ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിലെ ഭാരതത്തിന്റെ എട്ടാം കിരീട നേട്ടം വെറുമൊരു കിരീട വിജയം മാത്രമായി കാണാനാവില്ല. ഉയിര്‍ത്തെഴുനേല്‍ക്കുന്ന ഭാരത കായിക രംഗത്തിന്റെ തലയുയര്‍ത്തലാണത്. വിവിധ മേഖലകളില്‍ നാം നേടുന്ന ആത്മവിശ്വാസത്തിന്റേയും മേല്‍ക്കൈയുടേയും പുതിയ അദ്ധ്യായമായി വേണം അതിനെ കാണാന്‍.
ശ്രീലങ്കയ്ക്കെതിരായ ഫൈനലിലെ ലോകറെക്കോര്‍ഡ് വിജയം ഏഷ്യന്‍ കിരീടത്തിനായുള്ള പോരാട്ടമായിരുന്നെങ്കിലും ഏറ്റുമുട്ടിയതു രണ്ടു മുന്‍ ലോക ചാംപ്യന്മാരാണ്. 50 ഓവര്‍ മത്സരത്തില്‍ ഏഴ് ഓവര്‍പോലും പൂര്‍ത്തിയാകും മുന്‍പ് പത്തുവിക്കറ്റ് ജേതാക്കളാകുകയെന്നത് ആത്മവിശ്വാസത്തിന്റെ തെളിവാണ്. അതു ഫൈനല്‍ പോരാട്ടത്തിലാണെന്ന് ഓര്‍ക്കണം. മുഹമ്മദ് സിറാജ് എന്ന ബൗളറുടെ മിന്നല്‍ പ്രകടനവും ടീമെന്ന നിലയിലെ നമ്മുടെ ഒത്തിണക്കവും ക്രിക്കറ്റ് ലോകത്തെത്തന്നെ അമ്പരപ്പിക്കാന്‍ പോന്നതായി. വിക്കറ്റുകളും റെക്കോര്‍ഡുകളും വാരിക്കൂട്ടിയ സിറാജ് പാകിയ അടിത്തറയിലാണ് ഭാരതം വിജയത്തിന്റെ തേരോടിച്ചത്. കൊളംബോയിലെ പ്രേമദാസ ക്രിക്കറ്റ് മൈതാനത്ത്, രോഹിത് ശര്‍മ നയിച്ച ഭാരതം നേടിയത് 2018ന് ശേഷം ആദ്യത്തെ ഏഷ്യാ കപ്പാണ്. വിജയമല്ല വിജയിച്ച രീതിയാണ് ഇവിടെ പ്രസക്തമാകുന്നത്. എവറസ്റ്റ് കീഴടക്കിയ പ്രതീതിയായിരുന്നു ആ നേട്ടത്തിന്. ലോകകപ്പ് ക്രിക്കറ്റ് തൊട്ടടുത്തു വന്നു നില്‍ക്കെ ഈ വിജയം ശക്തമായ മേല്‍ക്കൈയായിരിക്കും ഭാരതത്തിനു നല്‍കുക. ഈ നേട്ടം നല്കിയ ആത്മവിശ്വാസത്തിന്റെ ഉരകല്ലായിരിക്കും ഭാരതം സമ്പൂര്‍ണമായി ആതിഥ്യം വഹിക്കുന്ന ആദ്യ ലോകകപ്പ്. ദിവസങ്ങള്‍ക്കപ്പുറം എത്തിനില്‍ക്കുന്ന ഏഷ്യന്‍ ഗെയിംസിലും ഈ വിജയത്തിന്റെ തിളക്കം ചലനം സൃഷ്ടിക്കാതിരിക്കില്ല.
നിശ്ചയദാര്‍ഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പോരാട്ടവീര്യത്തിന്റെയും വിജയമാണിത്. മികവിന്റെ കുറവല്ല, ആത്മവിശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും പോരായ്മയാണ് കായികരംഗം അടക്കം വിവിധ മേഖലകളില്‍ നമ്മേ പിന്നോട്ടടിക്കുന്നത് എന്ന പരാതിക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. അടുത്ത കാലത്തായി അതില്‍ കാതലായ മാറ്റം വരുന്നതിന്റെ സൂചനയാണ് വിവിധ രംഗങ്ങളില്‍ ഭാരതം നേടുന്ന തുടര്‍ച്ചയായ മുന്‍തൂക്കം. രാജ്യാന്തര രംഗത്തും ബഹിരാകാശത്തും കൈവരിക്കുന്ന നേട്ടങ്ങളും അതുവഴി നേടുന്ന അംഗീകാരവും കളിക്കളങ്ങളിലും പ്രതിഫലിക്കുന്നതിന്റെ തെളിവാണ് ഈ വിജയം. പേസ് ബൗളര്‍ മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനത്തില്‍ നിലംപൊത്തിയതു പോയകാലത്തെ മഹാരഥന്മാരുടെ റെക്കോര്‍ഡുകളാണ്. ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങിയ സിറാജ് ആറ് ലങ്കന്‍ മുന്‍നിര വിക്കറ്റുകളാണ് പിഴുതത്. ഇതില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത് ഒരൊറ്റ ഓവറിലായിരുന്നു. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഭാരത ബൗളര്‍കൂടിയായി സിറാജ്. ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പേസ് ബൗളറായ സിറാജിന്റെ, ഏകദിന കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. അനില്‍ കുംബ്ലെയ്ക്ക് ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഭാരത ബൗളറുമാണ്. 1993-ല്‍ സിഎബി ജൂബിലി ടൂര്‍ണമെന്റ് ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെതിരേ കുംബ്ലെ 12 റണ്‍സ് വിട്ടുനല്‍കി ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഏകദിനത്തില്‍ ലങ്കയ്ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും സിറാജിന്റെ പേരിലായി. 1990-ല്‍ ഷാര്‍ജയില്‍ 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുന്‍ പാക്കിസ്ഥാന് താരം വഖാര്‍ യൂനിസിന്റെ റിക്കോര്‍ഡാണ് സിറാജ് തിരുത്തിയത്.
ഭാരതം ബാക്കിവച്ച പന്തുകളുടെ കണക്കെടുത്താല്‍, ഒരു ഏകദിന ടൂര്‍ണമെന്റ് ഫൈനലിലെ ഏറ്റവും വലിയ വിജയമാണിത്. 2003ല്‍ ഇംഗ്ലണ്ടിനെതിരെ 226 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയിച്ച ഓസ്ട്രേലിയയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 23 വര്‍ഷം പഴക്കമുള്ള ഒരു പരാജയത്തിന്റെ പകരം വീട്ടല്‍ കൂടിയായി ഭാരതത്തിന്റെ ഈ വിജയം. 2000ല്‍ ഷാര്‍ജ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഭാരതത്തെ ശ്രീലങ്ക 54 റണ്‍സിനു പുറത്താക്കിയിരുന്നു. ഇപ്പോള്‍ മറ്റൊരു ഫൈനലില്‍ 50 റണ്‍സില്‍ ലങ്കയെ പുറത്താക്കിയ ഭാരതത്തിന്റെ മധുരപ്രതികാരമാണിത്. ഭാരതത്തിനെതിരെ ഏകദിന ക്രിക്കറ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ലങ്കയുടെ പേരിലായത്. മിര്‍പൂരില്‍ 2014ല്‍ ബംഗ്ലദേശ് നേടിയ 58 റണ്‍സായിരുന്നു മുന്‍പത്തെ ചെറിയ സ്കോര്‍.
ഈ ഏഷ്യാകപ്പില്‍ ഉടനീളം ആത്മവിശ്വാസവും വിജയതൃഷ്ണയും നിലനിര്‍ത്താന്‍ ഭാരത്തിനു കഴിഞ്ഞു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോട് മാത്രമാണ് പരാജയമറിഞ്ഞത്. മുഹമ്മദ് സിറാജിനൊപ്പം മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും ഒരു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും തകര്‍ത്തെറിഞ്ഞതോടെ ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് എല്ലാം പിഴയ്ക്കുകയായിരുന്നു. സ്വന്തം മണ്ണില്‍ ലോകകപ്പിനായി കച്ചമുറുക്കുന്ന ഭാരതത്തിന് അതിന് മുന്‍പായി ഓസ്ട്രേലിയക്കെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര കളിക്കാനുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ചരിത്രത്തിലെ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഭാരതം മറ്റൊരു ചരിത്രം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: