കോഴിക്കോട്: താമരശ്ശേരി താലൂക്ക് ഓഫീസില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. കോടഞ്ചേരി വില്ലേജിലെ വിവാദ നോളജ് സിറ്റിയുടെ നിര്‍മാണം അനധികൃതമാണെന്നും ഗുരുതര ചട്ടലംഘനമാണ് നടന്നതെന്നും കണ്ടെത്തല്‍. ബിനാമി പേരുകളില്‍ 20 കെട്ടിടങ്ങള്‍ അനധികൃതമായാണ് പണിതതെന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 1964ലെ ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് നോളജ് സിറ്റിയിലെ വന്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ചത്.
റീ സര്‍വേ നമ്പര്‍ 15/1 ല്‍ ഉള്‍പ്പെട്ട ഭൂമിയുടെ പാട്ടക്കാലാവധി 1984ല്‍ അവസാനിച്ചെന്നും നിലവിലെ കൈവശക്കാരന് കുടികിടപ്പവകാശമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മേല്‍ റീ സര്‍വേ നമ്പറില്‍ പത്ത് കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും കെട്ടിടനമ്പര്‍ അനുവദിച്ചെന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ടെങ്കിലും നേരില്‍ പരിശോധിച്ചപ്പോള്‍ അനധികൃതമായി ഇരുപത് കെട്ടിടങ്ങള്‍ പണിതിട്ടുണ്ടെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച രേഖകള്‍ പഞ്ചായത്ത് അധികൃതര്‍ മറച്ചുവയ്ക്കുകയായിരുന്നു.
2017 ഫെബ്രുവരി ഒന്നിന് ക്ലിഫ് വെയ്ല് എംഡി ഇ. മൊയ്തീന്‍കോയക്ക് 144807.81 ചതുരശ്ര വിസ്തീര്‍ണമുള്ള കെട്ടിടത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നിര്‍മാണാനുമതിക്കായി ആരും അപേക്ഷ നല്‍കിയിട്ടില്ലെന്നും കണ്ടെത്തി. തോട്ടഭൂമിയില്‍ പണിയുന്ന കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നത് സംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡ് നല്കിയ നിര്‍ദേശങ്ങള്‍ ലംഘിച്ചതായും അനധികൃത നിര്‍മാണങ്ങള്‍ക്ക് വൈദ്യുതാനുമതി നല്‍കിയതായും പഞ്ചായത്ത് ഇക്കാര്യത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കാണിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രദേശത്തുള്ള പോത്തുണ്ടിപ്പുഴയും കൈത്തോടുകളും മണ്ണിട്ട് നികത്തിയാണ് പാലങ്ങളും റോഡുകളും നിര്‍മിച്ചത്. അധികൃതരില്‍ നിന്നും അനുമതി വാങ്ങാതെയാണ് ഇത്തരം നിര്‍മാണങ്ങള്‍ നടന്നത്. 2018-19ലെ വെള്ളപ്പൊക്കത്തിന് ഇത് കാരണമായെന്നും പരിശോധനയില്‍ കണ്ടെത്തി. മറ്റു ക്രമക്കേടുകളും ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: