നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തുവര്ഷങ്ങള് രാഷ്ട്രത്തിന്റെ സ്വത്വം വീണ്ടെടുക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചത്. കൊളോണിയല്‍കാല ശേഷിപ്പുകള്‍ പൂര്‍ണ്ണമായും പിന്നിലുപേക്ഷിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇന്ത്യന്‍ ജനാധിപത്യം കാലൂന്നുകയാണിന്ന്; വിനായക ചതുര്‍ത്ഥി സുദിനത്തില്‍. പുതിയ പാര്‍ലമെന്റ് മന്ദിരം അതിവേഗം വളരുന്ന ഭാരതത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്തതാണ്. പുതിയ തുടക്കത്തിന് പുതിയ മന്ദിരം മോടി കൂട്ടുന്നു. ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള നിലവിലെ പാര്‍ലമെന്റിനു മുന്നിലായി സ്ഥാപിച്ച പുതിയ മന്ദിരം പൂര്‍ണ്ണമായും നവീനവല്‍ക്കരിച്ചാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിനായി നിര്‍മ്മിച്ചു കൈമാറിയിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പഴയ മന്ദിരത്തിലാണ് നടന്നത്. ഇന്നു മുതലാണ് പുതിയ മന്ദിരത്തിലേക്ക് പാര്‍ലമെന്റ് പൂര്‍ണ്ണമായും മാറുന്നത്. ഇതിന് മുന്നോടിയായി ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗ്ദീപ് ധന്‍കര്‍ പുതിയ മന്ദിരത്തില്‍ ദേശീയപതാക ഉയര്‍ത്തുകയും ചെയ്തു. 140 കോടി ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി രൂപകല്‍പ്പന ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരം 971 കോടി രൂപയ്ക്കാണ് പൂര്‍ത്തിയായത്. ത്രികോണാകൃതിയില്‍ നിര്‍മ്മിച്ച പുതിയ മന്ദിരം ല്യൂട്ടണ്‍സ് ദല്‍ഹിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു. മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്നു മുതല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മുഖമുദ്രയായി മാറുകയാണ്.
പുതിയ മന്ദിരത്തിന്റെ പ്രത്യേകതകള്‍
വലുപ്പമേറിയ ലോക്സഭാ, രാജ്യസഭാ മന്ദിരങ്ങളാണ് പ്രധാന പ്രത്യേകത. ദേശീയ പക്ഷിയായ മയിലിന്റെ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ലോക്സഭാ മന്ദിരം നിലവിലെ മന്ദിരത്തേക്കാള്‍ മൂന്നിരട്ടി സീറ്റിംഗ് കപ്പാസിറ്റിയിലാണ്. 888 ലോക്സഭാംഗങ്ങള്‍ക്ക് ഇവിടെ ഇരിക്കാനാവും. പഴയ മന്ദിരത്തില്‍ 552 പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ. ദേശീയ പുഷ്പമായ താമരയുടെ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന രാജ്യസഭാ മന്ദിരത്തില്‍ 348 സീറ്റുകളാണുള്ളത്. പഴയ മന്ദിരത്തിലുള്ളത് 245 സീറ്റുകളാണ്. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തില്‍ 1272 പേര്‍ക്കിരിക്കാവുന്ന സെന്‍ട്രല്‍ ഹാളും തയ്യാറാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസുകളും വലിയ മീറ്റിംഗ് ഹാളുകളും ബൃഹത്തായ ലൈബ്രറികളും പുതിയ മന്ദിരത്തിന്റെ സവിശേഷതയാണ്. പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ഹരിത നിര്‍മ്മിതിയാണ് പുതിയ മന്ദിരം. ദിവ്യാംഗ സൗഹൃദ മന്ദിരത്തില്‍ തുറന്ന ഇടത്തില്‍ ആല്‍മരവുമുണ്ട്. 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് നിലവിലെ ലോക്സഭാംഗങ്ങളുടേയും മറ്റും എണ്ണം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ അമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം ഉയര്‍ത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. സമീപ ഭാവിയില്‍ ഇതു സാധ്യമാക്കണമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മന്ദിരം കൂടിയേ തീരൂ. പുതിയ മന്ദിരത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്ന പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും സ്ഥലപരിമിതി എന്നൊന്നുണ്ടാവില്ല.
കോണ്‍ഗ്രസ് എന്ന കൊളോണിയല്‍കാല ശേഷിപ്പ്
രാഷ്ട്രം പുതിയ പാര്‍ലമെന്റിനെ വരവേല്ക്കാനൊരുങ്ങുമ്പോള് കൊളോണിയല്‍കാല മാനസികാവസ്ഥയില്‍ നിന്ന് ഇനിയും മുക്തി നേടാത്ത ഒരു വിഭാഗമേ രാജ്യത്ത് അവശേഷിക്കുന്നുള്ളൂ. അത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭാരതത്തിലെ പ്രതിപക്ഷ പാര്‍ട്ടികളാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെ വിട്ടുനിന്നതു തന്നെ ഇതിനുദാഹരണം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനിടെ എത്തിച്ചേരാനാവില്ലെന്നായിരുന്നു ഖാര്‍ഗേയുടെ നിലപാട്.
ഐഎന്‍ഡിഐഎ എന്ന പേരില്‍ അവിയല്‍ മുന്നണിയുണ്ടാക്കി ‘ഇന്ത്യ’ എന്ന് സ്വയം വിശേഷിപ്പിച്ചു മുന്നോട്ടു പോകുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തോടുള്ളത് എതിര്‍പ്പ് മാത്രമാണെന്ന് അവരുടെ മുന്‍ പ്രസ്താവനകള്‍ തന്നെ തെളിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയെ നഖശിഖാന്തം എതിര്‍ത്തവരാണ് കോണ്‍ഗ്രസുകാര്‍. മോദി ആയിരം കോടി രൂപ മുടക്കി വീടു പണിയുന്നുവെന്ന പച്ചക്കള്ളം കാലങ്ങളായി പ്രചരിപ്പിക്കുന്നവരാണ് പ്രതിപക്ഷം. ‘ഇന്ത്യ’ എന്ന പേരിട്ട് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്ന കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും മാറുന്ന ഭാരതത്തെ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ്.
സനാതന ധര്‍മ്മത്തിനെതിരായ ‘ഇന്ത്യ’ മുന്നണിയിലെ പ്രബലകക്ഷിയായ ഡിഎംകെ നേതാക്കളുടെ പ്രസ്താവനയെ തള്ളിപ്പറയാനോ ഡിഎംകെയോട് എതിര്‍പ്പ് പ്രകടിപ്പിക്കാനോ പോലും കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഡിഎംകെയുടെ സനാതന ധര്‍മ്മ വിരുദ്ധ പ്രസ്താവന ‘ഇന്ത്യ’ മുന്നണിയുടെ ആകെ അടിത്തറ ഇളക്കുകയാണെന്നാണ് വിവരങ്ങള്‍. ‘ഇന്ത്യ’ മുന്നണി ഒക്ടോബര്‍ ആദ്യആഴ്ച ഭോപ്പാലില്‍ നടത്താനിരുന്ന മഹാറാലി റദ്ദാക്കിയിട്ടുണ്ട്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ കമല്‍നാഥിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് റാലി ഭോപ്പാലില്‍ നിന്ന് മാറ്റുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ സനാതന ധര്‍മ്മത്തിനെതിരെ കൊലവിളി പ്രസംഗം നടത്തിയ നേതാക്കള്‍ക്ക് വേദി നല്കിയാല് പരാജയം ഉറപ്പാണെന്നാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസുകാരുടെ നിലപാട്. മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഡിഎംകെ നേതാക്കളെ ‘ഇന്ത്യ’ വേദിയില്‍ കയറ്റാന്‍ കോണ്‍ഗ്രസും മറ്റു പ്രാദേശിക പാര്‍ട്ടികളും തയ്യാറാവുന്നില്ല എന്ന പ്രതിസന്ധിയും ശക്തമായിട്ടുണ്ട്. പതിനാല് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ വിലക്കിയ ‘ഇന്ത്യ’ മുന്നണിയുടെ നിലപാടിനെതിരെ മുന്നണിക്കകത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബാലിശമായ തീരുമാനമെന്നും അബദ്ധമാണ് കാണിച്ചുകൂട്ടുന്നതെന്നുമാണ് പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് താനെന്നും എല്ലാവര്ക്കും അവകാശങ്ങളുണ്ടെന്നും ബീഹാര്‍ മുഖ്യമന്ത്രിയും ‘ഇന്ത്യ’ മുന്നണി നേതാവുമായ നിതീഷ് കുമാര്‍ പ്രസ്താവിച്ചത് മുന്നണിയിലെ അഭിപ്രായ ഭിന്നതകള്‍ വ്യക്തമാക്കി. വാര്‍ത്താ അവതാരകരെ ബഹിഷ്ക്കരിച്ചതിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും നിതീഷ് വ്യക്തമാക്കിയിട്ടുണ്ട്.
‘ഇന്ത്യ’ മുന്നണിയുടെ ഏകോപനത്തിനെന്ന പേരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തട്ടിക്കൂട്ട് ഏകോപന സമിതിയാണ് ഇത്തരത്തിലുള്ള വിവാദ തീരുമാനങ്ങളെടുക്കുന്നതെന്ന പരാതി ‘ഇന്ത്യ’ മുന്നണി നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. പതിനാലംഗ ഏകോപന സമിതിയിലേക്ക് ഇല്ലെന്ന് സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു. ഇത്തരത്തില്‍ പ്രത്യേക ഏകോപന സമിതിയുടെ ആവശ്യമേയില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ ഇന്ത്യ മുന്നണിയിലെ ഭിന്നതകള്‍ രൂക്ഷമാവുകയാണ്. വരും നാളുകളില്‍ ഈ അഴിമതി മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ തല്ലി പിരിയുമെന്നുറപ്പാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എന്താണോ ആവശ്യം അതു സംഭവിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: