ഡോ. മുരളീധരന്‍ നായര്‍
(സനാതന ധര്‍മ ശാസ്ത്രവും യുക്തിവാദവും തുടര്‍ച്ച)
തന്നില്‍ നിന്ന് അന്യമായൊരു ഈശ്വരീയത ഇല്ലെന്നു സ്ഥാപിക്കുന്ന ശാസ്ത്രമാണ് വേദാന്ത ശാസ്ത്രം. പക്ഷേ അത് നിരീശ്വര വാദവുമല്ല. അത് പ്രഖ്യാപിക്കുന്നത് ‘അഹം ബ്രഹ്മാസ്മി’, ‘തത്ത്വമസി’, ‘അയമാത്മാ ബ്രഹ്മഃ’ എന്നൊക്കെയാണ്. അപ്പോള്‍ അതൊരു നിരീശ്വരവാദമേ അല്ല എന്നു മാത്രമല്ല ഞാന്‍ തന്നെയാണത് എന്നുറക്കെ പ്രഖ്യാപിക്കയും ചെയ്യുന്നു. വെറുതെ പറയുന്നതല്ല വ്യക്തമായ സമര്‍ഥനങ്ങളിലൂടെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗനിര്‍ദേശത്തോടെ.
പക്ഷേ ദൃശ്യഗോചരമല്ല എന്നതിനാല്‍ മാത്രം അതില്ല എന്ന് പറയാന്‍ ഒരു ശ്രമവും ആവശ്യമില്ലെന്നത് കൊണ്ട് അതൊരു എളുപ്പമാര്‍ഗമായിക്കണ്ട് അതില്ല എന്ന് പറഞ്ഞു ഒഴിയാന്‍ ഏതൊരാള്‍ക്കും പറ്റുമെന്നതിനാല്‍ ദൃശ്യമല്ലെങ്കിലും. അനുഭവേന, ശ്രമേണ അനുഭവിക്കാന്‍ കഴിയുന്ന, പ്രപഞ്ചത്തില്‍ പലരൂപ ഭാവത്തില്‍ പ്രകടമാകുന്ന ബോധ, ചൈതന്യങ്ങളെ ഈശ്വരസ്വരൂപമായി അറിഞ്ഞു അനുഭവിക്കാന്‍ അതിനായുള്ള അതി കഠിനശ്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതി യെ യോഗ എന്നറിയുമ്പോള്‍ പിന്നെ നിരീശ്വരവാദത്തിന് പ്രസക്തി ഇല്ലാതാകുന്നു.
നിരീശ്വരവാദിയാകാന്‍ അതിനെപ്പറ്റിയുള്ള കേവലം അജ്ഞതമാത്രം മതിയല്ലോ? കാണാനാകാത്തതും അറിയാത്തതുമായ സകലതും ഇല്ല, ഇല്ല എന്ന് പറയാന്‍ മാത്രം അറിഞ്ഞാല്‍ മതി. സ്വന്തം അലസതയില്‍ നിന്നുള്ള അജ്ഞത വിളംബരം ചെയ്യുന്ന ഒരു പ്രക്രിയമാത്രമാണത്. അതിനെ നിരീശ്വരവാദമായി ചുമന്നു നടക്കുന്നവര്‍ ഈ പ്രപഞ്ചത്തിനും അതിലെ ഓരോ പരമാണുവിനും ഒരു സൂക്ഷ്മ ചൈതന്യവും സ്വബോധവും നിലനില്‍ക്കുന്നുവെന്നും അവയുടെ താളത്തിലാണവ വര്‍ത്തിക്കുന്നതും വിലനില്‍ക്കുന്നതെന്നും അവര്‍ അറിയുന്നേയില്ല. ആധുനിക ശാസ്ത്രം ശൂന്യം എന്നതിനു പകരം ഇപ്പോള്‍ ‘Self Aware Universe’ എന്നാണ് പറയുന്നത്. എന്നു വെച്ചാല്‍ സ്വബോധവര്‍ത്തിത്വമുള്ള പ്രപഞ്ചം എന്നര്‍ത്ഥം. അപ്പോള്‍ അത് അവയില്‍ ആര്, എപ്പോള്‍, എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്ന് മാത്രം ചിന്തിച്ചാല്‍ മതി അതില്‍ ഇശ്വരീയശക്തി കണ്ടെത്താന്‍. ലോകപ്രസിദ്ധ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പരമാണുവിനെയും അതിനെ വിഭജിക്കുമ്പോള്‍ കണ്ട അത്ഭുതപ്രതിഭാസവും ദര്‍ശിച്ചപ്പോള്‍ ഞാനിതിലെ ഈശ്വരചൈതന്യത്തെ ദര്‍ശിക്കുന്നു എന്നാണ് പറഞ്ഞതെന്നോര്‍ക്കുമ്പോള്‍ നിരീശ്വരവാദത്തിലെ അപ്രസക്തി പ്രകടമാകും. അപ്പോളോ 12 ന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പരിഭ്രമിച്ച ചഅടഅ ആശകൈവിട്ട അവസ്ഥയില്‍ പറഞ്ഞത് ‘ഞങ്ങള്‍ അവരെ ദൈവത്തെ ഏല്പിക്കുന്നു’ എന്നാണ്. ഒന്നിന്റെ അസ്തിത്വം സ്ഥാപിക്കാന്‍ പരിശ്രമം വേണം. പക്ഷേ നിഷേധിക്കാന്‍ ഒന്നും ആവശ്യവുമില്ല. ഇല്ല, അല്ല എന്ന രണ്ടു വാക്കുകളില്‍ അവ ഒതുക്കാനെളുപ്പമാണല്ലോ. അതാണ് സത്യത്തില്‍ ഇന്ന് നിലനില്‍ക്കുന്ന നിരീശ്വര, യുക്തി വാദം. ജീവനില്ലാത്ത ശവം പോലെ. നമ്മിലെ ബോധ, ചൈതന്യം ഇശ്വരീയമാണെന്ന് സമ്മതിക്കാനുള്ള ഭൗതിക വാദത്തിന്റെ നാണക്കേടോ അതില്‍ നിന്നുണ്ടാകുന്ന മടിയോ ആകാം ഇതിനു പിന്നില്‍.
ഈശ്വരന്‍ എന്ന വാക്കിനു ഒരു സമ്പൂര്‍ണ അര്‍ത്ഥ സമര്‍ത്ഥനം എന്താണെന്നു അറിയാത്തതാവാം കാരണം. ഈശ് +വരന്‍ ഈശ്വരന്‍. ഈശ് എന്ന സംസ്‌കൃത വാക്കിനു ഊര്‍ജം അഥവാ ശക്തി എന്നൊക്കെയുള്ള പല അര്‍ത്ഥങ്ങളുണ്ട്. വരന്‍ എന്നാല്‍ നിയന്ത്രിതാവ്, അധീശന്‍ എന്നൊക്കെയും. അപ്പോള്‍ ഈശ്വരന്‍ ശക്തിയെ അഥവാ ഊര്‍ജ്ജത്തെ നിയന്ത്രിക്കുന്നവന്‍ എന്നാകും അര്‍ത്ഥം. ആധുനികശാസ്ത്രം പോലും ഈ പ്രപഞ്ച ബോധ, ചൈതന്യങ്ങളെ നിഷേധിക്കാത്ത സ്ഥിതിക്ക് ഇത് അംഗീകരിക്കാന്‍ ഇവിടുത്തെ ആധുനികര്‍ക്ക് വിമുഖത കാണിക്കേണ്ട കാര്യമില്ലല്ലോ.
ഈ പ്രപഞ്ചത്തില്‍ തന്നില്‍ നിന്ന് അന്യമായ ദൈവസങ്കല്പത്തെ നിഷേധിക്കുന്നത് നിരീശ്വരവാദമാകുമോ? ആണെന്ന് തോന്നില്ല കൂടുതല്‍ ആഴത്തില്‍ ചിന്തിച്ചാല്‍. കാരണം അവയൊക്കെയും കേവലം ഭഗവത് സങ്കല്‍പ്പങ്ങള്‍ മാത്രമാണ്. നിത്യസത്യമായ ഈശ്വരപ്രതീകങ്ങളല്ല എന്നതാണ് സത്യം. മനുഷ്യര്‍ അവരുടെ ആരാധന പ്രകൃതത്തില്‍ സങ്കല്പിച്ചു പ്രതിഷ്ഠിച്ചാരാധിക്കുന്ന, കേവല ഭക്തിമാര്‍ഗേനെയുള്ള ആരാധനയും ഭക്തി മാര്‍ഗികളല്ലാത്തവര്‍ക്ക് ഒഴിവാക്കാന്‍ ആകാവുന്നതേയുള്ളു. അതുകൊണ്ട് അതൊരു നിരീശ്വരവാദവുമാകില്ല. ഈ പ്രപഞ്ചത്തിലെ സര്‍വതിലും നിലനില്ക്കയും അവയില്‍ ജീവനും ബോധവുമായി വര്‍ത്തിക്കയും ചെയ്യുന്ന ശക്തിയെ നിഷേധിക്കുന്നതാണ് നിരീശ്വരവാദം. വേദാന്ത ദര്‍ശനമാണത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് സങ്കടങ്ങളിലും ജീവിത പ്രാരബ്ധങ്ങളിലും ഒരത്താണിയായി പ്രതീക്ഷ നല്‍കാന്‍ ഉപകരിക്കുന്നതാണ് ഭക്തിമാര്‍ഗേനയുള്ള ക്ഷേത്രാരാധനയും ദൈവസങ്കല്‍പ്പവും അതുമായി ബന്ധപ്പെട്ട ആരാധനകളും മറ്റും. അതിനും അതിന്റേതായ വലിയ ഗുണവശങ്ങളുണ്ട്. പ്രതീക്ഷയറ്റ് അക്ഷരണരായവര്‍ക്ക് ഭക്തിയും അതിലെ വിശ്വാസവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളും വലിയ ഫലം ചെയ്യുമെന്നതില്‍ സംശയത്തിന് അടിസ്ഥാനമില്ല.
അസാധാരണ സാത്വികതയും ജ്ഞാനവും ദാര്‍ശനികതയും മറ്റുമുള്ളവര്‍ക്കായിമാത്രമാണ് ജ്ഞാനമാര്‍ഗമായ വേദാന്തദര്‍ശനം രൂപപ്പെടുത്തിയത്. അതില്‍ സോഹം, ശിവോഹം എന്ന വിധത്തില്‍ ആത്മീയസാധനകളിലൂടെയുള്ള ആത്മസാക്ഷത്കാരപദ്ധതികളായ ധ്യാന, സമാധികളിലൂടെയുള്ള യോഗിത്വമാര്‍ഗം നിര്‍ദേശിക്കുന്നു.
ഭക്തിമാര്‍ഗത്തില്‍ ആത്മസമര്‍പ്പണത്തോടുകൂടിയ ആരാധനകളും ജ്ഞാനമാര്‍ഗത്തില്‍ സ്വയം ആത്മസാക്ഷത്കാരവുമാണു ണ്ടാകുന്നത്. ഇവ രണ്ടിലും നിരീശ്വരഭാവമില്ല. യാതൊന്നിലും അതൊട്ടു ഉണ്ടാകാനും ഇടയില്ല. കാരണം ആ ഈശ്വരീയതയാണെല്ലാത്തിന്റെയും അസ്തിത്വം. പക്ഷേ യുക്തിവാദ നിരീശ്വരവാദികള്‍ അവരുടെ യുക്തി ആ വഴിക്കു തുറന്നു വിട്ട് ചിന്തിക്കുന്നില്ല എന്നതാണ് കാരണം. അവരുടെ ചിന്തകള്‍ തുലോം അന്തസ്സാരശൂന്യമായ ബാഹ്യതലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാല്‍ അതിന്റെ അന്തസ്സത്തയെ അവര്‍ അവഗണിച്ചു പ്രവര്‍ത്തിക്കുന്നു എന്നതിനാലാണത്. അവരുടെ അല്പബുദ്ധിയില്‍ യാതൊരു സൂക്ഷ്മ, മൂലഘടകങ്ങളും കയറുന്നുമില്ല. അതുകൊണ്ടുതന്നെ അങ്ങനെ യാതൊന്നുമില്ല എന്ന് അനുമാനിച്ചും പഠിച്ചും അവയെ മാറ്റിനിര്‍ത്തുന്നു. കണ്ണടച്ചിരുട്ടാക്കുന്നതുപോലെ. അതുകൊണ്ട് പ്രപഞ്ചത്തിലെ അറിയേണ്ട സൂക്ഷ്മ മൂല വസ്തുതകളുടെ വാസ്തവം അവര്‍ക്ക് അന്യമാകുകയും ചെയ്യുന്നു എന്നേയുള്ളു.
നിരീശ്വരവാദം വെറും അജ്ഞതാതിമിരം ബാധിച്ചവന്റെ കാഴ്‌ച്ചപോലെയാണ്. ഒരു ശസ്ത്രക്രിയയിലെന്നപോലെ ജ്ഞാനപ്രകാശം അതില്‍ സന്നിവേശിച്ചാല്‍ അവര്‍ സത്യം തിരിച്ചറിയുമെന്നു പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: