ആകാശഗത്യഭാവാദിനിരൂപണം
മതിമാനായ ശ്രീരാമചന്ദ്രന് ചോദിച്ചു, ”കാരുണ്യസിന്ധുവായ മുനീന്ദ്ര! ജീവന്മുക്തന്മാരായവരുടെ ശരീരങ്ങള്‍ക്ക് ആകാശത്തു സഞ്ചരിക്കാനുള്ള ശക്തികള്‍ ഒന്നുമേ കാണാത്തതെന്തുകൊണ്ടാണ്?” ഇതുകേട്ട് വന്ദ്യനായ മുനിശ്രേഷ്ഠന് പറഞ്ഞു, ”ജ്ഞാനിയും മുക്തനുമല്ലെങ്കിലും മനുഷ്യന് ആകാശസഞ്ചാരാദിയായ ദ്രവ്യമന്ത്രക്രിയാകാലശക്തിയോടെ രാമചന്ദ്ര! അതു പ്രാപിച്ചുകൊള്ളുന്നു. ഇതില്‍ ആത്മജ്ഞനായവന് ഒട്ടും കൗതുകമില്ല. ആത്മജ്ഞന്‍ സര്‍വ്വദാ ആത്മദൃക്കാകുന്നു. ആത്മാവില്‍ ആത്മനാ സംതൃപ്തനായവന്‍ ഈവക സിദ്ധിയെ തേടുകയില്ലായെന്നു നീ ഓര്‍ക്കുക. ആത്മവാന് സര്വാതീതനാണ്. അവന് വിഗതൈഷിണ (മൂന്ന് ഏഷണകളെയും വിട്ടവന്)നാണല്ലോ. എപ്പോഴും ആത്മാവില്‍ ആത്മനാ സന്തുഷ്ടനായവന് ഒന്നുമേ ചെയ്യുകയുമില്ല ഇച്ഛിക്കയുമില്ല. ജഗത്ഭാവങ്ങളൊക്കെയും മായാമയങ്ങളാകുന്നു എന്നു നീ ഓര്‍ക്കുക. മായയെ നന്നായി ജയിച്ച മഹാത്മാക്കള്‍ ആയവയില്ച്ചെന്നു മുഴുകുന്നതെങ്ങനെ?
”ശുദ്ധബുദ്ധേ! നീരൂപിക്ക, നീ ജ്ഞാനിയാണ്. സിദ്ധജാലങ്ങളെ നീ ആഗ്രഹിച്ചുകൊള്ളുകില് ഉന്നതമായ ദ്രവ്യമന്ത്രക്രിയാകാലശക്തികൊണ്ട് ക്രമത്തില്‍ അവയെ പ്രാപിക്കും. ഈ ദ്രവ്യമന്ത്രക്രിയാകാലശക്തികള് സിദ്ധികളെ തരുന്നവകളാണ്. മുക്തി സാധിക്കുന്നതിന് ഒന്നും ഇത്തിരിപോലും ഉപകരിക്കില്ല. ജ്ഞാനം പരിപൂര്ണമായുള്ള മാന്യനു ഒന്നിങ്കലും ഇച്ഛ ഉണ്ടായിവരികയില്ല. ഒരിച്ഛ ഉള്ളില്‍ ഉത്ഭവിച്ചാല്‍ നിശ്ചയമായും സിദ്ധിയെ പ്രാപിക്കും. ഉള്ളില്‍ ഇച്ഛയില്ലാതെയായാല് ആത്മലാഭം ഉത്ഭവിക്കും. സിദ്ധിയെപ്പററ്റിയുണ്ടാകുന്ന വാഞ്ഛയില്‍ ചിത്തം മുഴുകിച്ചമഞ്ഞാല് ആത്മലാഭം എങ്ങനെയുണ്ടാകും, ഗുണംതിങ്ങും രഘുപതേ! ചിന്തിക്കുക.
വന്ദ്യനായീടും ഗുരുവിനോട് പിന്നെയും രഘുവരന് ചോദിച്ചു, ”യോഗികള്‍ ഏറിയകാലം എങ്ങനെ ജീവിച്ചിരിക്കുന്നു, എന്നുള്ള സംശയം തീര്‍ക്കേണമേ.” എന്നതുകേട്ടിട്ട് മുനീന്ദ്രന് പറഞ്ഞു, ”പ്രാണാദി വായുക്കളുടെ ചലനംകൊണ്ട് ശരീരത്തിനു നാശം സംഭവിക്കുന്നു. ആയതടങ്ങിയെങ്കില് നിര്‍വാദം പര്വതംപോലായിച്ചമഞ്ഞീടും. യോഗികള്‍ പ്രാണനെ നന്നായി തടയുന്നതുകൊണ്ട് നശിക്കാതിരിക്കുന്നു. ഏതൊരുത്തന്റെ അകത്തും പുറമേയും വാതവും പിത്തവും സ്പന്ദിച്ചീടുന്നില്ല ആയവന് ജരയും മരണവും ഏറ്റവും അകലെയായിവരും. സാധോ! വെളിയിലും ഉള്ളിലും പ്രാണനും ചേതസ്സും ഒട്ടും ചലിക്കാതെ അടങ്ങുകില് ശരീരത്തിലുള്ള സംസ്ഥിതിയെ ചാരുബുദ്ധേ! ധാതുക്കള്‍ ഒരിക്കലും വെടിയുകയില്ല. തത്ത്വമറിഞ്ഞ് ആശയില്ലാതായി മഹാബുദ്ധിമാന്മാരായി ബന്ധമകന്നുളള യോഗികളൊക്കെയും സ്വാതന്ത്ര്യമാര്ന്ന് ശരീരത്തില്‍ സംസ്ഥിതിചെയ്യുന്നു.”
മതിമാനായ ദശരഥപുത്രന് പിന്നെയും ഇങ്ങനെ ചോദിച്ചു, ”വിവേകാഭ്യുദയംകൊണ്ട് ചിത്തം സ്വരൂപത്തില്‍ ലയിച്ചുകൊണ്ടീടുകില് മൈത്ര്യാദികളായ നാലുഗുണങ്ങളും എവിടെ ഉത്ഭവിച്ചീടുന്നു എന്നരുള്ചെയ്യേണമേ, എന്നതു കേട്ടു മുനീന്ദ്രന് പറഞ്ഞു, ”ചിത്തനാശം സ്വരൂപമരൂപമെന്നിങ്ങനെ രണ്ടുമാതിരിയാണ്. ജീവന്മുക്തിയില് ചിത്തത്തിന് സ്വരൂപനാശമുണ്ടാകുമെന്ന് നീ ധരിക്കുക. വിദേഹമുക്തന്റെ മനസിനു നന്നായി അരൂപനാശം വരും. ചിത്തമുണ്ടെങ്കില് സങ്കടം ഭവിക്കുന്നു. ചിത്തമില്ലെങ്കില്‍ ആനന്ദമായിവരും. ചിത്തത്തെ അല്പവും പൊങ്ങാനയയ്ക്കാതെ എത്രയും വേഗം നശിപ്പിക്കുക. പ്രാകൃതമാകുന്ന ഗുണസംഭാരം എന്നുടെയാകുന്നുവെന്നു അഭിമാനിച്ചുകൊള്ളുന്നു. തത്ത്വം ധരിക്കാതെ ദുഃഖിച്ചീടുന്ന ചിത്തം ജീവനാകുന്നുവെന്നു ധരിച്ചീടുക. സുഖദുഃഖാദികളാര്ന്ന ചിത്തം ഭവത്തിന്റെ വൃക്ഷാങ്കുരമായി വര്‍ത്തിക്കുന്നു.
”ഞാനിതുവരെ ചിത്തത്തിനുള്ള സത്തയെ പറഞ്ഞു. ഇനി ചിത്തനാശത്തെ പറയാം. ചോദിക്കാന്‍ മിടുക്കുള്ള നീ രാജീവലോചന! നന്നായി അറിയുക. അറ്റമില്ലാതുള്ള നിശ്വാസം പര്‍വതത്തെ അല്പംപോലും ചലിപ്പിക്കാത്തതുപോലെ വലിയ സുഖവും ദുഃഖവും ഏതൊരു ധീരനെ സാമ്യത്തില്‍ നിന്നിളക്കുന്നീലാ, മഹത്വം കലര്‍ന്നുള്ള അവന്റെ മാനസം മൃതമെന്നറിഞ്ഞാലും. ദാരിദ്ര്യം, ആപത്ത്, മാന്ദ്യം, മഹോത്സവം, വലിയ ഉത്സാഹം, മദം എന്നിവകളാല്‍ അല്പവും വൈരൂപ്യമാര്ന്നുകൊള്ളാത്ത ഒരു സല്പുമാന്റെ മനം നഷ്ടമെന്നോര്ക്കുക. മാനസം മൗഢ്യമാകുന്നു. മൗഢ്യമില്ലാതെ ഭവിക്കുമ്പോള്‍ ചിത്തനാശം എന്നു പേരുള്ള സത്വം സുതരാം ഉദിക്കുന്നു. അത് മൈത്ര്യാദികളാകുന്ന ഗുണങ്ങളോട് സംയുക്തമായി ഉത്തമവാസനമായി വീണ്ടും ജന്മമെത്താത്തതായി പരം വിളങ്ങുന്നോരു ജീവന്മുക്തനുള്ള ചിത്തമായിട്ടു ഭവിക്കുന്നു. മാനസത്തിന്റെ സ്വരൂപനാശം ഇതുതന്നെയെന്നു ബുദ്ധിമാനായ രാമ! നീ ധരിച്ചാലും. മൈത്ര്യാദിഗുണങ്ങള്‍ വസന്തകാലത്തു പൂന്തൊത്തുകള് പോലെ പ്രകാശിക്കും. ചിത്തിനുള്ള അരൂപനാശം നിരംശസ്വരൂപമായി വിദേഹമുക്തനില്‍ നന്നായി ഭവിക്കുമെന്ന് ഉള്ളില്‍ ധരിച്ചുകൊണ്ടീടുക. സമഗ്രാഗ്ര്യഗുണങ്ങള്ക്ക് ആധാരഭൂതമായീടുന്ന സത്വവും പാവനമായി വിദേഹകൈവല്യമാകുന്ന പദത്തിങ്കല്‍ ഒടുങ്ങീടും. വിദേഹകൈവല്യവിഷയമായി സത്വക്ഷയരൂപമായിട്ടിരിക്കുന്ന അരൂപമാകുന്ന ചിത്തനാശത്തിങ്കല് യാതൊന്നുമില്ല. അവിടെ മൈത്ര്യാദികളായ ഗുണങ്ങളും ചിത്തദോഷങ്ങളും യാതൊന്നുമില്ല. ശ്രീയുമില്ല അശ്രീയുമില്ല, നീയോര്‍ക്കുക, ചാപല്യമെന്നതുമില്ല. ഉദയാസ്തമയങ്ങളില്ല, സന്തോഷവും രോഷവും ധ്വാന്തവും തേജസ്സും അല്പംപോലുമില്ല. സന്ധ്യ, നിശ, പകലെന്നതുമില്ല. സത്തയുമില്ല അസ്സത്തയുമില്ല. മദ്ധ്യമായതുമില്ല, ത്വല്പ്പദമോര്ക്കുക.
ബബബബപാരിച്ച ബുദ്ധിയുടെയും ഭാവാഡംബരത്തിന്റെയും പാരംഗതനായീടുന്നവന് ആയത് കാറ്റിന് ആകാശമെന്നതുപോലെ വിസ്തൃതമായ ആസ്പദമാകുന്നതെന്നു നീ നന്നായി ധരിച്ചുകൊണ്ടീടുക.
ജ്ഞാനസ്വരൂപമായി, സംശാന്തദുഃഖമായി, ആനന്ദനിര്‍ഭരമായി, ഏകസു
പ്തമായി, രജസ്സും തമസ്സും അല്പവും ഇല്ലാതെ വിളങ്ങുന്ന ആ ബ്രഹ്മപദത്തിങ്കല്, ചിത്തേ ധരിച്ചീടുക, ശരീരമല്ലാത്തവരായി, ചിത്തലവം നശിച്ചുള്ളവരായി, ആകാശകോശംകണക്ക് അതിസൂക്ഷ്മന്മാരാകുന്ന മഹത്തുക്കള്‍ വിശ്രമിച്ചീടുന്നു.” വന്ദ്യനായ വസിഷ്ഠനോട് ഭൂവരേന്ദ്രോത്തമന്
പിന്നെയും ചോദിച്ചു, ”ഹേ ഗുരോ! നല്ലവണ്ണം പടര്‍ന്നുള്ള സംസൃതിയാകുന്ന മുന്തിരിവള്ളിയുണ്ടാകുവാന് ബീജമെന്ത്, അതിനുള്ള ബീജവും എന്ത്? അതിനുള്ള ബീജവും ആയതിന്റെ ബീജവും എന്തെന്ന് ബോധംവരുവാനായി കനിഞ്ഞരുള്ചെയ്തീടുക വേണം.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: