ന്യൂദല്‍ഹി: നാരീശക്തി വന്ദന്‍ അധീനം അല്ലെങ്കില്‍ വനിതാ സംവരണ ബില്‍ സാധാരണ നിയമമല്ലെന്നും നവ ഇന്ത്യയുടെ പുതിയ ജനാധിപത്യ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്ത് ഇന്ന് നടന്ന നാരീശക്തി വന്ദന്‍-അഭിനന്ദന്‍ പരിപാടിയെ അഭിസംബോധന ചെയ്യവെ പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസായതിന് രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും മോദി അഭിവാദ്യം അര്‍പ്പിച്ചു.
ഈ തീരുമാനം വരും തലമുറകള്‍ ആഘോഷിക്കുമെന്നും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ചരിത്രപരമായ ബില്‍ പാസാക്കിയതിന് ഇരുസഭകള്‍ക്കും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും എംപിമാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈ ബില്‍ പാസാക്കുന്നതിന് നേരത്തേ ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ലെന്നും എന്നാല്‍ എല്ലാവരും അധരവ്യായാമം ആണ് നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ശക്തവും ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ആവശ്യമാണെന്നതിന്റെ സൂചനയാണ് ഈ ബില്‍ പാസായതിലൂടെ അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് പതിറ്റാണ്ടുകള്‍ പഴക്കമുള്ള തടസങ്ങള്‍ പരിഹരിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ നല്ല ഉദ്ദേശ്യത്തോടെയും സുതാര്യതയോടെയും മികച്ച ഫലങ്ങള്‍ ഉറപ്പാക്കാനാകുമെന്നും മോദി എടുത്തുപറഞ്ഞു.
സ്ത്രീ ശാക്തീകരണത്തില്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി എടുത്തുകാട്ടി. മാതൃ വന്ദന യോജനയിലൂടെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് പണം ലഭ്യമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. മാതൃമരണ നിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍ ശിശുഹത്യ തടയുന്നതിനും രാജ്യത്തിന്റെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിനും ബേട്ടി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ പ്രാധാന്യവും മോദി അടിവരയിട്ടു.
സ്ത്രീശാക്തീകരണത്തില്‍ ഊന്നിയുള്ള ഈ തീരുമാനങ്ങള്‍ ഇന്ത്യയില്‍ മാറ്റത്തിന് വഴിവെക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: