ആകാശഗത്യഭാവാദിനിരൂപണം
അത്യന്തമായി ഉള്‍ത്താരില്‍ മുത്താര്‍ന്നുകൊണ്ട് അതിനുത്തരം ഇത്തരത്തില്‍ വസിഷ്ഠന്‍ പറഞ്ഞുകൊടുത്തു. ”ഉള്ളില്‍ ശുഭാശുഭാഹങ്കാരമുള്ള ശരീരം ഈ സംസൃതിവല്ലിക്ക് ബീജമാകുന്നിതെന്നു ധരിക്കുക. ജന്മമരണാദ്യവസ്ഥകള്‍ക്കൊക്കെയും കോശമെന്നവണ്ണം ആശ്രയഭൂതമായി, സ്വയം നിരൂപിക്കുകില്‍, സര്‍വസന്താപരത്‌നസമുല്‍ഗമമായി ആശാവശാനുഗമമായുള്ള മാനസം ഈ ശരീരത്തിനു ബീജമായീടുന്നു. സത്തും അസത്തുമായീടുന്ന ശരീരം ചിത്തത്തില്‍നിന്നുണ്ടാകുന്നു. എന്നും സ്വപ്‌നഭ്രമങ്ങളിലായി ഇതിനെ നന്നായി സ്വയം അനുഭവിക്കുന്നു. വള്ളികള്‍ ചുറ്റിച്ചേര്‍ന്നുനിന്നീടുന്ന ചിത്തവൃക്ഷത്തിനു രണ്ടു ബീജങ്ങളുണ്ട്- ഒന്ന് പ്രാണപരിസ്പന്ദവും മറ്റൊന്ന് ദൃഢവാസനയുമാണ്.
രാമ! നാഡികളില്‍ സ്പര്‍ശനംകൊണ്ട് ഉണര്‍വുണ്ടായി പ്രാണന്‍ എപ്പോള്‍ ചലിക്കുന്നു, അപ്പോള്‍ സംവേദനമായ ചിത്തം പെട്ടെന്നു ഉത്ഭവിക്കുന്നു. എങ്ങും വ്യാപിച്ചതായ സംവിത്ത് പ്രാണസഞ്ചലനംകൊണ്ട് ദൃശ്യബോധത്തെ കൈക്കൊള്ളുന്നു. ആ ബോധം ബഹിര്‍മുഖമാകാതെ നല്ലവണ്ണം തടഞ്ഞുകൊണ്ടീടുന്നതാകില്‍ ഏറ്റവും ശ്രേയസ്സായിവരുമെന്നതില്‍ സന്ദേഹമില്ല. സംവിത്സമുദിതമായിട്ട് ഉടന്‍തന്നെ സംവേദ്യമാര്‍ന്നുകൊള്ളുന്നു. പിന്നെ ആ സംവേദനത്തില്‍നിന്ന് ചേതസ്സിന് അളവറ്റ സങ്കടം വന്നുഭവിക്കുന്നു. പിന്നീട് ഉണരാത്തവണ്ണം സംവിത്ത് നല്ല ഉറക്കമായി വര്‍ത്തിക്കുന്നു. കിട്ടേണ്ട നിര്‍മ്മലമായ തല്പ്പദം ലഭ്യമായെന്നറിയുക. അതുകൊണ്ട് പ്രാണനുള്ള ചലനത്താലും ദൃഢമായ വാസനയാലും സംവിത്തിനെ തടുപ്പിക്കാതിരിക്കിലോ നീ നിര്‍വ്യാജമായി അജനായി (ജനിക്കാത്തവനായി) ഭവിക്കും. ചിത്തമായീടുന്നത് സംവിത്തിന്റെ (ജ്ഞാനത്തിന്റെ) വിക്ഷൂബ്ധതതന്നെയാണ്. ചിത്തം നിമിത്തം ഈ സംസാരമെന്ന മഹാനര്‍ത്ഥം നല്ലവണ്ണം പരന്നു നിന്നീടുന്നു. യോഗശാസ്ത്രങ്ങളില്‍ പറയപ്പെടുന്നതായ നല്ല പ്രയോഗങ്ങളാകുന്ന മഹാമുദ്രാദികളാലും ധ്യാനങ്ങളാലും പ്രാണായാമങ്ങളാലും അതീവയോഗീന്ദ്രന്മാര്‍ ചിത്തശാന്തിക്കായി എപ്പോഴും പ്രാണരോധനം ചെയ്തുകൊണ്ടിരിക്കുന്നു. ചിത്തത്തിന്റെ ഉപശാന്തി അത്യന്തമുത്തമവും ഫലപ്രാപ്തിയും നല്ല സമദൃഷ്ടിക്കു കാരണവുമാണ്. ചിന്തിക്കില്‍ വിഷയസംബന്ധമാകുന്ന ജ്ഞാനത്തെ നീക്കുന്നത് ആനന്ദദായകമാണ്. സത്തുക്കളൊക്കെയും ഇതിനെ പ്രാണസംരോധമെന്നു പറയുന്നു.”മഹാമതേ! ചിത്തം വാസനയിങ്കല്‍നിന്ന് ഉത്ഭവിക്കുന്നത് ഞാനിനി പറയാം. പൂര്‍വാപരങ്ങളെ ചിന്തിക്കാതെ ദൃഢഭാവനകൊണ്ട് പരമായ വിഷയങ്ങളെ സ്വീകരിക്കുന്നതു വാസനയാണെന്നു സത്തുക്കള്‍ പറയുന്നു. ദൃഢാഭ്യാസംകൊണ്ട് ഏതു വസ്തു ചേതസ്സുകൊണ്ട് കല്പിതമാകുന്നു, വസ്ത്വന്തരത്തെ ഓര്‍ത്തീടാതെ ഉടനെ ആ വസ്തുവായിത്തന്നെ പുരുഷന്‍ ഭവിക്കുന്നു. ഭാവനനിമിത്തം വിവശനായി അതേരൂപനായീടുന്ന പുരുഷന്‍ ഏതൊന്നിനെ ഭാവിച്ചുകൊള്ളുന്നുവോ ആയതു സദ്വസ്തുവാകുന്നിതെന്നു വിമോഹിച്ചീടുന്നു. ദുര്‍ദൃഷ്ടിയാകുന്ന പുരുഷന്‍ വാസനാവേഗവൈവശ്യംകൊണ്ട് തന്റെ ശരീരം വെടിയുന്നു. വലിയ മദപാരവശ്യത്തിനാല്‍ എന്നപോലെ സകലവും ഭാന്തമായി കാണുന്നു. കല്യബുദ്ധേ! ചിന്തിച്ചാലും, വഴിപോലെയല്ലാത്ത ദര്‍ശനത്തിനും അനാത്മാവില്‍ ആത്മാവതെന്നുള്ള ഭാവനയ്‌ക്കും വസ്തുവല്ലാത്തതു വസ്തുവായി നിനപ്പാനും യാതൊന്നു കാരണമായി ഭവിക്കുന്നുവോ വാദമില്ല, ചേതസ്സതുതന്നെ. പദാര്‍ത്ഥൈകഭാവനകൊണ്ട് ദൃഢാഭ്യാസം ഓര്‍ത്തീടുകില്‍ അത്യന്ത ചഞ്ചലമാണത്. രാഘവ! മാനസം ജന്മാദികാരണം ഉണ്ടാകുന്നു. തള്ളുക, കൊള്ളുക എന്നുള്ളതില്ലാതെ എല്ലാം ത്യജിച്ചുകൊണ്ട് എന്നു വാണീടുന്നു അന്നോര്‍ക്ക സന്ദേഹമൊട്ടുമില്ല, ചിത്തമുണ്ടാകാതെയാകുന്നു. എന്നും വാസനത്വമില്ലായ്മകൊണ്ട് മനസ്സിന് എന്നു സങ്കല്പമില്ലാതെയാകുന്നു, നല്ല ഉപശമനം നല്‍കുന്ന ആ ചിത്തത ഉദിച്ചുകൊണ്ടീടുന്നത് അന്നുതന്നെ. ലോകവസ്തുക്കളിലൊന്നിലും അല്പംപോലും ചിന്ത എന്നില്ലാതെയാകുന്നു, അന്നോര്‍ക്ക ശൂന്യമായീടും ഹൃദംബരംതന്നില്‍ എവ്വണ്ണം മാനസമുണ്ടാകുന്നുവെന്ന്. പദാര്‍ത്ഥം പരമാര്‍ത്ഥമായുള്ളതാണെന്നു ചേരുന്ന ഭവാനയാകുന്നു. സാദരം ചേരുന്ന ഭാവനയാണ് ചേതസ്സിനുള്ളോരു രൂപം എന്നു നീ ധരിക്കുക. ലേശവും സങ്കല്പയോഗ്യമായീടുന്ന ദൃശ്യത്തെ ഓര്‍ക്കാതെ ആകാശമെന്നപോലെ സ്വച്ഛനായുള്ളവന്‍ എങ്ങനെയാണ് ചിത്തോദയം ഭവിച്ചീടുന്നതെന്നോര്‍ക്കുക. നിസ്സാരമെന്നോര്‍ത്ത് കൈക്കൊണ്ടീടുന്നതും ദൃശ്യത്തെ ഇല്ലാത്തതെന്നു ഭാവിപ്പതും സത്യമായുള്ളത് അറിവതും കേള്‍വികേട്ട ബുദ്ധിമാന്മാര്‍ അചിത്വം എന്നു പറയുന്നു. സാധോ! സര്‍വവും അന്തഃപരിത്യജിച്ചിട്ട് ശീതളാശയവൃത്തിയായീടുന്ന മാനസം വൃത്തിസ്ഥമെന്നാകിലും അസദ്രൂപമെന്ന് ഉത്തമന്മാരാല്‍ പറയപ്പെടുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: