Categories: India

വനിതാ സംവരണ ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി കോണ്‍ഗ്രസ്

ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍

Published by

ന്യൂദല്‍ഹി: വനിതാ സംവരണ ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് 128-ാം ഭരണഘടനാ ഭേദഗതിയായി ബില്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് ബില്‍ അവതരിപ്പിച്ചത്.

എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. രാജ്യസഭയില്‍ പാസായ പഴയബില്‍ നിലവിലുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. അതിനിടെ 2014ല്‍ അവതരിപ്പിച്ച ബില്‍ അസാധുവായെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.

നേരത്തേ, 2010 മാര്‍ച്ച് ഒമ്പതിന് വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. ആ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. അതുകൊണ്ട് ബില്‍ വീണ്ടും രാജ്യസഭയില്‍ എത്തി പാസാക്കണം.

ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍. പട്ടികജാതി- പട്ടിക വര്‍ഗ സംവരണ സീറ്റുകളും മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്കായി നീക്കിവയ്‌ക്കണമെന്ന് ബില്ലിലുണ്ട്.

നിയമസഭകളില്‍ പകുതി എണ്ണമെങ്കിലും ഈ ബില്‍ പാസാക്കേണ്ടതുണ്ട് എന്നതിനാല്‍ വനിതാ സംവരണ നിയമം 2029ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലായിരിക്കും നടപ്പാക്കുക എന്നാണ് കരുതുന്നത്.

 

പാർലമെന്റിലെ സ്ത്രീ സംവരണം എന്ന വിഷയം പതിറ്റാണ്ടുകളായി തീർപ്പാകാതെ കിടക്കുകയായിരുന്നെന്നും എല്ലാവരും അവരവരുടെ കഴിവിൽ അതിനായി സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പരാമർശിച്ചു. 1996ലാണ് ബിൽ ആദ്യമായി അവതരിപ്പിച്ചതെന്നും അടൽജിയുടെ കാലത്ത് നിരവധി ചർച്ചകളും കൂടിയാലോചനകളും നടന്നിരുന്നുവെന്നും എന്നാൽ ആവശ്യമായ അംഗബലം ഇല്ലാത്തതിനാൽ ബില്ലിന് വെളിച്ചം കാണാനായില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, ബിൽ നിയമമാകുമെന്നും, പുതിയ കെട്ടിടത്തിന്റെ പുത്തൻ ഊർജം ഉപയോഗിച്ച് രാഷ്‌ട്രനിർമ്മാണത്തിനായുള്ള ‘നാരി ശക്തി’ ഉറപ്പാക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ഭരണഘടനാ ഭേദഗതി ബില്ലായി അവതരിപ്പിക്കാനുള്ള സർക്കാർ തീരുമാനം ലോക്‌സഭയിൽ നാളെ ചർച്ചയ്‌ക്ക് വരുന്നതായി ഇന്ന് അദ്ദേഹം അറിയിച്ചു. ബില്ലിന്റെ ശക്തിയും വ്യാപനവും പരമാവധി വർധിപ്പിക്കുന്നതിനായി ഏകകണ്ഠമായി പിന്തുണക്കണമെന്ന് രാജ്യസഭയിലെ അംഗങ്ങളോട് അഭ്യർത്ഥിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by