കാസര്‍കോട്: ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ മേല്‍പാലം യാഥാര്‍ഥ്യമാകുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള റീച്ചില്‍ കാസര്‍കോട് ടൗണില്‍ പാലം നിര്‍മിക്കുന്നത്. കേരളത്തില്‍ തലപ്പാടി തൊട്ട് തിരുവനന്തപുരം വരെയുള്ള ആറുവരിപ്പാതയില്‍ ഇത്തരത്തിലൊരു പാലം കാസര്‍കോടിനു മാത്രം സ്വന്തം.27 മീറ്ററാണ് പാലത്തിന്റെ വീതി. കോയമ്പത്തൂര്‍ അവിനാശിയില്‍ സമാന രീതിയിലുള്ള പാലം നിര്‍മാണത്തിലുണ്ട്.
ആന്ധ്രാപ്രദേശിലെ വിജയവാഡയിലും ഒറ്റത്തൂണ്‍ പാലമുണ്ട്. എന്നാല്‍ ഇതിന്റെയൊക്കെ വീതി 24 മീറ്റര്‍ മാത്രമാണ്. ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ത്തിയാണ് സാധാരണ ഗതിയില്‍ പാലങ്ങള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍ ഇതിന് മധ്യത്തില്‍ ഒറ്റത്തൂണ്‍ മാത്രമുള്ളതാണ് പ്രത്യേകത. മനുഷ്യന്റെ നട്ടെല്ലും ചുമലും എന്നാണ് ഇത്തരം നിര്‍മാണരീതിയെ വിശേഷിപ്പിക്കുന്നത്.
കറന്തക്കാട് നിന്നും അഗ്നിരക്ഷാസേനയുടെ ഓഫീസ് മുതല്‍ പുതിയ ബസ്സ്റ്റാന്റില്‍ പ്രവര്‍ത്തിച്ചിരുന്ന കോഫി ഹൗസ് കെട്ടിടം വരെ 1.12 കിലോമീറ്റര്‍ നീളത്തിലാണ് പാലം വരുന്നത്. ഇത്രയും ദൈര്‍ഘ്യത്തിന് 30 തൂണുകളാണുള്ളത്. ഇരുഭാഗത്തും തൂണുകള്‍ നിര്‍മിക്കുകയാണെങ്കില്‍ 60 എണ്ണം വേണം. നാലുമുതല്‍ ഒന്‍പതുവരെ മീറ്റര്‍ ഉയരത്തിലാണ് തൂണുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ തൂണുകളല്ലാം പൂര്‍ത്തിയാക്കി മുകള്‍ ഭാഗത്തെ സ്ലാബുകളുടെ പണിയും ഏറെക്കുറേ പൂര്‍ത്തിയായി. ഇനി മൂന്നു സ്പാനുകളുടെ പണി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്.
ആദ്യഘത്തില്‍ പൂര്‍ത്തിയായ സ്പാനുകളില്‍ ടാറിങും കഴിഞ്ഞിട്ടുണ്ട്. സാധാരണ നിര്‍മിക്കുന്ന രണ്ട് തൂണുകളുടെതിനേക്കാള്‍ ചുറ്റളവിലാണ് ഒറ്റതൂണ്‍ നിര്‍മിച്ചിരിക്കുന്നത്. ചെലവാകുന്ന തുകയില്‍ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും നഗരത്തിന് ആകര്‍ഷകവും കൂടുതല്‍ സ്ഥലസൗകര്യവും ലഭ്യമാകും. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് തലപ്പാടി-ചെങ്കള റീച്ച് കരാര്‍ ഏറ്റെടുത്തത്. സംസ്ഥാനത്ത് ആദ്യം 53 ശതമാനം പണി പൂര്‍ത്തിയാക്കി വാഹനങ്ങള്‍ കടത്തിവിട്ടതും ഇതേ റീച്ചിലാണ്. 75 ശതമാനം പണിയും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. റീച്ചില്‍ ചെറുതും വലുതുമായ എട്ട് പാലങ്ങളും ദ്രുതഘതിയില്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: