ഡോ.മുരളീധരന്‍ നായര്‍
(സനാതന ധര്‍മ ശാസ്ത്രവും യുക്തിവാദവും തുടര്‍ച്ച)
സനാതന ധര്‍മ ശാസ്ത്രത്തെപ്പറ്റിയും യുക്തി വാദത്തെപ്പറ്റിയും ആദ്യഭാഗത്തില്‍ വിശദീകരിച്ചതാണല്ലോ. ഇതില്‍ അതിന്റെ കൂടുതല്‍ വിശദമായ പതിപാദ്യമാവാം.
ഇന്ന് യുക്തിവാദമെന്നത് കേവലം ദൃശ്യവസ്തുക്കളുടെ മാത്രം, ഒരു അവഗാഹവുമില്ലാത്ത പഠനവും വിശകലവും മാത്രമായി ചുരുങ്ങിയതായി കാണാം. പക്ഷെ അതാണോ ശരിക്കും യുക്തമായ യുക്തിചിന്ത എന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാണാത്തതിനെയും അറിയാത്തതിനെയും അടപടലം നിഷേധിക്കാന്‍ എന്തെങ്കിലും യുക്തിവിചാരം ആവശ്യമുണ്ടോ? തീര്‍ത്തും ആവശ്യമില്ല എന്നതല്ലേ സത്യം? പക്ഷെ അതാണിന്നത്തെ യുക്തി വാദം! അയുക്തികമായ വാദത്തെ യുക്തിവാദമെന്ന പേരില്‍ പ്രചരിപ്പിക്കുന്നു. ഒരു ചെറിയ ഉദാഹരണമാവാം. മനുഷ്യരെന്ന നമ്മള്‍ ശരീരം മാത്രമാണോ? അല്ലല്ലോ, അതില്‍ ജീവനെന്ന സൂക്ഷ്മ ചൈതന്യവും ബോധമെന്ന ആത്മസത്തയും കൂടിയുണ്ട്. എങ്കിലേ അതൊരു ജീവി, അഥവാ മനുഷ്യനാകൂ. അവയില്ലാത്തത് കേവലം ശവം മാത്രമാണ്. അതിന് എവിടെയെങ്കിലും സ്വീകാര്യതയുണ്ടോ? അപ്പോള്‍ ഈ ശരീരമെന്ന ദൃശ്യവസ്തുവിനെ മനുഷ്യനാക്കുന്ന ഘടകങ്ങള്‍ ബോധചൈതന്യങ്ങളെന്നതല്ലേ സത്യം? അവ അദൃശ്യഘടകങ്ങളും സ്ഥൂലയുക്തിക്കു വശപ്പെടാത്തതും ചെന്നെത്താനാകാത്തവയുമാണ്.
ആധുനിക വൈദ്യശാസ്ത്രം ശരീരത്തെ മാത്രമാണ് അറിയുന്നതും ചികിത്സിക്കുന്നതും. അല്ലാതെ സൂക്ഷ്മഘടകങ്ങളെയല്ല. മനസിനെ കൃത്യമായി കണ്ടെത്താത്ത മനഃശാസ്ത്രമാണ് മനോരോഗ ചികിത്സ. അതിന് നമ്മുടെ ചിത്തരോഗാശുപത്രികള്‍ തന്നെ തെളിവാണല്ലോ. പൂര്‍ണസുഖം പ്രാപിച്ചു പുറത്തു വരുന്നവരുടെ എണ്ണം മാത്രം പരിശോധിച്ചാല്‍ അതറിയാം.
യുക്തിവാദം സത്യത്തില്‍ ഒരു അപൂര്‍ണ ഭൗതികവാദം മാത്രമായി അധഃപതിച്ചിരിക്കുന്നു. കാണുന്നതിനെയും അറിയുന്നതിനെയും മാത്രം അംഗീകരിക്കാന്‍ യുക്തിചിന്തയുടെ ഒരാവശ്യവും ഇല്ല. സൂക്ഷ്മ ഘടകങ്ങളെ അപഗ്രഥിക്കാനാണ് യുക്തി ചിന്ത ആവശ്യം! ഇന്നത്തെ യുക്തിചിന്തകര്‍ വെറും ഭൗതികവാദികള്‍ മാത്രമായിക്കഴിഞ്ഞു. അദൃശ്യമായതിനെ എല്ലാം നിഷേധിച്ചു കണ്ണടച്ചിരുട്ടാക്കുന്ന കാപട്യം. സ്വന്തം ശരീരത്തിലെ അദൃശ്യമായ ജീവാത്മാചൈതന്യത്തെ അവര്‍ക്കു നിഷേധിക്കാനാകുമോ? ഇല്ലല്ലോ.അപ്പോള്‍ ഇതൊരു വെറും കാപട്യം മാത്രം. പ്രകൃതിയിലെ എല്ലാ കാര്യങ്ങളേയും അത് പ്രകൃതിയുടെ പ്രതിഭാസമെന്നു പറഞ്ഞു ഒഴിയുന്നു. തീര്‍ത്തും ശാസ്ത്രീയവും യുക്തിസ്സഹവും സത്യാന്വേഷണപരവുമായ വേദാന്തജ്ഞാന ദര്‍ശനം പുരാതന കാലം മുതല്‍ത്തന്നെ ഭാരതത്തില്‍ നിലനിന്നിരുന്നു. യുക്തിവാദം ഇന്ന് പ്രധാനമായും ഊന്നല്‍ നല്‍കി പ്രചരിപ്പിക്കുന്നത് തന്നില്‍ നിന്നന്യമായ ദൈവരാധനയെയാണെന്നതിനാല്‍ സനാതനയോഗവേദാന്തദര്‍ശന മാര്‍ഗമായ സത്യാന്വേഷണത്തെ സ്വീകരിക്കാന്‍ വിമുഖത കാട്ടേണ്ടതായില്ലല്ലോ.
യുക്തിവാദം ഇന്ന് പൊതുവെ ഒരു ദൈവനിഷേധ സിദ്ധാന്തമായാണ് അറിയപ്പെടുന്നത്. ആര്‍ക്കും തന്നില്‍ നിന്ന് അന്യമായൊരു ദൈവസങ്കല്പം വെച്ച് പുലത്തുകയോ പുലര്‍ത്താതിരിക്കയൊ ആവാം. പക്ഷെ അതൊരു വിശ്വാസമാണ്. ആത്മവിശ്വാസം പകരുന്ന ഒരു മനോഘടകം. എല്ലാമതങ്ങളും അവരുടേതായ വിശ്വാസപ്രമാണങ്ങളിലും ദൈവസങ്കല്പങ്ങള്‍ വെച്ചുപുലര്‍ത്തുകയും അവരുടേതായ ആരാധനാരീതികള്‍ പിന്തുടരുകയും ചെയ്യുന്നു.
പക്ഷെ ഭാരതത്തില്‍ മാത്രം ഇതിന്റെയൊക്കെ മുകളില്‍, തന്നില്‍ നിന്നന്യമായ ദൈവാരാധനയും യജ്ഞങ്ങളും മറ്റും ഉണ്ടെങ്കിലും വേദാന്തജ്ഞാന ശാസ്ത്രം ആ സങ്കല്പത്തെ നിഷേധിച്ചു തന്നിലെ ബോധചൈതന്യമെന്ന സത്യത്തെ സാക്ഷാത്കരിച്ചു സ്വയം താന്‍ തന്നെ ബ്രഹ്മമെന്നു പ്രഖ്യാപിക്കയാണ് ചെയ്യുന്നത്. ഫലത്തില്‍ അതാണ് അന്തര്‍മുഖ, ആത്മാന്വേഷണമെന്ന പരമമായ യുക്തിചിന്തയും അതിന്റെ സീമയും. വിവേകിയായ മനുഷ്യന് മാത്രം ഒരു തപസ്യയിലെന്നപോലെ സിദ്ധമാക്കാന്‍ കഴിയുന്ന യുക്തിയുടെ പരമസീമയിലുള്ള ബോധപ്രകാശം. അതിലും വലിയ യുക്തിവിചാരം വെറും സങ്കല്പം മാത്രം.
തനിക്കു മുന്നില്‍ പ്രത്യക്ഷീഭവിച്ചതോ അന്യര്‍ പറഞ്ഞറിഞ്ഞതോ ഉള്ള ലൗകികതകളെ സ്വന്തം പരിമിത പ്രോക്തമായ അല്‍പ്പജ്ഞാന യുക്തിയിലൂടെ വിശകലനം ചെയ്യാന്‍ വിശേഷബുദ്ധിയുള്ള ഏതൊരു മനുഷ്യനും പ്രയാസ ലേശമന്യേ സാദ്ധ്യമാകുമ്പോള്‍ ആത്മാന്വേഷണപരമായ നിത്യ, സത്യന്വേഷണമെന്ന അനന്തമായ ജ്ഞാനപ്രകാശ ത്തിലേക്കുള്ള ചിന്താസരണി അത്യന്തം ദുഷ്‌കരവും ലക്ഷത്തിലൊരാള്‍ക്ക്
പോലും സാധ്യമല്ലാത്തതുമാണ്.
ഭൗതികതയില്‍ ഉള്ള യുക്തിവിചാരം അഥവാ യുക്തിവാദം ഏതു മനുഷ്യനും എളുപ്പം സാധ്യവുമാണ്. പക്ഷെ വേദാന്ത, സത്യാന്വേഷണമെന്ന അന്തര്‍മുഖ ആത്മാന്വേഷണ യുക്തിവിചാരം തപോതുല്യമാണ്. ഈ ലോകത്തു തന്നെ വിരലിലെണ്ണാവുന്ന മുമുക്ഷുക്കള്‍ക്ക് മാത്രം സാദ്ധ്യം. അതാണവയുടെ വ്യത്യാസം. രണ്ടും അന്വേഷണചിന്തകളാണെങ്കിലും ഫലത്തില്‍ അത്യന്തം വ്യത്യസ്തങ്ങളാണ്.
പ്രാപഞ്ചികമായ യുക്തിചിന്ത ബാഹ്യവും വേദാന്തയുക്തി വിചാരം തീര്‍ത്തും ആന്തരിക സൂക്ഷ്മ, മൂലസത്തയുടെ ചിന്താസരണിയുമാകുന്നു. പ്രപഞ്ച അനിത്യതയില്‍ നിന്നും പ്രപഞ്ചാതീത നിത്യതയിലേക്കുള്ള അന്വേഷണ പ്രയാണം. അതിനും അനിതരസാധാരണമായ അന്വേഷണത്വരതയും സത്യാന്വേഷണ യുക്തികുര്‍മ്മതയും സര്‍വോപരി അളവറ്റ ക്ഷമയും വിവേകവും ആത്മജ്ഞാന പരായണത്വവും കൂടിയേ തീരൂ.
പക്ഷേ അദൃശ്യവും അജ്ഞാനഗോചരവുമായ സര്‍വതിനെയും ഇല്ല എന്നു പറഞ്ഞു നിഷേധിക്കുന്ന ആധുനിക കപട യുക്തിവാദം ഏതൊരാള്‍ക്കും ക്ഷിപ്രസാധ്യമായ കാര്യമാണല്ലോ. ഏതൊന്നിനെയും വിമര്‍ശിക്കുമ്പോള്‍ അതിന്റെ ബാഹ്യ, ആഭ്യന്തര വസ്തുതകള്‍ നന്നായി ഗ്രഹിച്ചു വേണം ചെയ്യാന്‍. അല്ലാതെ ഒരു ഗ്രാഹ്യതയുമില്ലാതെയുള്ള വിമര്‍ശനം അര്‍ത്ഥശൂന്യ ജല്പനം പോലാകും. അതാണിന്ന് അധികവും യുക്തിവാദത്തിന്റെ ലേബലില്‍ അരങ്ങേരുന്നത്. വിശ്വാസവും ശാസ്ത്രവും രണ്ടാണ്. അവയെ ഒരു നുകത്തില്‍ കെട്ടാന്‍ നോക്കുന്നത് തീര്‍ത്തും ഭോഷ്‌കാണ്. അതാണ് അധികവും നടക്കുന്നതും. അത്തരം ചിന്തയും പ്രവൃത്തിയും സമൂഹത്തിനു ദോഷമേ വരുത്തു. സാമൂഹ്യതിന്മയുണ്ടാക്കുന്ന ദുരാചാരങ്ങളെ എതിര്‍ക്കാം. അത്തരം ദോഷങ്ങളൊന്നുമില്ലാത്ത ആചാരങ്ങളെ അപഹസിക്കുന്നതും, എതിര്‍ക്കുന്നതും ദൂഷ്യഫലങ്ങളെ വരുത്തൂ. അതറിഞ്ഞു വേണം പ്രവര്‍ത്തിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: