തിരുവനന്തപുരം: വീണ്ടും ലോക കേരള സഭ നടത്താനുള്ള ഒരുക്കവുമായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും അടുത്തമാസം വിദേശത്തേക്ക്. സൗദി അറേബ്യയില്‍ ലോക കേരള സഭ നടത്താനാണ് സര്‍ക്കാര്‍ നീക്കം. അടുത്തമാസം 19 -20വരെ നടത്താനാണ് തീരുമാനം. ഇതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്.
ലോക കേരള സഭ സംഘടിപ്പിക്കുന്നതിനെതിരെ പലകോണില്‍ നിന്നും ഇതിനകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക നേരിടുന്ന പശ്ചാത്തലത്തിലാണിത്.
ലോക കേരള സഭയുടെ ലണ്ടന്‍ സമ്മേളനം നടക്കുമ്പോള്‍ തന്നെ സൗദി അറേബ്യയിലെ മേഖല സമ്മേളനവും പ്രഖ്യാച്ചിരുന്നു.
ലോക കേരള സഭാ നിര്‍ദ്ദേശം നടപ്പാക്കാന്‍ വിദഗ്ധരെ കണ്ടുവരാനും പ്രചാരണത്തിനും ഒന്നരക്കോടി, വെബ് സൈറ്റ്, പരിപാലനും ഓഫീസ് ചെലവ് എന്നിവയ്ക്കും 50 ലക്ഷം, പബ്ലിസിറ്റി, യാത്ര, ഭക്ഷണം എന്നിവക്ക് 50 ലക്ഷം എന്നിങ്ങനെ ചെലവഴിക്കുന്നതിലേക്കായി ലോക കേരളസഭക്ക് രണ്ട് മാസം മുമ്പ് രണ്ടര കോടി അനുവദിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നീക്കവും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇനി കേരളാ സമ്മേളനവും ഉടന്‍ നടക്കുമെന്നാണ് അറിയുന്നത്. ക്ഷേമ പെന്ഷന് ഉള്‍പ്പെടെയുള്ളവയും വികസന പ്രവര്‍ത്തനങ്ങളും മുടങ്ങാതെ ഇരിക്കാന്‍ കടമെടുക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് നിലവില്‍ കേരളം. അതേസമയം, യാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും വിദേശയാത്രയ്ക്കെതിരെ പ്രതിഷേധവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധകരന് രംഗത്തെത്തി.
സംഭരിച്ച നെല്ലിന്റെ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ നാട്ടില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും ലോകം ചുറ്റാന്‍ പോകുന്നത് ധൂര്‍ത്തും അഴിമതിയുമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് എം.പി. സൗദിയിലേക്കുള്ള യാത്ര ചെലവിനും മറ്റുമായി ഇതിനോടകം രണ്ട് കോടി ഖജനാവില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. മുമ്പു നടന്ന യാത്രകളുടെ കണക്കോ, പിരിച്ച തുകയുടെ കണക്കോ ആര്‍ക്കും അറിയില്ല. ഇവ അടിയന്തരമായി ജനങ്ങളുടെ മുമ്പില്‍ വയ്ക്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
ലോക കേരളസഭയുടെ പേരില്‍ നടക്കുന്നത് വന്‍കൊള്ളയും പണപ്പിരിവുമാണ്. അമേരിക്കയില്‍ സംഘടിപ്പിച്ച ലോകകേരള സഭയുടെ പേരില്‍ വന്‍തോതിലാണ് പ്രവാസികളെ സി.പി.എം കൊള്ളയടിച്ചത്. ഇതിന് പിന്നാലെയാണ് സൗദിയില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടത്തിയ ലോക കേരള സഭകള്‍കൊണ്ട് പ്രവാസികളുടെ ഏതെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സംസ്ഥാനം തന്നെ വിറ്റാല്‍പോലും അടച്ച് തീര്‍ക്കാന്‍ കഴിയാത്തത്ര കടബാധ്യതയുണ്ട്. പിറന്നു വീഴുന്ന കുഞ്ഞിനെപ്പോലും കടക്കാരാനാക്കിയ പിണറായി ഭരണം കഴിയുമ്പോള്‍ കേരള സംസ്ഥാനം തന്നെ ഉണ്ടാകുമോയെന്ന് സംശയമാണ്. എന്നിട്ടാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പ്രവാസി സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത വിദേശയാത്രകള്‍ സംഘടിപ്പിക്കുന്നതെന്നും കെ.സുധാകരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: