Categories: India

തമിഴ്‌നാട്ടില്‍ ഷവര്‍മ കഴിച്ച് 14 വയസുകാരി മരിച്ചു; 43 പേര്‍ ചികിത്സയില്‍, ഫാസ്റ്റ് ഫുഡ് റസ്റ്ററന്‍റ് ജില്ലാ ഭരണകൂടം അടപ്പിച്ചു

ഞായറാഴ്ചയാണ് കുട്ടിക്ക് അച്ഛന്‍ ചിക്കന്‍ ഷവർമ വാങ്ങിക്കൊടുത്ത് കുടുംബത്തോടൊപ്പെം കഴിച്ചത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: തമിഴ്നാട് നാമക്കലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 14 വയസുകാരി മരിക്കുകയും 43 പേർ ആശുപത്രിയിലാവുകയും ചെയ്തു. നാമക്കല്‍ മുന്‍സിപ്പാലിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ടി. കലൈഅരസിയാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

സംഭവത്തുനു പിന്നാലെ പാരമതിവേലൂരിനു സമീപത്തെ ഫാസ്റ്റ് ഫുഡ് റസ്റ്ററന്‍റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയില്‍ ഷവര്‍മയ്‌ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഞായറാഴ്ചയാണ് കുട്ടിക്ക് അച്ഛന്‍ ചിക്കന്‍ ഷവർമ വാങ്ങിക്കൊടുത്ത് കുടുംബത്തോടൊപ്പെം കഴിച്ചത്. എന്നാൽ‌ ഞായറാഴ്ച രാത്രിയോടെ തന്നെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെ മരിക്കുകയായിരുന്നു.

ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. മാതാപിതാക്കള്‍ക്കും സഹോദരനും ബന്ധുവിനുമൊപ്പമെത്തിയാണ് കലൈഅരസി ഷവര്‍മ കഴിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ ഈ ഹോട്ടലിൽ നിന്നും 200 ലധികം ആളുകൾ ഭക്ഷണം കഴിച്ചതായാണ് വിവരം. ഭക്ഷ്യവിഷബാധയേറ്റവരിൽ 5 കുട്ടികളും ഒരു ഗർഭിണിയുമുണ്ട്. കൂടാതെ മെഡിക്കൽ വിദ്യാർത്ഥികളായ 13 പേരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരിൽ ഉൾപ്പെടുന്നു.

Recent Posts