Categories: KeralaSamskriti

കിളിമാനൂര്‍ ശ്രീ മഹാദേവേശ്വരം ക്ഷേത്രത്തിലെത്തുന്നവരുടെ കണ്ണിലുണ്ണിയായി ‘ശംഭു’

സംഘസ്ഥാനില്‍ വിസില്‍ മുഴങ്ങുന്നതോടെ അവിടെയും എത്തും

Published by

കിളിമാനൂര്‍ ഗോവിന്ദ്

കിളിമാനൂര്‍: ആകാരവും ,വിശ്വാസവും സൗമ്യതയും കൊണ്ട് ‘ശംഭു’ കിളിമാനൂര്‍ ശ്രീ മഹാദേവേശ്വരം ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ കണ്ണിലുണ്ണിയാണ്. കുസൃതികളൊക്കെ ഉണ്ടെങ്കിലും ഭക്തരും സമീപവാസികളും ശംഭുവിന് പ്രത്യേക പരിഗണനയാണ് നല്കുന്നത്. വീടുകളിലെ ആഹാരം പോലും അവര്‍ സ്‌നേഹപൂര്‍വ്വം ശംഭുവിന് എത്തിച്ച് നല്കും .

ഒരു വര്‍ഷം മുമ്പ് കിളിമാനൂര്‍ കാനാറ ഹരിശ്രീയില്‍ സജി ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തിയതാണ് ശംഭു എന്ന കാളക്കുട്ടനെ. ക്ഷേത്രത്തില്‍ നിന്നും സജിയ്‌ക്ക് വളര്‍ത്തുന്നതിനായി സൗജന്യമായി പശുവിനെ നല്കിയിരുന്നു. അതിന്റെ ആദ്യ കുട്ടിയെ ക്ഷേത്രത്തിന് നല്കാമെന്നായിരുന്നു വ്യവസ്ഥ. അങ്ങനെയാണ് ശംഭു ക്ഷേത്രത്തിലെത്തിയത് .

ഭരണ സമിതി അനുവദിച്ചിട്ടുള്ള ഭക്ഷണം കൃത്യമായ സമയങ്ങളില്‍ ശംഭുവിന് ലഭിക്കും. പക്ഷെ ക്ഷേത്ര പരിസരം വൃത്തിയാക്കുന്ന ജോലിയാണ് ശംഭുവിന് ഏറെ ഇഷ്ടം. ക്ഷേത്രപരിസരത്തൊക്കെ നടന്ന് പച്ചപ്പുല്ലും കൊഴിഞ്ഞു വീഴുന്ന ആലിലകളും ഭക്ഷണമാക്കും. അതിനാല്‍ പുല്ല് ഇടയ്‌ക്കിടെ ചെത്തി വൃത്തിയാക്കുന്ന ജോലി ഒഴിവായി. അതിനു പുറമെ ക്ഷേത്രത്തില്‍ സംഘസ്ഥാന്‍ ഉണ്ട്. വിസില്‍ മുഴങ്ങുന്നതോടെ അവിടെയും എത്തി ഹാജര്‍ വെയ്‌ക്കും.

ശിവവാഹനമായ നന്ദിയുടെ ചെവിയില്‍ കാര്യം പറഞ്ഞാല്‍ അത് വേഗം ശിവന്റെയടുത്ത് എത്തുമെന്നൊരു വിശ്വാസമുണ്ട്. അതിനാല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ പ്രത്യേക പരിഗണനയാണ് ശംഭുവിന് നല്കുന്നത് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by