പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍നിന്ന് പുതിയ പാര്‍ലമെന്റിലേക്ക് മാറിയ അഭിമാനകരമായ മുഹൂര്‍ത്തത്തിന് അടിവരയിടുന്നതാണ് നീണ്ട ഇരുപത്തിയേഴ് വര്‍ഷത്തെ ചരിത്രം പഴങ്കഥയാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് മുപ്പത്തിമൂന്ന് ശതമാനം സംവരണം നല്കുന്ന ഈ ബില്‍ നിയമമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉറപ്പു നല്‍കിയിരിക്കുകയാണ്. പറയുന്നത് മോദിയായതിനാല്‍ ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. എന്തൊക്കെ മാര്‍ഗതടസ്സങ്ങളുണ്ടായാലും അത് നടപ്പാക്കിയിരിക്കും. ഇതുകൊണ്ടുതന്നെയാവാം, തെറ്റായ അവകാശവാദങ്ങളുന്നയിച്ചും കള്ളക്കഥകള്‍ പ്രചരിപ്പിച്ചും മോദി സര്‍ക്കാരിന്റെ ഐതിഹാസികമായ ഈ നടപടിയുടെ ബഹുമതി ചുളുവില്‍ തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് വിഫലശ്രമം നടത്തുകയാണ്. അടല്‍ബിഹാരി വാജ്പേയി നേതൃത്വം നല്കിയ ബിജെപി സര്‍ക്കാരിന്റെ കാലത്താണ് ഈ ബില്ല് ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അന്നുതന്നെ ഇത് പാസ്സാക്കാനും കഴിയുമായിരുന്നു. എന്നാല്‍ മതിയായ ഭൂരിപക്ഷമില്ലാതിരുന്ന വാജ്പേയി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്സും പ്രതിപക്ഷപാര്‍ട്ടികളും തയ്യാറായില്ല. വനിതാ സംവരണത്തിനകത്ത് പിന്നാക്ക സംവരണത്തിന്റെ പ്രശ്നമുയര്‍ത്തി ലാലു പ്രസാദ് യാദവിന്റെയും മുലായം സിങ് യാദവിന്റെയും മായാവതിയുടെയും പാര്‍ട്ടികളെ ഇളക്കിവിടുകയായിരുന്നു. ബില്ലിനെ എതിര്‍ത്ത ഇവര്‍ അത് പാസ്സാക്കാന്‍ അനുവദിച്ചില്ല. മറിച്ചായിരുന്നെങ്കില്‍ വനിതാ സംവരണ ബില്‍ ഇതിനകം നിയമമാവുകയും, അതിന്റെ ഗുണഫലം രാജ്യത്തെ സ്ത്രീ സമൂഹത്തിന് ലഭിക്കുകയും ചെയ്യുമായിരുന്നു.
ഈ ചരിത്രമൊക്കെ പകല്‍പോലെ വ്യക്തമായിരുന്നിട്ടും വനിതാസംവരണ ബില്‍ തന്റെ ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ആശയമാണെന്നും, കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ചതാണെന്നും മറ്റും അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നിരിക്കുകയാണ് സോണിയ. രാഷ്ട്രീയ കാപട്യത്തിന്റെ ആള്‍രൂപമായ ഈ സ്ത്രീ ഇതും ഇതിലപ്പുറവും ചെയ്തെന്നുവരും. ഭര്‍ത്താവിന്റെ അകാലമരണത്തിന്റെ ആനുകൂല്യത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അധികാരത്തിന്റെ കടിഞ്ഞാണ്‍ കയ്യിലെടുത്ത ഇവര്‍ ഇങ്ങനെയൊക്കെ പെരുമാറുന്നതില്‍ അത്ഭുതമില്ല. കാണാന്‍ സുന്ദരനായിരുന്നു എന്നതൊഴിച്ചാല്‍ കഴിവിന്റെ കാര്യത്തില്‍ ഒരു ശരാശരി കോണ്‍ഗ്രസ്സ് നേതാവ് മാത്രമായിരുന്ന രാജീവിന്റെ കാലത്താണ് ആദ്യമായി വനിതാ സംവരണം ആവിഷ്കരിച്ചതെന്നൊക്കെ പറയുന്നത് പരിഹാസ്യമാണ്. സാം പിട്രോദയുടെയും മറ്റും ശ്രമഫലമായി വാര്‍ത്താവിനിമയ രംഗത്തുണ്ടായ മാറ്റത്തിന്റെ ബഹുമതി ഇക്കാര്യത്തില്‍ സാക്ഷരതപോലും ഇല്ലാതിരുന്ന രാജീവിന് നല്കുന്നതുപോലെയാണ് വനിതാ സംവരണമെന്ന ആശയം രാജീവിന്റെ തലയില്‍ ഉദിച്ചതാണെന്ന കണ്ടുപിടുത്തം! 2010 ല്‍ രാജ്യസഭ പാസ്സാക്കിയ വനിതാ ബില്‍ ലോക്സഭ കടന്നില്ല. ഇതിനു പിന്നിലും കോണ്‍ഗ്രസ്സിന്റെയും സോണിയയുടെയും അധികാരമോഹമായിരുന്നു. ബില്ല് പാസ്സായാല്‍ സര്‍ക്കാരിനൊപ്പം നില്ക്കുന്ന ചില കക്ഷികളുടെ പിന്തുണ നഷ്ടമാകുമെന്നതിനാല്‍ കോണ്‍ഗ്രസ് കള്ളക്കളി നടത്തുകയായിരുന്നു. വനിതാ സംവരണത്തിനൊപ്പമാണെന്നു വരുത്തുക, അതേസമയം അത് നിയമമാക്കാതെ നോക്കുക. ഇതായിരുന്നു തന്ത്രം. വനിതാ സംവരണ ബില്‍ രാജ്യസഭ പാസ്സാക്കിയതിനുശേഷവും നാല് വര്‍ഷം കോണ്‍ഗ്രസ്സ് അധികാരത്തിലുണ്ടായിരുന്നു. എന്നാല്‍ നിയമമാക്കാന്‍ ചെറുവിരല്‍ പോലും അനക്കിയില്ല.
അധികാരത്തിലുണ്ടായിരുന്നപ്പോള്‍ വനിതാ സംവരണ ബില്‍ ശീതീകരണിയില്‍ വച്ചിരുന്ന കോണ്‍ഗ്രസ്സിന് ഇത് നിയമമാവാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നതിനാല്‍ ആശങ്കയുണ്ടത്രേ. കപടമായ ആത്മാര്‍ത്ഥത പ്രകടിപ്പിക്കുകയാണ് ഈ പാര്‍ട്ടി. വനിതാ സംവരണ ബില്ലില്‍ ദളിത്-പിന്നാക്ക സംവരണം വേണമെന്നും സോണിയ ആവശ്യപ്പെടുന്നത് ഇനിയും മാര്‍ഗതടസ്സങ്ങള്‍ സൃഷ്ടിക്കാനാണ്. വനിതാ സംവരണത്തിലൂടെ അവര്‍ ശാക്തീകരിക്കപ്പെട്ടില്ലെങ്കിലും ജാതിവാദികളായ ചില പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. വനിതാ ബില്‍ ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണ്. മണ്ഡല പുനര്‍നിര്‍ണയം നടത്തിയ ശേഷമേ നിയമം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. മണ്ഡല പുനര്‍നിര്‍ണയം 2026 വരെ സുപ്രീംകോടതി മരവിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം മറച്ചുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്. ഇപ്പോഴത്തെ ബില്‍ ലോക്സഭാ പാസ്സാക്കിയിരിക്കുന്നു. രാജ്യസഭയിലും പാസ്സാക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് മോദി സര്‍ക്കാര്‍ ഈ ബില്ല് അവതരിപ്പിച്ചതെന്നാണ് മറ്റൊരു വിമര്‍ശനം. നല്ല കാര്യങ്ങള്‍ ചെയ്ത് ജനങ്ങളുടെ പിന്തുണ നേടുന്നതില്‍ എന്താണ് തെറ്റ്? ഭാരതത്തിന്റെ വികസന യാത്രയില്‍ വനിതകളെ മുന്നില്‍ നിര്‍ത്തി നിരവധി പദ്ധതികളാണ് ഒന്‍പത് വര്‍ഷക്കാലത്തെ ഭരണത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ ദിശയില്‍ ഒരു കുതിച്ചുചാട്ടമാണ് വനിതാ സംവരണം നടപ്പാക്കാനുള്ള തീരുമാനവും. രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ ഇതിന് ലഭിക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: