ഗുരുവായൂര്‍ : വയനാട് കമ്പളക്കാട് നിന്ന് കാണാതായ യുവതിയെയും അഞ്ച് മക്കളെയും ഗുരുവായൂരില്‍ കണ്ടെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയെയും കുട്ടികളെയും കണ്ടെത്തിയത്.
അമ്മയെയും കുട്ടികളെയും ക്ഷേത്രത്തിലെ കണ്ട്രോള് റൂമിലേക്ക് മാറ്റി. ഗുരുവായൂര്‍ പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറി. വയനാട് പൊലീസ് എത്തുന്ന മുറയ്ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അമ്മയെയും കുട്ടികളെയും കൈമാറും.
കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ്(12), വൈശാഖ്(11), സ്നേഹ(9), അഭിജിത്ത്(5), ശ്രീലക്ഷ്മി(4) എന്നിവരെയാണ് കണ്ടെത്തിയത്. 18ാം തിയതി മുതലാണ് അമ്മയെയും അഞ്ച് കുട്ടികളെയും കാണാതായത്. ഫറോക്ക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ പോയ ശേഷമാണ് ഗുരുവായൂരില്‍ എത്തിയതെന്ന് പൊലീസ് പറയഞ്ഞു.
കുടുംബ പ്രശ്നം മൂലമാണ് നാടുവിട്ടതെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്. ഫറോക്കിലെയും ഷൊര്‍ണൂരിലെയും ബന്ധുക്കളുടെ വീടുകളില്‍ എത്തിയിരുന്നു. വയനാട്ടില്‍ നിന്നും പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഫറോക്കിലേക്കും പോയി. ഫറോക്കില്‍ നിന്ന് പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഷോര്‍ണൂരിലെ ബന്ധുവിന്റെ വീട്ടിലേക്കും തുടര്‍ന്ന് തൃശൂരില്‍ എത്തിയശേഷം ബസില്‍ ഗുരുവായൂരിലും എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: