ന്യൂദല്‍ഹി: കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരൻ സുഖ ദുനേകയെ (സുഖ്ദോൾ സിംഗ്) കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി. ഫെയ്‌സ്ബുക്കിലൂടെയാണ് സുഖ്ദോൾ സിങിന്റെ മരണത്തിനു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം രംഗത്തെത്തിയത്.
മയക്കുമരുന്നു കേസില്‍ അഹമ്മദാബാദിലെ ജയിലില്‍ തടവില്‍ കഴിയുകയാണ് നിലവില്‍ ലോറന്‍സ് ബിഷ്‌ണോയി. അധോലോക തലവന്മാരായ ഗുര്‍ലാല്‍ ബ്രാറിനെയും വിക്കി മിദ്‌ഖേരയേയും കൊലപ്പെടുത്തിയതിന് പിന്നില്‍ ദുനേകയാണെന്നും വിദേശത്തിരുന്ന് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു എന്നും സംഘം ആരോപിക്കുന്നു. മയക്കുമരുന്നിനടിമയായ ദുനേക നിരവധി പേരുടെ ജീവിതം നശിപ്പിച്ചുവെന്നും ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കണമെന്നും പോസ്റ്റിലുണ്ട്.
‘ഞങ്ങള്‍ നിങ്ങളോട് ഒരു കാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ശത്രുക്കളായ ശേഷം, നിങ്ങള്‍ ഏത് രാജ്യത്ത് പോയാലും, നിങ്ങള്‍ ഏത് രാജ്യത്ത് ഒളിച്ചാലും നിങ്ങള്‍ക്ക് രക്ഷയില്ല, കുറച്ച് സമയമെടുത്തേക്കാം, പക്ഷേ എല്ലാവരും ശിക്ഷിക്കപ്പെടും’, ലോറന്‍സ് ബിഷ്‌ണോയി സംഘം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെയാണ് ഇയാളെ കാനഡയിലെ വിന്നിപെഗില്‍ വച്ച് അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം തിരയുന്ന ഭീകര പട്ടികയില്‍ ഉള്‍പ്പട്ടിരുന്ന കൊടും കുറ്റവാളികളില്‍ ഒരാളാണ് സുഖ്ദോൾ സിങ്. ഇയാള്‍ അടങ്ങിയ കുറ്റവാളികളുടെ വിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകമാണ് ഇയാൾ കൊല്ലപ്പെടുന്നത്.
ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ മുഖ്യ പ്രതിയാണ് ഗോള്‍ഡി ബ്രാര്‍. 2022 മെയ് 29 ന് മാന്‍സ ജില്ലയില്‍ വെച്ചാണ് സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ ശ്രീ മുക്ത്‌സര്‍ സാഹിബില്‍ നിന്നുള്ള ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ജീത് സിംഗ്, 2017 ല്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയിലേക്ക് താമസം മാറുകയായിരുന്നു. ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ പ്രമുഖനെന്ന നിലയില്‍ ഇയാള്‍ കുപ്രസിദ്ധനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: