ഭാരതം മാറുകയാണ്, വരുന്ന ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയാകാനാണ് ഭാരതം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഭാരതം. സാമ്പത്തികരംഗത്തിനൊപ്പം തന്നെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ഭാരതം അതിന്റെ മുന്നേറ്റം പ്രകടമാക്കുന്നുണ്ട്. പോയ ദശാബ്ദങ്ങളില്‍ കൈവിട്ടതെല്ലാം തിരിച്ചുപിടിക്കുകയാണ് ഭാരതം.
നഷ്ടങ്ങളുടെ കഥയല്ല വരാനിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചാണ് ഇന്ന് ഭാരതം ചര്‍ച്ച ചെയ്യുന്നത്. പോയ കാലത്തിന്റെ അവശേഷിപ്പുകളില്‍ ചിലതെല്ലാം നമ്മെ പിന്നോട്ടു വലിച്ചുകൊണ്ടിരിക്കുന്നവയാണ്. അറിയാതെയെങ്കില്‍ പോലും ചില ചങ്ങലക്കെട്ടുകള്‍ തീര്‍ക്കുന്നവ. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അവയ്ക്കെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ചിലതിന് പുനര്‍നാമകരണം ചെയ്ത് നവീകരിച്ച് ഭാരതത്തിന്റെ സ്വത്വത്തെ പ്രതിനിധാനം ചെയ്യുന്നതാക്കി. ചിലതെല്ലാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകൊണ്ടിരിക്കുന്നു. രാജ്പഥില്‍ നിന്ന് കര്‍ത്തവ്യ പഥിലേക്കുള്ള മാറ്റവും ഇന്ത്യന്‍ നാവികസേനയുടെ പതാക പരിഷ്കരിച്ചതും രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനം അമൃത് ഉദ്യാനമാക്കിയതും അത്തരത്തിലുള്ള മാറ്റങ്ങളുടെ ഭാഗമാണ്.
മാറ്റങ്ങള്‍ അനവധി
മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി ദല്‍ഹിയില്‍ ഔറംഗസേബിന്റെ പേരിലുണ്ടായിരുന്ന റോഡിന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം റോഡ് എന്ന് പുനര്‍നാമകരണം ചെയ്തു. മാറ്റങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു. ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന്, ഈസ്റ്റ് ദല്‍ഹിയില്‍ നിന്നുള്ള ബിജെപി കൗണ്‍സിലറായ മഹേഷ് ഗിരിയാണ് പേരുമാറ്റത്തിനായി കത്ത് നല്‍കിയത്. 2015 ആഗസ്ത് 29ന് റോഡിന്റെ പേര് ഡോ.എ.പി.ജെ. അബ്ദുള്‍ കലാം റോഡ് എന്ന് പുനര്‍നാമകരണം ചെയ്തു. ജനങ്ങളുടെ രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഓര്‍മ്മകളും പ്രവര്‍ത്തനങ്ങളുമെല്ലാം സംരക്ഷിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണിതെന്നായിരുന്നു മഹേഷ് ഗിരിയുടെ അഭിപ്രായം.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്സ് റോഡിന്റെ പേര് 2016 സപ്തംബറില്‍ ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി. 1940ല്‍ സ്ഥാപിതമായ ദല്‍ഹി റേസ് ക്ലബ്ബിന്റെ ഭാഗമായ ദല്‍ഹി റേസ് കോഴ്സിന്റെ പേരിലാണ് ബ്രിട്ടീഷ് ഭരണകൂടം റേസ് കോഴ്സ് റോഡ് എന്ന് പേരിട്ടത്. ഇത് ഭാരതസംസ്കാരവുമായി ബന്ധമുള്ളതാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ മീനാക്ഷി ലേഖി ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു പേരുമാറ്റം.
2018 ഡിസംബറില്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ മൂന്ന് ദ്വീപുകള്‍ക്ക് പുനര്‍നാമകരണം നടത്തി. സ്വാതന്ത്ര്യ സമരസേനാനികളോടുള്ള ആദരസൂചകമായി റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്, നീല്‍ ദ്വീപിനെ ഷഹീദ് ദ്വീപ്, ഹാവ്ലോക്ക് ദ്വീപിനെ സ്വരാജ് ദ്വീപ് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യുകയായിരുന്നു.
2022 ജനുവരി 21ന് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയുടെ ജ്വാല, തൊട്ടടുത്തുള്ള ദേശീയ യുദ്ധ സ്മാരകത്തിലെ അഗ്നിജ്വാലയുമായി ലയിപ്പിച്ചു. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ധീരസൈനികരുടെയും മറ്റ് പോരാളികളുടെയും സ്മരണാര്‍ത്ഥമാണ് ദേശീയ യുദ്ധ സ്മാരകം നിര്‍മിച്ചത്. ഇന്ത്യാ ഗേറ്റ് പരിസരത്ത് 40 ഏക്കര്‍ വിസ്തൃതിയിലുള്ള സ്മാരകം 2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. 1971ലെ യുദ്ധങ്ങളിലും അതിനു
മുമ്പും ശേഷവുമുള്ള യുദ്ധങ്ങള്‍ ഉള്‍പ്പെടെ വീരമൃത്യുവരിച്ച എല്ലാ ഇന്ത്യന്‍ ധീരരക്തസാക്ഷികളുടെയും പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2022 ലെ റിപ്പബ്ലിക് ദിനത്തില്‍, ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ എബിഡ് വിത്ത് മീ എന്ന ക്രിസ്ത്യന്‍ ഗാനത്തിന് പകരം ലതാ മങ്കേഷ്കര്‍ ആലപിച്ച ‘ഏ മേരെ വതന്‍ കെ ലോഗോണ്‍.. ‘ ഉള്‍പ്പെടുത്തി.
ഇന്ത്യന്‍ നാവിക സേനയുടെ പതാക പരിഷ്കരിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ കമ്മിഷന് ചടങ്ങില്‍ വെച്ച് 2022 സപ്തംബര്‍ രണ്ടിന് കൊച്ചിയില്‍ വെച്ചാണ് പുതിയ പതാക പ്രദര്‍ശിപ്പിച്ചത്. ഛത്രപതി ശിവജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുതിയ പതാക. സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. അശോകസ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേനാ മുദ്രയുള്ളതുമാണ് പുതിയ പതാക. സത്യമേവ ജയതേ എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 2001ല്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന സമയത്തും നാവിക സേനയുടെ പതാക പരിഷ്കരിച്ചിരുന്നു.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രാജ് പഥിന് കര്‍ത്തവ്യ പഥ് എന്ന് പേരുനല്കിയതും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ കര്‍ത്തവ്യപഥില്‍ സ്ഥാപിച്ചതും രാജ്യം കണ്ട ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളില്‍ ഒന്നായിരുന്നു. 608 കോടി രൂപ മുടക്കിയാണ് കര്‍ത്തവ്യപഥിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ബ്രിട്ടീഷുകാര്‍ ഭരണസിരാകേന്ദ്രം കൊല്‍ക്കത്തയില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജോര്‍ജ്ജ് അഞ്ചാമന് നടത്തിയ സന്ദര്‍ശനത്തിലാണ് രാഷ്ട്രപതി ഭവന് മുതല്‍ പു
രാനകില വരെയുള്ള ഭാഗത്തിന് കിങ്സ് വേ എന്നു പേരിട്ടത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്പഥ് എന്ന് പുനര്‍നാമകരണം ചെയ്തു.
ഇന്ത്യാ ഗേറ്റിന് സമീപം ജോര്‍ജ് അഞ്ചാമന്റെ പ്രതിമ നിന്നിരുന്നിടത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു. 1968ല്‍ ജോര്‍ജ് അഞ്ചാമന്റെ പ്രതിമ നീക്കം ചെയ്തതിനുശേഷം അവിടം ശൂന്യമായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2022 ജനുവരി 23ന് ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചു. പിന്നീട് ഹോളോഗ്രാം പ്രതിമ മാറ്റി കൂറ്റന്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു. 28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമുള്ള പ്രതിമയാണ് സ്ഥാപിച്ചത്. 2022 സപ്തംബര്‍ എട്ടിനാണ് പ്രധാനമന്ത്രി ഈ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്തതും കര്‍ത്തവ്യ പഥ് എന്ന് പുനര്‍നാമകരണം നടത്തിയതും.
ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് പൊതുഅറിയിപ്പ് നല്‍കിയതിന് ശേഷമാണ് കര്‍ത്തവ്യ പഥ് എന്ന പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൊളോണിയലിസത്തിന്റെ പ്രതീകമായ രാജ്പഥ് എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞതിനാല്‍ ഒരു പുതിയ യുഗം ആരംഭിക്കുന്നതായാണ് കര്‍ത്തവ്യപഥ് ഉദ്ഘാടനം
ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ശാക്തീകരിക്കപ്പെട്ട ഇന്ത്യയുടെ പുതിയ പാത. ഇന്ത്യയിലെ ജനങ്ങള്‍ അടിമകളായിരുന്ന ബ്രിട്ടീഷുകാര്‍ക്ക് വേണ്ടിയായിരുന്നു രാജ്പഥ്. കൊളോണിയലിസത്തിന്റെ പ്രതീകമായിരുന്നു അത്. ഇപ്പോള്‍, അതിന്റെ വാസ്തുവിദ്യ മാറി, അതിന്റെ ആത്മാവും മാറി. നേതാജിയുടെ പ്രതിമ സ്ഥാപിച്ചതിലൂടെ, ശാക്തീകരിക്കപ്പെട്ട ഇന്ത്യയ്ക്കായി ഒരു പുതിയ പാത സ്ഥാപിച്ചു. അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങളുടെ പേര് അമൃത് ഉദ്യാനം എന്നാക്കി. 2023 ജനുവരി 28 നാണ് ഈ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് അമൃത് ഉദ്യാനം എന്ന പേരിട്ടത്. നേരത്തെ മുഗള്‍ ഗാര്ഡന് എന്നാണ് അറിയപ്പെട്ടിരുന്നത്. സാമ്രാജ്യത്വകാലഘട്ടത്തിന്റെയും സ്വാതന്ത്ര്യത്തിനു മുന്‍പുള്ള അധിനിവേശത്തിന്റെയും സ്വാധീനം പൂര്‍ണമായും ഒഴിവാക്കു ന്നതിന്റെ ഭാഗമായായിരുന്നു ഈ പേരു മാറ്റം. പതിനഞ്ച് ഏക്കറോളം വിസ്തൃതിയില്‍ ചെറുതും വലുതുമായ പതിനഞ്ചോളം പൂന്തോട്ടങ്ങളാണ് ഇവിടെയുള്ളത്.
2023 ജനുവരി 23ന് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളിലെ പേരിടാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരമവീര ചക്ര പുരസ്കാര ജേതാക്കളുടെ പേര് നല്കി. വിസ്മരിക്കപ്പെട്ട നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മോദി സര്‍ക്കാര്‍ രാജ്യത്തിന് പരിചയപ്പെടുത്തി. ബിര്‍സ മുണ്ടയടക്കം വനവാസി വിഭാഗങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ധീരദേശാഭിമാനികളെയാണ് രാജ്യത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: