ന്യൂദല്‍ഹി : വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ക്കു പിന്നിലെ ഗൂഢലക്ഷ്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. എല്ലാ നിയമങ്ങളും സുതാര്യമായും കുറ്റമറ്റ രീതിയിലും വ്യക്തതയോടെയും നടപ്പാക്കണമെന്ന് നിര്‍ബന്ധമുള്ളയാളാണ് പ്രധാനമന്ത്രിയെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വനിതാ സംവരണ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സമീപനവും പ്രസ്താവനകളും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതിനു മാത്രമേ സാധിക്കൂ.
വനിതാ സംവരണമെന്ന ആശയത്തെ ഭരണഘടനാപരമായി നിലനില്ക്കുന്നതും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതുമായ തരത്തില്‍ സര്‍വസമ്മതമായ നിയമനിര്‍മ്മാണം ഉറപ്പാക്കുകയെന്ന രീതിയാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. എന്നാല്‍ ചര്‍ച്ച നടന്നപ്പോഴെല്ലാം അതിന്റെ ദിശ മാറ്റിവിടുകയെന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
ബില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടണമെന്നും അപ്പോള്‍ ഭരണഘടനാപരമായി ശരിയല്ലാത്തതിനാല്‍ ബില്‍ പുനഃപരിശോധിക്കപ്പെടണമെന്നും ചില കോടതികളെങ്കിലും പറഞ്ഞുകേള്‍ക്കാനാണ് കോണ്‍ഗ്രസ്് ആഗ്രഹിച്ചത്. അത് സാക്ഷാത്കരിക്കാനായി ജനസംഖ്യാനുപാതിക മണ്ഡലപുനര്‍നിര്‍ണയം മുതലായ ഭരണഘടന അനുശാസിക്കുന്ന നടപടികള്‍ ഒഴിവാക്കി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുക, തുടര്‍ന്ന് ഒരു പൊതുതാല്പര്യ ഹര്‍ജി നല്‍കുക എന്നതായിരുന്നു തന്ത്രം.
വനിതകള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കി രാഷ്ട്രീയമായും ശാക്തീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞതിന്റെ പരിണതഫലമാണ് വനിതാ സംവരണ ബില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രി മുന്‍കൈ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: