ബെംഗളൂരു: ബെംഗളൂരു-ഹൈദരാബാദ് യാത്രകള്‍ക്ക് ഗതിവേഗം കൂട്ടുന്ന വന്ദേഭാരത് ട്രെയിനിന്റെ ട്രയല്‍ റണ്‍ നടന്നു. സെപ്തംബര്‍ 24 മുതല്‍ ഈ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് വിവരം. 610 കിലോമീറ്റര്‍ വരുന്ന ദൂരം എട്ടര മണിക്കൂര്‍ കൊണ്ട് ഈ ട്രെയിന്‍ ഓടിയെത്തും. വ്യാഴാഴ്ച രാവിലെ അഞ്ചര മണിക്ക് ഹൈദരാബാദ് കാച്ചിഗുഡ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ബെംഗളൂരുവിലെ യശ്വന്ത്പുരയില്‍ രണ്ട് മണിയോടെ എത്തിച്ചേര്‍ന്നു. തിരിച്ചുള്ള ട്രയല്‍ റണ്‍ രാത്രി പതിനൊന്നേകാലോടെ കച്ചേഗുഡയില്‍ ട്രെയിന്‍ എത്തിച്ചേര്‍ന്നു.
സെപ്തംബര്‍ 24ന് രാജ്യത്ത് ഒമ്പത് വന്ദേഭാരത് ട്രെയിനുകളാണ് ഓടിത്തുടങ്ങുക. ഇതിലൊന്ന് കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഈ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിക്കും. അഞ്ച് സ്റ്റോപ്പുകളാണ് കച്ചേഗുഡ-യശ്വന്ത്പുര വന്ദേഭാരതിനുള്ളത്. മഹാഭുബനേശ്വര്, കുര്‍നൂല്‍ സിറ്റി, അനന്തപുര്‍, ധോണ്, ധര്‍മ്മവാരം എന്നിവിടങ്ങളില്‍ മാത്രമേ ട്രെയിന്‍ നിര്‍ത്തൂ. ഇതും അതിവേഗം ലക്ഷ്യസ്ഥാനത്തെത്താന്‍ ട്രെയിനിനെ സഹായിക്കും. നിലവില്‍ ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന 20 ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. സൂപ്പര്‍ഫാസ്റ്റ് ട്രെയിനായ രാജധാനിയടക്കമുള്ളവയാണിത്. എന്നാല്‍ ഇവയെല്ലാം ചുരുങ്ങിയത് 12 മണിക്കൂറെടുക്കും ലക്ഷ്യം പിടിക്കാന്‍.
ഇരുനഗരങ്ങളും തമ്മില്‍ കാര്യമായ വ്യാപാര കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ട് എന്നതിനാല്‍ ഈ സര്‍വ്വീസ് വിജയമായിരിക്കുമെന്നതില്‍ സംശയമില്ല. രണ്ട് നഗരങ്ങളും ഐടി നഗരങ്ങളാണ്. രണ്ടിടത്തേക്കും ഐടിക്കാരുടെ പ്രവാഹം നടന്നുകൊണ്ടിരിക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഈ സര്‍വ്വീസ് അനുഗ്രഹമായിത്തീരും. 16 കോച്ചുകളാണ് ഈ വന്ദേഭാരതിലുണ്ടായിരിക്കുക. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലാണിത് ഇത് സര്‍വീസ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: