കോഴിക്കോട് : ഉന്നത സി പി എം നേതാക്കള്‍ നടത്തിയ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സ്വയം പരിഹാസ്യനാവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
പാവപ്പെട്ടവരുടെ പണം സിപിഎം നേതാക്കള്‍ തട്ടിയെടുത്തതും 500 കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതും ഗോവിന്ദന് ന്യായീകരിക്കുന്നു. കുറ്റവാളികള്‍ കുടുങ്ങുമെന്നായപ്പോള്‍ പതിവ് പോലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും സര്‍ക്കാരും ഇഡിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഇ ഡി ഉദ്യോഗസ്ഥര്‍ മര്ദ്ദിച്ചെന്നുളള ആരോപണം സിപിഎം തിരക്കഥയുടെ ഭാഗമാണ്. കരുവന്നൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തിയെന്നാണ് ഗോവിന്ദന് പറയുന്നത്. തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനുമാണ് സര്‍ക്കാര്‍ അന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് ശ്രമിച്ചത് കേസ് അട്ടിമറിക്കാനാണന്നെും സുരേന്ദ്രന് കുറ്റപ്പെടുത്തി.
സിപിഐ ബോര്‍ഡ് മെമ്പര്‍മാര്‍ക്ക് വരെ ഇഡി അന്വേഷണം ആവശ്യപ്പെടേണ്ടി വന്നത് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വരെ തട്ടിപ്പുകാര്ക്കൊപ്പമായതിനാലാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. നേരത്തേ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തൈയും വേട്ടയാടുകയാണെന്ന തരത്തിലാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചത്.
സഹകരണ മേഖലയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും ഗോവിന്ദന് ആരോപിച്ചു. ഉത്തരേന്ത്യയില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയാണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: