ഗാന്ധിനഗര്‍: സ്വകാര്യ ബസ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം മെഡിക്കല്‍ കോളേജ് ആശുപത്രി താല്കാലിക ജീവനക്കാരന് ജീവന് തിരിച്ചു കിട്ടി. വെള്ളൂര്‍ ഇറുമ്പയം തൊഴിത്തിങ്കല്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി (52)യാണ് ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും ഇടപെടലിലൂടെ മരണമുഖത്തു നിന്നും രക്ഷപ്പെട്ടത്.
വെള്ളൂര്‍ സ്വദേശിയായ ഇദ്ദേഹം സ്ഥിരമായി വെള്ളൂര്‍ കോട്ടയം റൂട്ടിലോടുന്ന ജോര്‍ജ്ജ് കുട്ടീസ് എന്ന സ്വകാര്യ ബസിലാണ് മെഡിക്കല്‍ കോളജിലേയ്ക്ക് യാത്ര ചെയ്യുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7.20ന് ഇദ്ദേഹം വെള്ളൂര്‍ പോലീസ് സ്റ്റേഷനു സമീപത്തുള്ള സ്റ്റോപ്പില്‍ നിന്നും കയറി.
ബസ് അതിരമ്പുഴ ഭാഗത്തെത്തിയപ്പോള്‍ ഇയാള്‍ ബസ്സിനുള്ളില്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് കണ്ടക്ടറും സഹയാത്രികരും ചേര്‍ന്ന് താങ്ങിയെടുത്ത് സീറ്റിലിരുത്തി. തുടര്‍ന്ന് വെള്ളം കൊടുക്കുവാന്‍ ശ്രമിച്ചെങ്കിലും ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളം കുടിപ്പിക്കുവാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്താതെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് രോഗിയെ എത്തിക്കുകയായിരുന്നു.
കൃത്യസമയത്തു തന്നെ രോഗിയെ ആശുപത്രിയില്‍ എത്തിക്കാനായതാണ് ഇയാള്‍ക്ക് ജീവന് തിരിച്ചു കിട്ടിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോകടര്‍മാരും ജീവനക്കാരും ബസ് ഡ്രൈവറായ വൈക്കം സ്വദേശി സൂര്യയെയും, കണ്ടക്ടര്‍ ജെയിനെയും സഹയാത്രികരെയും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: