തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫഌഗ് ഓഫ് ഞായറാഴ്ച ഉച്ചയ്‌ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. സംസ്ഥാനത്തെ ചടങ്ങുകള്‍ കാസര്‍കോഡ് റെയില്‍വേ സ്‌റ്റേഷനില്‍ നടക്കും. പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വെ മാനേജര്‍മാരും കാസര്‍കോട്ടെ എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താനും റെയില്‍വെ ചുമതലയുള്ള സംസ്ഥാന മന്ത്രി അബ്ദുറഹിമാനും പങ്കെടുക്കും.
രണ്ടാം വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. രാവിലെ 7ന് കാസര്‍കോടു നിന്ന് പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് പുതിയ സര്‍വീസിന്റെ സമയക്രമം റെയില്‍വേ പ്രഖ്യാപിച്ചു. രാവിലെ 7ന് കാസര്‍കോടുനിന്ന് പുറപ്പെടും. വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05 ന് ആരംഭിച്ച് രാത്രി 11.58 ന് കാസര്‍കോട്ടെത്തും. തിരൂരിലും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും ചൊവ്വാഴ്ച കാസര്‍കോട്ടു നിന്നും സര്‍വ്വീസ് ഉണ്ടാകില്ല.
ഞായറാഴ്ച സ്‌പെഷല്‍ സര്‍വീസ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് റെഗുലര്‍ സര്‍വ്വീസ് ആരംഭിക്കും. കാസര്‍കോട് നിന്നുള്ള റെഗുലര്‍ സര്‍വ്വീസ് ബുധനാഴ്ചയായിരിക്കും. ടിക്കറ്റ് നിരക്ക് നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കും. അതോടൊപ്പം മുന്‍കൂര്‍ ടിക്കറ്റ് റിസര്‍വേഷനും ആരംഭിക്കും.
ഒന്‍പത് പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിലേതു കൂടാതെ തിരുനല്‍വേലി-ചെന്നൈ, ഇന്‍ഡോര്‍-ജയ്പൂര്‍, പാട്‌ന-ഹൗറ, ചെന്നൈ-ഹൈദരാബാദ്, പുരി-റൂര്‍ക്കല, ജയ്പൂര്‍- ചണ്ഡീഗഡ്, ജാം നഗര്‍-അഹമ്മദാബാദ്. ജയ്പൂര്‍-ഉദയ്പൂര്‍ സര്‍വ്വീസുകളും പ്രധാനമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.
വന്ദേഭാരതിന് തിരൂരില്‍ സ്‌റ്റോപ്പ്
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചതായി മുതിര്‍ന്ന ബിജെപിനേതാവ് പി.കെ. കൃഷ്ണദാസ് അറിയിച്ചു.
താന്‍ ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന സമയത്ത് തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ പാസഞ്ചേഴ്‌സ് അസോസിയേഷനില്‍ നിന്നും വന്ദേ ഭാരത എക്‌സ്പ്രസിന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് നിവേദനം നല്കിയിരുന്നു, നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സ്‌റ്റോപ്പ് അനുവദിച്ചത്. അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: