ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ അഞ്ചു ദിവസത്തെ പ്രത്യേകസമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യ ദിവസമായ ഇന്ന് പഴയ പാര്‍ലമെന്റ് മന്ദിരത്തിലാണ് സമ്മേളനം. വിനായക ചതുര്‍ത്ഥി ദിനമായ നാളെ മുതല്‍ പുതിയ മന്ദിരത്തിലാകും സമ്മേളനം. പ്രത്യേക സമ്മേളനം സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സഭ ഇപ്പോൾ സമ്മേളിക്കുന്നത് ചെറിയ കാലത്തേക്കാണ്, എന്നാൽ വലിയ കാര്യങ്ങൾ ഈ കാലയളവിൽ നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ മന്ദിരത്തിൽ നിന്നും വികസിത ഇന്ത്യയിലേക്കുള്ള യാത്ര തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജി20 സമ്മേളനത്തിൽ രാജ്യത്തിന്റെ വൈവിധ്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ സാധിച്ചതായി മോദി പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറാൻ നമുക്ക് സാധിച്ചുവെന്നും സഭാസമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുതിയ വിശ്വാസത്തോടെയും ഊർജത്തോടെയും പുതിയ മന്ദിരത്തിലേക്കു പ്രവേശിക്കും. പഴയ തിന്മകളെ ഉപേക്ഷിച്ചു പുതിയ മന്ദിരത്തിൽ പ്രവേശിക്കണം. നാളെ ഗണേഷചതുർഥിയാണ്. ഇന്ത്യയുടെ വികസനയാത്രയ്‌ക്ക് ഇനി വിഘ്നങ്ങളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രം ലോക്‌സഭയും രാജ്യസഭയും ചര്‍ച്ച ചെയ്യും. സ്വാതന്ത്ര്യാനന്തരമുള്ള 75 വര്‍ഷം നിരവധി അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പാര്‍ലമെന്റ് വേദിയായത്. പ്രത്യേക സമ്മേളനത്തില്‍ നാല് സുപ്രധാനബില്ലുകള്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍, മറ്റ് കമ്മിഷണര്‍മാര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ബില്‍, അഡ്വക്കേറ്റ്‌സ് (ഭേദഗതി)ബില്‍, പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍ ബില്‍, ദ പോസ്റ്റ് ഓഫീസ് ബില്‍, ദ റിപ്പീലിങ് ആന്‍ഡ് അമന്‍ഡിങ് ബില്‍ എന്നിവയാണവ.
സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
My remarks at the start of Special Session of Parliament. https://t.co/z6ZGoxOqCW
— Narendra Modi (@narendramodi) September 18, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: