ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിന് എകെജി കൗണ്ടറെന്ന പേര് നല്കിയതില്‍ വ്യാപക പ്രതിഷേധം. ക്ഷേത്രം മാര്‍ക്‌സിസ്റ്റ് വത്കരിക്കാനുള്ള നീക്കത്തിനെതിരെ, വിവിധ ഭക്തജന സംഘടനകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഭക്തന് ലഭിച്ച വഴിപാട് ടിക്കറ്റിലാണ് എകെജി കൗണ്ടര്‍ എന്ന് രേഖപ്പെടുത്തിയ ടിക്കറ്റ് ലഭിച്ചത്. സംശയം ചോദിച്ച ഭക്തന് ‘നിങ്ങളുടെ വഴിപാട് നടത്തിയാല്‍ പോരെയെന്ന’ മറുചോദ്യമാണ് കൗണ്ടര്‍ ക്ലര്‍ക്കില്‍ നിന്നും ലഭിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് ചില കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രം ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ പ്രദര്‍ശിപ്പിച്ചത്, പ്രതിഷേധത്തെ തുടര്‍ന്ന് നീക്കിയിരുന്നു. ഭരണസമിതിയും ദേവസ്വം അഡ്മിനിസ്ട്രേറ്ററും സിപിഎം നോമിനികളാണ്. അവരുടെ നിര്‍ദേശമോ, അനുമതിയോ ഇല്ലാതെ ഇത്തരത്തിലൊരു കൗണ്ടര്‍ പ്രത്യക്ഷപ്പെടാന്‍ ഒട്ടും സാധ്യതയില്ലെന്ന് ഭക്തര്‍ ആരോപിക്കുന്നു. കൂടാതെ, സിപിഎം ലോക്കല്‍ കമ്മിറ്റി ഭാരവാഹികളേയും ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളേയുമാണ് താത്കാലിക ജീവനക്കാരായി ഗുരുവായൂര്‍ ദേവസ്വത്തില്‍ കുത്തിനിറച്ചിരിക്കുന്നത്.
പല വിഷയങ്ങളിലും ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതി ഇടപെടേണ്ടി വരുന്നതും ഭക്തജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ബാലസംഘം സംസ്ഥാന ഭാരവാഹിയെയാണ് സോപാന സംഗീതത്തിനായി നിയമിച്ചിരിക്കുന്നത്. താത്ക്കാലിക ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച ഇയാളെ, മേലുദ്യോഗസ്ഥനെ ധിക്കരിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. എന്നാല്‍ കാലതാമസമില്ലാതെ എല്ലാ മാനദണ്ഡങ്ങളും മറികടന്ന് പൂര്‍വാധികം ശക്തിയോടെ സ്ഥിര ജീവനക്കാരനായി ഇയാളെ തിരിച്ചെടുത്തു. പാര്‍ട്ടി തലത്തില്‍ നിയമിക്കാന്‍ ഇനി മേല്‍ശാന്തി മാത്രമേ ക്ഷേത്രത്തില്‍ ബാക്കിയുള്ളുവെന്നതാണ് അവസ്ഥ.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകള്‍ക്ക് പ്രത്യേക പേരുകള്‍ നല്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ പ്രസ്താവനയില്‍ അറിയിച്ചു. ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഹീനശ്രമമാണ് ഇതിനു പിന്നില്‍. കമ്പ്യൂട്ടര്‍ സിസ്റ്റത്തിലാണ് ടിക്കറ്റ് കൗണ്ടറില്‍ ഭക്തരുടെ വഴിപാടുകള്‍ ശീട്ടാക്കുന്നത്. ക്ലര്‍ക്കുമാര്‍ പ്രവൃത്തിക്കു കയറുമ്പോള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനായി ക്ലര്‍ക്കുമാരുടെ പേര്, ഇനിഷ്യല്‍ എന്നിവയുടെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് യൂസര്‍ നെയിമായി നല്കിയിരിക്കുന്നത്. അപ്രകാരം അജിത്കുമാര്‍ ഗുരുവായൂര്‍ എന്ന ക്ലാര്‍ക്ക് കൊടുത്ത ടിക്കറ്റില്‍ എകെജി എന്നു കണ്ട് ഹീനമായ രാഷ്‌ട്രീയ നേട്ടം ലാക്കാക്കിയാണ് ചിലര്‍ കുപ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്.
അജിത്ത് കുമാര്‍ ഗുരുവായൂര്‍ എന്നതിന്റെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് എകെജി എന്നാണ് ദേവസ്വം ചെയര്‍മാന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: