Categories: India

ഇന്ത്യ-കാനഡ സംഘര്‍ഷം കാനഡയിലെ ഹിന്ദുക്കളോട് കാനഡ വിട്ട് ഇന്ത്യയിലേക്ക് പോകാന്‍ ഖലിസ്ഥാന്‍ നേതാവിന്റെ അന്ത്യശാസനം

Published by

ഒട്ടാവ: കാനഡയിലെ ഹിന്ദുക്കളോട് കാനഡ വിട്ട് ഇന്ത്യയിലേക്ക് പോകാന്‍ അന്ത്യശാസനവുമായി ഖലിസ്ഥാന്‍ നേതാവ്. സിഖ് സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) എന്ന സംഘടനയുടെ നേതാവായ ഗുര്‍പന്ത് വന്ത് സിങ്ങ് പന്നു ആണ് സമൂഹമാധ്യമത്തില്‍ ഈ ആവശ്യം ഉന്നയിക്കുന്ന വീഡിയോ പങ്കുവെച്ചത്.

“കാനഡയിലുള്ള ഹിന്ദുക്കളായ ഇന്ത്യക്കാരേ, നിങ്ങളുടെ നാട് ഇന്ത്യയാണ്. കാനഡ വിട്ട് വേഗം ഇന്ത്യയിലേക്ക് പോകൂ”- ഇതാണ് ഗുര്‍പന്ത് വന്ത് സിങ്ങ് പന്നു വീഡിയോയില്‍ ആവശ്യപ്പെടുന്നത്. ഈ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്.

വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഖലിസ്ഥാന്‍ സംഘടനകളുടെ താളത്തിനൊത്ത് തുള്ളാന്‍ പ്രേരിപ്പിക്കുന്നത്. അവരുടെ ആവശ്യപ്രകാരമാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യ 10ലക്ഷം തലയ്‌ക്ക് വിലയിട്ട ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ മരണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രൂഡോ വിജയം ഉറപ്പാക്കിയത് സിഖ് സംഘടനകളുടെ പിന്തുണയോടെയാണ്. കാനഡയില്‍ സിഖുകാരുടെ സംഘടനകള്‍ ജസ്റ്റിന്‍ ട്രൂഡോയെ പിന്തുണയ്‌ക്കുന്നവരാണ്. ആകെ നാല് കോടി ജനസംഖ്യയുള്ള കാനഡയില്‍ 14 ലക്ഷത്തോളം ഇന്ത്യക്കാരാണ്. അതില്‍ തന്നെ 7.7 ലക്ഷം പേര്‍ കടുത്ത സിഖ് മതവിശ്വാസികളാണ്. ഇന്ത്യയ്‌ക്ക് പുറത്ത് സിഖുകാരുടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യമാണ് കാനഡ.

ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജറിനെ കാനഡയില്‍ വെച്ച് വധിച്ചത് ഇന്ത്യ സര്‍ക്കാരിന്റെ അറിവോടെയാണെന്ന് കഴിഞ്ഞ ദിവസം കാനഡ പ്രസിഡന്‍റ് ജസ്റ്റിന്‍ ട്രൂഡോ വിമര്‍ശിച്ചിരുന്നു. ഇതോടെ ഇന്ത്യ കാനഡയുടെ ഒരു നയതന്ത്ര പ്രതിനിധിയോട് അഞ്ച് ദിവസത്തിനകം ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക