തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ, മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീൻ ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകില്ല. നിയമസഭാ സാമാജികർക്കായി നടത്തുന്ന ക്ലാസിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
ഇ മെയിൽ മുഖേനയാണ് മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന വിവരം ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇന്നും നാളെയും ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അസൗകര്യം അറിയിച്ച സാഹചര്യത്തിൽ അടുത്ത ദിവസം പുതിയ തിയതി നിശ്ചയിച്ച് ഇഡി വീണ്ടും നോട്ടീസ് നൽകും. സാക്ഷികൾക്കുള്ള നോട്ടീസ് ആണ് നിലവിൽ മൊയ്തീന് ഇഡി നൽകിയിരിക്കുന്നത്. ക്ലാസിൽ പങ്കെടുക്കുന്നതിനായി എ.സി മൊയ്തീന്‍ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി.
ഇന്ന് ഹാജരായാൽ മൊയ്തീനെ ഇഡി വെറുതെ വിടില്ലെന്നും അത് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നും കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തും തൃശൂരും വ്യാപമായി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു. നീണ്ട 25 മണിക്കുർ നീണ്ടു നിന്ന റെയ്ഡാണ് അവസാനിച്ചത്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ 9 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന.
സതീഷ്കുമാർ ബന്ധുക്കളുടെ പേരുകളിൽ ഈ ബാങ്കുകളിലെടുത്ത അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകളെക്കുറിച്ച് അറിയുന്നതിനായാണ് പരിശോധന. മുൻ എംഎൽഎ എം.കെ. കണ്ണന്റെ നേതൃത്വത്തിലാണ് തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: