ഓരോ മണ്‍തരിയിലും ഓരോ ജലകണികയിലും രാമമന്ത്രം മുഴങ്ങുന്ന നാട്. ഭഗവാന് ശ്രീരാമചന്ദ്രന്റെ ജന്മം കൊണ്ട് പവിത്രമായ മണ്ണ്. അയോധ്യ ഒരുങ്ങുകയാണ്. മറ്റൊരു പട്ടാഭിഷേകത്തിനായി. ലങ്കയില്‍ നിന്ന് രാവണനിഗ്രഹം കഴിഞ്ഞ് സീതയെ വീണ്ടെടുത്ത് തിരിച്ചെത്തുന്ന രാമനെയും സംഘത്തെയും സ്വീകരിക്കാന്‍ ഒരുങ്ങിയതു പോലെ. അന്ന് നടന്നത് രാവണ നിഗ്രഹമെങ്കില് ഇന്ന് നടക്കുന്നത് അയോധ്യയുടെ തന്നെ വീണ്ടെടുപ്പ്. നൂറ്റാണ്ടുകളോളം ആടിത്തിമിര്‍ത്ത അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിന്റെ വീണ്ടെടുപ്പ്. ശ്രീരാമന് പിറന്ന മണ്ണില്‍ രാമക്ഷേത്രം ഉയരുന്നു. ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കപ്പെടുന്നു. ആ സുവര്‍ണ മുഹൂര്‍ത്തത്തിനായി ഒരുങ്ങുകയാണ് അയോധ്യ.
രാമന്റെ മണ്ണില്‍ രാമക്ഷേത്രമെന്നത് ആഗ്രഹവും സ്വപ്നവും മാത്രമായിരുന്ന നിരവധി തലമുറകള്‍ കടന്നുപോയി. ജീവിതത്തിന്റെ അവസാനഘട്ടത്തിലെങ്കിലും അങ്ങനെയൊന്ന് കേള്‍ക്കണമേയെന്ന് കൊതിച്ചവര്‍. ഒരിക്കലെങ്കിലും ആ പവിത്രമായ മണ്ണിലെത്താന്‍ കഴിയണമെന്ന് പ്രാര്‍ത്ഥിച്ചവര്‍. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ മാതൃക മനസിലും വീടിന്റെ ഭീത്തിയിലും സൂക്ഷിച്ചവര്‍. ഉറക്കമില്ലാത്ത രാത്രികളില്‍ അവരുടെയെല്ലാം മനസ്സില്‍ ഭഗവാന് ശ്രീരാമചന്ദ്രനായിരുന്നു, രാമക്ഷേത്രമായിരുന്നു. രാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രമെന്നത് ഒരു ജനതയുടെ ആത്മസാക്ഷാത്കാരമാണ്, സ്വപ്നസാഫല്യമാണ്.
കോടതിയ്ക്കകത്തും പുറത്തും വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം, രാജ്യം മുഴുവന്‍ ഇളക്കി മറിച്ച ശ്രീരാമജന്മഭൂമി പ്രക്ഷോഭം, രഥയാത്ര ഉള്‍പ്പെടെയുള്ള ചരിത്രമുഹൂര്‍ത്തങ്ങള്‍.
അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന് ചിന്തിച്ചു തുടങ്ങിയ നാള് മുതല്‍ ദൗത്യപൂര്ത്തീകരണത്തിനിറങ്ങിത്തിരിച്ച് സര്‍വവും ത്യജിച്ചവര്‍, അവരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ സഫലമാവുകയാണ്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണ്. കണ്ണുകള്‍ കൊണ്ട് കണ്ടറിയാന്‍, വിരലുകള്‍ കൊണ്ട് തൊട്ടറിയാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രം
ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ക്ഷേത്രമാണ് അയോധ്യയില്‍ ശ്രീരാമജന്മഭൂമിയിലുയരുന്നത്. 1983ല്‍ വിശ്വഹിന്ദുപരിഷത്ത് പ്രസിഡന്റായിരുന്ന അശോക് സിംഗാളിന്റെ നിര്‍ദ്ദേശപ്രകാരം വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര
തയ്യാറാക്കിയ അതേ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 235 അടി വീതിയും 360 അടി നീളവും 161 അടി ഉയരവും 54,700 ചതുരശ്രയടി വിസ്തീര്‍ണവുമാണ് ക്ഷേത്രത്തിന്. 2.7 ഏക്കറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുക. പ്രദക്ഷിണ വഴി ഉള്‍പ്പെടെ ഒമ്പത് ഏക്കറുണ്ട്. മ്യൂസിയം ഉള്‍പ്പെടെ ക്ഷേത്ര സമുച്ചയം മുഴുവനായും 75 ഏക്കറിലായിരിക്കും. 1800 കോടി രൂപയാണ് മൊത്തം ചെലവ്.
1989 നവംബര്‍ ഒന്‍പതിനാണ് ശ്രീരാമക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നത്. ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ കാത്തിരുന്നു. സുപ്രീംകോടതി വിധിയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും രാമക്ഷേത്രത്തിലേക്കുള്ള പ്രയാണം എളുപ്പമാക്കി. 2020 ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില പാകി ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കമിട്ടു. പ്രധാനമന്ത്രി ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നതിന് മുമ്പുതന്നെ നിലവിലുണ്ടായിരുന്ന രാമവിഗ്രഹം സമീപത്ത് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചിരുന്നു. 2024 ഡിസംബറോടെ ക്ഷേത്രത്തിന്റെ മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയാകും.
ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റ്
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റാണ് ക്ഷേത്രനിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. 15 അംഗങ്ങളടങ്ങുന്ന ട്രസ്റ്റിന്റെ പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസും ജനറല്‍ സെക്രട്ടറി വിഎച്ച്പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ചമ്പത് റായിയുമാണ്. ട്രസ്റ്റ് അംഗം കൂടിയായ മുന്‍ കാബിനറ്റ് സെക്രട്ടറി നൃപേന്ദ്ര മിശ്രയാണ് നിര്‍മാണസമിതി ചെയര്മാന്.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കെ. പരാശരന് മുഖ്യട്രസ്റ്റിയാണ്. സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് ട്രഷറര്‍. ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീര്‍ത്ഥ, പ്രയാഗ് രാജ് ജ്യോതിഷ് ശങ്കരാചാര്യ പീഠാദ്ധ്യക്ഷന്‍ വാസു ദേവാനന്ദ് സരസ്വതി, സ്വാമി പരമാനന്ദ് ഗിരി, വിമലേന്ദു മോഹന്‍ പ്രതാപ് മിശ്ര, ഡോ. അനില്‍ മിശ്ര, മഹന്ദ് ധീരേന്ദ്ര ദാസ്, കാമേശ്വര് ചൗപാല്‍ എന്നിവരാണ് ട്രസ്റ്റിലെ മറ്റു സ്ഥിരാംഗങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ട്രസ്റ്റില്‍ അംഗങ്ങളാണ്.
ആയിരം വര്‍ഷത്തെ ഉറപ്പ്
നാഗര ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. അയോധ്യയില്‍ മുമ്പുണ്ടായിരുന്ന രാമക്ഷേത്രം നാഗര ശൈലിയിലായിരുന്നു. ആയിരം വര്‍ഷത്തോളം കേടുകൂടാതെയിരിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് സ്ഥലത്തെ മണ്ണ് പരിശോധന നടത്തിയിരുന്നു. മണ്ണ് പരിശോധനാഫലത്തെതുടര്ന്നാണ് ക്ഷേത്രത്തിന് എത്ര ബലം വേണമെന്ന് തീരുമാനിച്ചത്.
ഭാരതീയ വാസ്തുശില്പകല
മൂന്നു നിലകളിലായി ഉയരുന്ന ക്ഷേത്രം ഭാരതീയ വാസ്തുശില്പകലയുടെ കേന്ദ്രമാകും. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടാകും. താഴെത്തെ നിലയില്‍ 166 തൂണുകളും ഒന്നാം നിലയില്‍ 144 തൂണുകളും രണ്ടാം നിലയില്‍ 82 തൂണുകളും ഉണ്ടാകും. ഓരോ തൂണുകളിലും 14 മുതല്‍ 16 വരെ ശില്പങ്ങളാണ് കൊത്തിവയ്ക്കുന്നത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലും ചുമരുകളിലുമെല്ലാം കൊത്തുപണികളുടെ വിസ്മയമാണ് ദര്‍ശിക്കാനാകുക.
ക്ഷേത്രത്തിന് അഞ്ച് താഴികക്കുടങ്ങളും ഒരു ഗോപുരവും ഉണ്ട്. ക്ഷേത്രച്ചുവരുകളില്‍ ശ്രീരാമന്റെ ജീവിതം ചിത്രീകരിക്കുന്ന കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലുമായി അഞ്ചു മണ്ഡപങ്ങള്‍ നിര്‍മ്മിക്കും. രണ്ട് പ്രാര്‍ത്ഥനാ മണ്ഡപങ്ങള്‍, കീര്‍ത്തന മണ്ഡപം, നൃത്യ മണ്ഡപം, രംഗ മണ്ഡപം എന്നിവയുമുണ്ടാകും. അഞ്ച് മണ്ഡപങ്ങളുടെയും കുംഭഗോപുരങ്ങള്‍ക്ക് 34 അടി വീതിയും 32 അടി നീളവുമുണ്ട്. കൂടാതെ 69 അടി മുതല്‍ 111 അടി വരെ ഉയരവും ഉണ്ടാകും. ഗോപുര ശൈലിയിലാണ് കിഴക്ക് ഭാഗത്തെ പ്രവേശന കവാടം നിര്‍മ്മിക്കുക.
സൂര്യരശ്മികള്‍ പതിക്കുന്ന വിഗ്രഹം
ശ്രീകോവിലിലെ ശ്രീരാമവിഗ്രഹത്തില്‍ സൂര്യരശ്മികള്‍ പതിക്കുന്ന രീതിയിലാണ് ക്ഷേത്രനിര്‍മ്മാണം. എല്ലാ വര്‍ഷവും രാമനവമി ദിനത്തില്‍ ഉച്ചയ്ക്ക് വിഗ്രഹത്തില്‍ സൂര്യരശ്മികള്‍ പതിക്കും. ശ്രീകോവില്‍ അഷ്ടഭുജാകൃതിയാണ്. ശ്രീകോവിലിന്റെ ആകെ വിസ്തീര്‍ണ്ണം 403.34 ചതുരശ്ര അടിയാണ്. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം കൊണ്ട് അലങ്കരിക്കും.
രാജ്യത്തിനകത്തും നിന്നും പുറത്തു നിന്നും എത്തിച്ച് സമീപത്തെ കാര്യശാലയില്‍ സൂക്ഷിച്ചിരുന്ന ഇഷ്ടികകള്‍ പാകിയാണ് തറയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജസ്ഥാനില്‍ നിന്നുള്ള ബന്‍സി പഹാര്‍പൂര്‍ മണല്‍കല്ലുകള്‍, അപൂര്‍വ പിങ്ക് മാര്‍ബിളുകള്‍ എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രനിര്‍മ്മാണം. പ്രധാന ക്ഷേത്രത്തിന് മാത്രമായി ആകെ നാല് ലക്ഷം ചതുരശ്ര അടി കല്ല് വേണ്ടിവരുമെന്നാണ് നിഗമനം. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ബയാന തെഹ്സിലിലാണ് ബന്‍സി പഹാര്‍പൂര്‍ മണല്‍ക്കല്ല് കാണപ്പെടുന്നത്. ഭരത്പൂരില്‍ നിന്നാണ് പിങ്ക് മാര്‍ബിളുകള്‍ കൊണ്ടുവരുന്നത്. മക്രാന മാര്‍ബിളാണ് തറയില്‍ പാകുന്നത്.
ജനലുകളും വാതിലുകളും നിര്‍മ്മിക്കുന്നത് തേക്ക് തടിയിലാണ്. 46 വാതിലുകളുണ്ടാകും. മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ നിന്നാണ് ഇതിനാവശ്യമായ തേക്ക് എത്തിച്ചത്. ആറടി ഉയരവും അഞ്ചടി വീതിയും 2,100 കിലോഗ്രാം തൂക്കമുള്ള മണിയും ക്ഷേത്രത്തില്‍ സ്ഥാപിക്കും. ക്ഷേത്രമണി നിര്‍മ്മാണത്തിന് പേരുകേട്ട സ്ഥലമായ എറ്റായില്‍ നിന്നാണ് എത്തിക്കുക.
പ്രതിഷ്ഠ ജനുവരി മൂന്നാം വാരത്തില്‍
2024 ജനുവരി മൂന്നാംവാരത്തിലാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കുക. താഴെത്തെ നിലയുടെ നിര്‍മ്മാണവും ശ്രീകോവിലിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഭഗവാന് ശ്രീരാമചന്ദ്രന്റെ ബാലരൂപത്തിലുള്ള വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കുക. അഞ്ച് അടി ഉയരമുള്ളതാകും വിഗ്രഹം. ഇതുകൂടാതെ മറ്റൊരുവിഗ്രഹം കൂടി ഇവിടെ പ്രതിഷ്ഠിക്കും. ഈ വിഗ്രഹത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഒന്നാം നിലയില്‍ രാമദര്ബാറാണ്. രണ്ടാം നിലയില്‍ വിഗ്രഹങ്ങള്‍ ഒന്നും ഉണ്ടാവില്ല. ശിവന്, വാത്മീകി, ശബരി, നിഷാദ രാജാവ്, വസിഷ്ഠന്, വിശ്വാമിത്രന്, അഹല്യ, അഗസ്ത്യ മുനി എന്നിവര്‍ക്ക് ക്ഷേത്രത്തിന്റെ സമീപത്തായി ഉപക്ഷേത്രങ്ങളുണ്ടാകും.
ക്ഷേത്രത്തിന്റെ മുഴുവന്‍ നിര്‍മാണവും എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം ആയിരമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ശില്പികളും കലാകാരന്മാരും നിര്‍മാണ തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. രാപകല്‍ വ്യത്യാസമില്ലാതെ മൂന്നു ഷിഫ്റ്റായാണ് ജോലികള്‍ ക്രമീകരിച്ചിരിക്കുന്നത്. കാര്യശാലയില്‍ തയാറാക്കിവെച്ച ഭാഗങ്ങള്‍ ചേര്‍ത്തുവയ്ക്കുന്ന ജോലി ഏറെക്കുറെ പൂര്‍ണമായിട്ടുണ്ട്. ബാക്കിയുള്ള ഭാഗങ്ങള്‍ ക്ഷേത്രപരിസരത്തുവെച്ചുതന്നെയാണ് നിര്‍മിക്കുന്നത്.
യജ്ഞശാല, മ്യൂസിയം, പഠന-ഗവേഷണകേന്ദ്രങ്ങള്‍, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലൈബ്രറി, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ധ്യാന കേന്ദ്രം, ഭക്തര്‍ക്ക് താമസത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍, ഭോജനശാലകള്‍, ഗോശാല തുടങ്ങിയവയും ക്ഷേത്രത്തിന് സമീപം നിര്‍മ്മിക്കുന്നുണ്ട്.
അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണ്. വര്‍ഷങ്ങളായി വരണ്ടുകിടന്ന ഭൂമിയില്‍ മഴ പെയ്യുമ്പോഴുണ്ടാകുന്ന കുളിര്‍മയാണ് ജനകോടികള്‍ ഏറ്റുവാങ്ങുന്നത്. എല്ലാവര്ക്കും ക്ഷേമവും തുല്യനീതിയും ഉറപ്പാക്കുന്ന രാമരാജ്യമെന്ന എന്ന സങ്കല്പത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പായിരിക്കുമിത്. ഭാരതം ലോകത്തെ നയിക്കാന്‍ ഒരുങ്ങുമ്പോള്‍ ശ്രീരാമസന്ദേശം തന്നെയാണ് അതിന് കരുത്താവുക.
വികസനത്തിന്റെ ശംഖൊലി
രാമജന്മഭൂമി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനൊപ്പം വന്‍വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അയോധ്യ നഗരം സാക്ഷിയാവുന്നത്. 32,000 കോടി രൂപയാണ് അയോധ്യയിലെ വിവിധ വികസന പദ്ധതികള്‍ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചെലവിടുന്നത്. ആയിരം കോടി രൂപയാണ് ആദ്യഘട്ടത്തില്‍ റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. എല്ലാ റോഡുകളും വീതികൂട്ടി രാമജന്മഭൂമിയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്ര ഒരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രധാനമായും മൂന്ന് റോഡുകളാണ് രാമജന്മഭൂമിയുമായി ബന്ധപ്പെട്ടു വികസിപ്പിക്കുന്നത്. ഈ റോഡുകള്‍ക്ക് രാംപഥ്, ജന്മഭൂമിപഥ്, ഭക്തിപഥ് എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്. സുഗ്രീവ് കിലയില്‍ നിന്ന് രാമജന്മഭൂമി ക്ഷേത്രത്തിലേക്ക് എത്തുന്ന രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ജന്മഭൂമിപഥ്. ഈ റോഡ് നാലു വരിയായാണ് വികസിപ്പിക്കുന്നത്. മനോഹരമായ കല്ലുകളാണ് റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
സഹദത്ഗഞ്ചില്‍ നിന്ന് നയാ ഘട്ട് വരെ നീളുന്ന 13 കിലോമീറ്റര്‍ റോഡാണ് രാം പഥ്. ഈ പാത ശ്രീരാമജന്മഭൂമിയെ ലഖ്നൗ-അയോധ്യ ഹൈവേയുമായി ബന്ധിപ്പിക്കും. ശൃംഗര്‍ ഹാട്ടില്‍ നിന്ന് രാമജന്മഭൂമിയിലേക്കുള്ള റോഡിനാണ് ഭക്തിപഥ്എന്ന് പേര് നല്‍കിയിരിക്കുന്നത്. ഹനുമാന് ഗര്‍ഹിയില്‍ നിന്ന് രാമജന്മഭൂമിയിലേക്കും സുഗ്രീവ കിലയിലേക്കുമുള്ള റോഡിന്റെ പണിയും പുരോഗമിക്കുന്നുണ്ട്. സമീപത്തെ മറ്റു ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തിയുള്ള റോഡുകളുടെ നവീകരണവും പുരോഗമിക്കുകയാണ്.
രാമജന്മഭൂമിയിലെ നാല്പതോാളം ക്ഷേത്രങ്ങളുടെ നവീകരണവും സൗന്ദര്യവല്‍ക്കരണവും രണ്ട് ഘട്ടങ്ങളിലായി നടക്കും. പഞ്ചകോശിയും 14 കോശി, 84 കോശി പരിക്രമപാ
തകളടക്കം നിരവധി പുരാണ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ആദ്യഘട്ടത്തില്‍ 21 ക്ഷേത്രങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ദിനംപ്രതി ഒരു ലക്ഷം ഭക്തര്‍ ദര്‍ശനത്തിന് എത്തുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. ഇതുമുന്‍കൂട്ടി കണ്ടാണ് വികസനങ്ങള്‍. വന്ഭക്തജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയില്‍ എല്ലാ സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നു. കുടിവെള്ളവിതരണം, വൈദ്യുതി വിതരണം എന്നിവയ്ക്കായി പ്രത്യേകം പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഹര്‍ഘര്‍ നാല് യോജനയിലൂടെ സരയൂനദിയിലെ ജലം ശുദ്ധീകരിച്ച് എല്ലാ വീട്ടിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നു. ഭക്തര്‍ക്ക് മികച്ച താമസസൗകര്യം ഒരുക്കല്‍, മഠങ്ങളും ക്ഷേത്രങ്ങളും മോടിപിടിപ്പിക്കല്‍, കുളങ്ങളുടെ നവീകരണം, അഴുക്കുചാലുകളുടെ നിര്‍മ്മാണം എന്നിവയും പുരോഗമിക്കുന്നു.
അയോധ്യ റെയില്‍വേ സ്റ്റേഷന് നവീകരണം, പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം എന്നിവയെല്ലാം അതിവേഗം പുരോഗമിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നത്. സുരക്ഷയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ല. കമാന്‍ഡോകള്‍ക്കും സിഐഎസ്എഫിനും
പുറമെ ഉത്തര്‍പ്രദേശ് പോലീസിന്റെ വന്‍ സംഘവും അയോധ്യയില്‍ സുരക്ഷയ്ക്കായുണ്ട്.
അയോധ്യ എന്ന ക്ഷേത്രനഗരം
അയോധ്യയില്‍ രാമജന്മഭൂമിയോട് ചുറ്റപ്പെട്ട് നിരവധി ക്ഷേത്രങ്ങളുണ്ട്. മിക്ക ക്ഷേത്രങ്ങളിലും ശ്രീരാമനും സീതാദേവിയും ഹനുമാനുമാണ് പ്രധാനപ്രതിഷ്ഠ. രാമക്ഷേത്രത്തിന് സമീപത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ഹനുമാന് ഗഡി (ഹനുമാന് ഗര്‍ഹി). അയോധ്യയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്താണ് ഈ ക്ഷേത്രം. ചുറ്റും കോട്ട പോലെ കെട്ടിയ ഈ ക്ഷേത്രത്തിലിരുന്ന് ഹനുമാന് സ്വാമി അയോധ്യയെ സംരക്ഷിക്കുന്നു. ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ഹനുമാന് സ്വാമിക്ക് ശ്രവിക്കാനായി ഇവിടെ 24 മണിക്കൂറും സീതാരാമമന്ത്രം മുഴങ്ങിക്കൊണ്ടേയിരിക്കും. ശ്രീരാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നതിനുമുമ്പ് ഹനുമാന് സ്വാമിയെ ദര്‍ശിക്കണമെന്നാണ് വിശ്വാസം. 76 പടികള്‍ കയറിവേണം ക്ഷേത്രസമുച്ചയത്തിലെത്താന്‍. രാമനവമി, ഹനുമാന് ജയന്തി, ദീപാവലി എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍.
രാമജന്മഭൂമിയുടെ വടക്കുകിഴക്കായാണ് കനക്ഭവന്‍ സ്ഥിതിചെയ്യുന്നത്. വിവാഹത്തിനുശേഷം കൈകേയി സീതാദേവിക്ക് സമ്മാനിച്ചതാണ് ഈ കൊട്ടാരം. ശ്രീരാമനും സീതാദേവിയും ഇവിടെയാണ് വസിച്ചിരുന്നതെന്നാണ് വിശ്വാസം. ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങള്‍ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. സരയൂതീരത്തുള്ള നാഗേശ്വര്‍ നാഥ് ക്ഷേത്രം മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമാണ്. ശിവനാണ് പ്രധാനപ്രതിഷ്ഠ.
ഋഷഭ ക്ഷേത്രം, സീതാരാമ കോട്ട, ദിഗംബര്‍ അരീന, തുളസി ചൗര ക്ഷേത്രം, കൗസല്യഘട്ട് ക്ഷേത്രം, കലേറാം ക്ഷേത്രം, ചിത്രഗുപ്ത ക്ഷേത്രം, വിശ്വകര്‍മ ക്ഷേത്രം, ഛോട്ടി ദേവ്കാളി ക്ഷേത്രം, മൗര്യ ക്ഷേത്രം, ഭാരത് മഹല്‍ ക്ഷേത്രം, രാംഗുലേല ക്ഷേത്രം, ദശരഥ ഭവന്, രാം കചാരി, ബ്രഹ്മകുണ്ഡ് ഗുരുദ്വാര, ജാനകി ഘട്ട്, മംഗള്‍ ഭവന്, ലക്ഷ്മണന് കോട്ട എന്നിവയും ഈ നഗരിയിലെ ക്ഷേത്രങ്ങളാണ്. ഈ ക്ഷേത്രങ്ങളെല്ലാം നവീകരിക്കുന്നുണ്ട്.
അയോധ്യയിലെത്തുന്ന ഭക്തര്‍ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍ കൂടി അയോധ്യയുടെ പരിസരപ്രദേശങ്ങളിലുണ്ട്. അതിലൊന്നാണ് വില്ല്വഹരി ഗട്ടിലെ ദശരഥമഹാരാജാവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം. ക്ഷേത്രത്തിന് മുന്നിലായി ദശരഥരാജാവിന്റെ സമാധി സ്ഥലവുമുണ്ട്. ഇവിടെ ശ്രീരാമലക്ഷ്മണന്മാരുടെയും ഭരതശത്രുഘ്നന്മാരുടെയും വസിഷ്ഠമുനിയുടെയും പാദമുദ്രകള്‍ കാണാം.
സൂര്യ കുണ്ഡിലെ സൂര്യക്ഷേത്രവും മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. വലിയ കുളമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ക്ഷേത്രക്കുളവും പരിസരവും നവീകരിച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീരാമദേവന് ഇവിടെയെത്തി സൂര്യദേവനെ ഉപാസിച്ചിരുന്നു. നന്ദിഗ്രാം ഭരത് കുണ്ഡിലെ ഭരതക്ഷേത്രവും മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമാണ്.
പുണ്യനദിയായ സരയുവിന്റെ തീരത്താണ് അയോധ്യ സ്ഥിതി ചെയ്യുന്നത്. സരയൂവില്‍ കുളിച്ചാല്‍ പാപങ്ങള്‍ തീരുമെന്നാണ് വിശ്വാസം. സരയൂവില്‍ സ്നാനം ചെയ്യുന്നതിനുമുമ്പ് ഹനുമാന് സ്വാമിയുടെ അനുഗ്രഹവും ആജ്ഞയും വാങ്ങണമെന്നും വിശ്വാസമുണ്ട്. ഗംഗാ ആരതി പോലെ എല്ലാദിവസവും സരയൂ തീരത്തും ആരതിയുണ്ട്. സരയൂവില്‍ സ്നാനം ചെയ്ത് ആരതി കണ്ട് തൊഴുതാണ് ഭക്തര്‍ മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: