ഹൈദരാബാദ്: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ കഴിഞ്ഞ 75 വര്‍ഷമായി തെലങ്കാന വിമോചന ദിനം ആഘോഷിക്കാതെ അവഗണിക്കുകയായിരുന്നു സര്‍ക്കാരുകളും രാഷ്ട്രീയ കക്ഷികളുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1948 സപ്തംബര്‍ 17ന് നിസാമിന്റെ ഭരണം അവസാനിപ്പിച്ച് ഹൈദരാബാദ് ഭാരതത്തില്‍ ലയിച്ചതിന്റെ സ്മരണാര്‍ത്ഥം സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടില്‍ നടന്ന തെലങ്കാന വിമോചനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം.
നിസാമിന് എതിരെ ധീരമായി പോരാടിയ ചരിത്രമാണ് തെലങ്കാനയിലെ ജനങ്ങളുടേത്. എന്നാല്‍ ഈ പോരാട്ടങ്ങള്‍ യാഥാര്‍ത്ഥ രീതിയില്‍ അവതരിപ്പിക്കാതെ മറച്ചുവയ്ക്കുവാനാണ് ശ്രമിച്ചത്. തെലങ്കാനയുടെ വിമോചന പോരാട്ടവും ത്യാഗവും രക്തസാക്ഷിത്വവും വരും തലമുറയ്ക്കും മുഴുവന്‍ ലോകത്തിനും പകര്‍ന്ന് നല്‍കേണ്ടതുണ്ട്. ഹൈദരാബാദിന്റെ വിമോചനത്തിനായി സര്‍ദാര്‍ വല്ലഭഭായ് പട്ടേലും കെ.എം. മുന്‍ഷിയും പ്രധാനപങ്കാണ് വഹിച്ചത്. രക്തച്ചൊരിച്ചിലില്ലാതെ ഹൈദരാബാദിനെ വിമോചിപ്പിക്കാന്‍ ഭാരത സൈന്യത്തിനും സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനും സാധിച്ചു. സര്‍ദാര്‍ പട്ടേല്‍ ഇല്ലായിരുന്നുവെങ്കില്‍ തെലങ്കാന വിമോചിക്കപ്പെടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ തെലങ്കാനയുടെ ചരിത്രം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് തെലങ്കാന വിമോചനദിനം ആഘോഷിക്കുന്നത് രാജ്യത്തിന്റെ ചരിത്രം കുഴിച്ചുമൂടുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: