കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ കണ്ണഞ്ചിപ്പിക്കുന്ന ബൗളിംഗ് പ്രകടനവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് എല്ലാവരും പുറത്തായി.
ഇന്ത്യക്ക് വേണ്ടി മൊഹമ്മദ് സിറാജ് 7 ഓവറില്‍ 21 റണ്‍സ് വിട്ടു നല്കി ആറ് വിക്കെടുത്തു. ഒരു മെയ്ഡന്‍ ഓവറുമെറിഞ്ഞു.
അഞ്ച് ശ്രീലങ്കന്‍ ബാട്സ്മാന്മാര് റണ്ണെടുക്കാതെ പുറത്തായി.
ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. എന്നാല്‍ കളി ആരംഭിയ്ക്കുന്നതിന് മഴ തടസം സൃഷ്ടിച്ചു.വൈകി കളി ആരംഭിച്ചപ്പോഴാണ് സിറാജ് തീമഴയായി മാറിയത്.
ആദ്യ ആറ് ഓവര്‍ കഴിയുമ്പോള്‍ ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകള്‍ വീണു. ഒരു ഘട്ടത്തില്‍ 13-6 എന്ന നിലയിലായിരുന്നു അവര്‍. ഒരു ഓവറില്‍ നാലു വിക്കറ്റ് നേടി സിറാജ് ആണ് ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചത്.
ബുമ്ര ആദ്യം കുശാല്‍ പെരേരയെ റണ്‍സെടുക്കാതെ പുറത്താക്കി. പിന്നെ സിറാജ് തകര്‍ക്കുകയായിരുന്നു. സിറാജ് എറിഞ്ഞ നാലാം ഓവറിലാണ് നാലു വിക്കറ്റ് വീണത്. ആദ്യ പന്തില്‍ നിസങ്ക വീണു. മൂന്നാം പന്തില്‍ സമരവിക്രമ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നാലാം പന്തില്‍ അസലങ്ക ഇഷാന് കിഷന് ക്യാച്ച് നല്കി. ആറാം പന്തില്‍ ധനഞ്ചയ ഡിസില്‍വയും വീണു.
സിറാജിന്റെ അടുത്ത ഓവറില്‍ ഷനകയും പുറത്തായി. മൂന്ന് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് 5 വിക്കറ്റ് വീഴ്ത്തിയത്. 16 പന്ത് എറിയുമ്പോള്‍ തന്നെ 5 വിക്കറ്റ് വീഴ്ത്തിയ സിറാജ് ഏറ്റവും വേഗത്തില്‍ 5 വിക്കറ്റ് വീഴ്ത്തുന്ന താരമായി മാറി.
ഒന്‍പതാം തവണയാണ് ഏഷ്യാകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും നേര്‍ക്ക് നേര് വരുന്നത്. അഞ്ച് തവണ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് തവണ ജയം ശ്രീലങ്കക്കൊപ്പമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: