്‍ യൂലിയോസിന്റ സ്മരണ പ്രചോദനമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ.് ശ്രീധരന്‍പിള്ള. അല്‍വാറിസ് മാര്‍ യൂലിയോസിന്റ കബറിടം സ്ഥിതിചെയ്യുന്ന റിബന്തര്‍ സെ. മേരിസ് ദേവാലയത്തില്‍ ചേര്‍ന്ന ചരമശതാബ്ദി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവഗണിക്കപ്പെട്ടവരുടെയും ആലംബഹീനരുടെയും പക്ഷം ചേര്‍ന്ന് അല്‍വാറിസ് മാര്‍ യൂലിയോസ് നടത്തിയ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും സമൂഹത്തില്‍ പ്രകാശം പരത്തി എന്ന് ഗോവ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. വിപരീതമായ സാഹചര്യങ്ങളില്‍ സാക്ഷ്യ ജീവിതം നയിച്ച അദ്ദേഹം ബഹുമുഖ പ്രതിഭയായിരുന്നെന്ന് പരിശുദ്ധ കാതോലിക്കാ ബാവ അനുസ്മരിച്ചു.
അല്‍വാറിസ് മാര്‍ യൂലിയോസ് അവാര്‍ഡ് സിസ്റ്റര്‍ ദയാ ഭായിക്ക് പരിശുദ്ധ കാതോലിക്കാ ബാവ സമ്മാനിച്ചു. ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഏലിയാസ് അധ്യക്ഷനായിരുന്നു. ബോംബെ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അനുസ്മരണ പ്രഭാഷണം നടത്തി. മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. മരിയാനോ ഡിക്കോസ്റ്റാ, വികാരി ഫാ. വര്‍ഗീസ് ഫീലിപ്പോസ്, കണ്‍വീനര്‍ റൈജു അലക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.
ജോഷ്വാ മാര്‍ നിക്കോദിമോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: