ചണ്ഡീഗഢ്: കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഖലിസ്ഥാന്‍ സംഘടനകളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ കുടുങ്ങിപ്പോയതാണ് ഇന്ത്യയെ പരസ്യമായി കുറ്റപ്പെടുത്തുന്നതിന് കാരണമായതെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്. ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യാസര്ക്കാരാണെന്ന ഗുരുതരമായ കുറ്റപ്പെടുത്തല്‍ കഴിഞ്ഞ ദിവസം കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കാനഡ പാര്‍ലമെന്റില്‍ നടത്തിയിരുന്നു.
“ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകവുമായി ഇന്ത്യയിലെ സര്‍ക്കാരിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ല. കാനഡയിലെ സറിയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയിലെ മാനേജ് മെന്റിന് ഉള്ളിലുണ്ടായ ഗ്രൂപ്പ് തര്‍ക്കമാണ് ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.”- അമരീന്ദര്‍ സിങ്ങ് വിശദീകരിച്ചു.
കാനഡയിലെ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ ജൂണ്‍ 18നാണ് നിജ്ജര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ മേധാവിയാണ് ഹര്‍ദീപ് സിങ്ങ് നിജ്ജര്‍. ഇന്ത്യ പിടികൂടാന്‍ ശ്രമിച്ചിരുന്ന ഈ ഖലിസ്ഥാന്‍ തീവ്രവാദിയുടെ തലയ്ക്ക് എന്‍ഐഎ 10 ലക്ഷമാണ് വിലയിട്ടിരുന്നത്.
“ഏതാനും വോട്ടുകള്‍ക്ക് വേണ്ടി ഇന്ത്യയുമായുള്ള അമൂല്യമായ നയതന്ത്രബന്ധമാണ് കാനഡയുടെ പ്രധാനമന്ത്രി ബലി കഴിച്ചത്. വോട്ട് ബാങ്കിന് വേണ്ടിയാണ് അദ്ദേഹം തെളിവുകള്‍ ഒന്നുമില്ലാതെ നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യാ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കനേഡിയന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. ഇതു വഴി കാനഡയിലെ ഇന്ത്യാ വിരുദ്ധ ഖലിസ്ഥാന്‍ സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുകയാണ് ജസ്റ്റിന് ട്രൂഡോ ചെയ്തത്.” – അമരീന്ദര്‍ സിങ്ങ് പറഞ്ഞു.
“കാനഡയില്‍ ഇന്ത്യയില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ ഭീഷണികള്‍ക്ക് ഇരയാവുന്നു. ഇന്ത്യയില്‍ നിന്നുള്ള ദൗത്യസംഘം കാനഡയില്‍ ആക്രമിക്കപ്പെടുന്നു. എന്നിട്ടും കാനഡ സര്‍ക്കാര്‍ അത് തിരുത്താനുള്ള ഒരു നടപടിയും എടുക്കുന്നില്ല. ഇന്ത്യയ്ക്കെതിരായ ഇത്തരം നിരുത്തവാദപരമായ പ്രസ്താവനകള്‍ നടത്തുക വഴി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഖലിസ്ഥാന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പരാജയം മറയ്ക്കാനാണ് ജസ്റ്റിന് ട്രൂഡോ ശ്രമിക്കുന്നത്. കാനഡയിലെ മണ്ണ് എങ്ങിനെയാണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്നതെന്ന് ഞാന്‍ ട്രൂഡോയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 2018ല്‍ ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ എല്ലാകാര്യങ്ങളും ട്രൂഡോയുമായി പങ്കുവെച്ചിരുന്നതായും അമരീന്ദര്‍ സിങ്ങ് പറഞ്ഞു. എന്നാല്‍ ഇത് പരിഹരിക്കാന്‍ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, കാനഡയില്‍ കാര്യങ്ങള്‍ ഇക്കഴിഞ്ഞ നാളുകളില്‍ വഷളാവുകയും ചെയ്തു”- അമരീന്ദര്‍ സിങ്ങ് അഭിപ്രായപ്പെട്ടു.
“കാനഡയിലെ പ്രതിരോധമന്ത്രി ഹര്‍ജിത് സിങ്ങ് സജ്ജന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ കാണാന്‍ പോയില്ല. അതിന് കാരണം അദ്ദേഹം വേള്‍സ് സിഖ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാലാണ്. ആ സംഘടനയ്ക്ക് ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ ചരിത്രമുണ്ട്.” – അമരീന്ദര്‍ വ്യക്തമാക്കി.
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന കാനഡയിലെ നയതന്ത്രോദ്യോഗസ്ഥനെ പുറത്താക്കിയതിന് കേന്ദ്രസര്‍ക്കാരിനെ അമരീന്ദര്‍ സിങ്ങ് അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: