ന്യൂഡല്‍ഹി ∙ വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു ബിൽ. ‘ചരിത്രപരമായ തീരുമാനങ്ങൾ’ ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിലാണു നിർണായക നീക്കം.. നിലവില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ബുധനാഴ്ച ബില്‍ അവതരിപ്പിച്ചേക്കും.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങളുണ്ടാവുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയേയും മന്ത്രിസഭായോഗത്തിന് മുമ്പ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ യോഗത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
“സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന മോദിജിയ്‌ക്ക് അഭിവാദ്യങ്ങള്‍”- നടിയും ദേശീയ വനിതാകമ്മീഷന്‍ അംഗവുമായ ഖുശ്ബു സമൂഹമാധ്യമത്തില്‍ കുറിച്ചു. “ദേശത്തിന്റെ സത്യമുള്ള മകന് മാത്രമേ സ്ത്രീകള്‍ അനുഭവിക്കുന്ന യാതന മനസ്സിലാവുകയുള്ളൂ. നമ്മുടെ പ്രധാനമന്ത്രി ഒരിയ്‌ക്കല്‍ കൂടി അത് തെളിയിച്ചു. സ്ത്രീകള്‍ സമൂഹത്തിന്റെ നട്ടെല്ലാണ്. നാരീശക്തി സമൂഹത്തില്‍ മുന്നോട്ട് വരണം.” ഖുശ്ബു സുന്ദര്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക