കൊച്ചി: ഇ ഡിക്ക് പിന്നാലെ പോലീസിനെ വിട്ടു ഭീഷണിപ്പെടുത്തുന്നത്, സഹകരണ ബാങ്ക് കുംഭകോണത്തില്‍ പ്രതികളോടൊപ്പമാണ് സിപിഎം എന്നു വ്യക്തമാക്കുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
ഇ ഡി അന്വേഷണം മറ്റു സഹകരണ ബാങ്കുകളിലേക്കും മറ്റു ജില്ലകളിലേക്കും വ്യാപിക്കാതിരിക്കാനാണ് ഈ ശ്രമം. സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുകയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. തീവ്രവാദ ബന്ധമുള്ള സംഘടനകളുടെ കള്ളപ്പണമുള്‍പ്പെടെ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളിലുടെയാണ് തീവ്രവാദ സംഘടനകളുടെ നേതാക്കള്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. ബിജെപി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കോടികളുടെ കുംഭകോണം നടന്നിട്ട് ചെറിയ തുകയുടേതാണെന്നാണ് മന്ത്രി പറയുന്നത്. 100ലധികം സഹകരണ ബാങ്കുകളിലായി 5000 കോടിയിലേറെ രൂപയുടെ കുംഭകോണം നടന്നിട്ടുണ്ടെന്നും ഇതെങ്ങനെ ചെറിയ തുകയാകുന്നമെന്നും അദ്ദേഹം ചോദിച്ചു. ഐഎന്‍ഡിഐഎയിലെ ഘടകക്ഷികളായതിനാലാണ് കോണ്‍ഗ്രസ് കുഭകോണത്തിനെതിരെ രംഗത്ത് വരാത്തത്.
40 കൊല്ലമായി സഹകരണ ബാങ്കുകളില്‍ ഓഡിറ്റിങ് നടത്തുന്നത് ഒരേവിഭാഗം ആളുകളാണ്. അവര്‍ അഴിമതികളെ മൂടിവയ്ക്കുകയാണ്. ഏതൊക്കെ ബാങ്കുകളിലാണ് അന്വേഷണം നടക്കുന്നത് എന്നതിനെകുറിച്ച് ധവളപത്രം ഇറക്കണമെന്ന് ബിജെപി ആവശപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
സഹകരണ കുംഭകോണത്തിനെതിരെ ബിജെപി പ്രക്ഷോഭങ്ങളും പോരാട്ടവും നടത്തും. കേരളത്തിലുടനീളം സഹകരണ അദാലത്തുകള്‍ നടത്തുകയാണിപ്പോള്‍.
കേന്ദ്രസര്‍ക്കാരും ഇ ഡിയും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും സിപിഎം നേതാക്കളുടെ ജയില്‍ യാത്രയാണ് കാണാന്‍ പോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എല്‍. ജയിംസ്, ജില്ലാ ട്രഷറര്‍ ശ്രീക്കുട്ടന് തുണ്ടത്തില്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: