രാജേഷ് അണിയാരം
രണ്ടു ദിവസമായി തന്റെ ദിനചര്യകളെ നിയന്ത്രിക്കുന്നത് അശ്വന്താണ്. രക്ഷിതാക്കളെപ്പോലും കൈകടത്താനനുവദിക്കാത്ത തന്റെ സ്വാതന്ത്രത്തിലേക്ക് അശ്വന്ത് സമര്‍ത്ഥമായി നുഴഞ്ഞു കയറിയിരിക്കുന്നു.
തന്നെ നടുക്കിക്കൊണ്ട് തന്റെ ഫോണിലേക്ക് വന്നു വീഴുന്ന അവന്റെ കോള്‍- ”ലൈക്കാ… എന്നത്തെയും പോലെ നേരത്തെ എഴുന്നേല്‍ക്കണം, നാളെ ഓണമാണെന്ന് മറക്കരുത്. വീട്ടുകാരുടെ സന്തോഷങ്ങളില്‍ പങ്കാളിയായി നീയും ഉണ്ടാവണം. നിന്റെ മുഖഭാവങ്ങളില്‍ നിന്നു പോലും വീട്ടുകാര്‍ക്ക് സംശയം തോന്നരുത്.”
അവള്‍ക്ക് ഒന്നും പറയാനില്ലായിരുന്നു.അശ്വന്തിന്റെ ശബ്ദം ഒന്നുകൂടി കനത്തു. മറ്റന്നാള്‍ കൃത്യം ഒമ്പതു മണിക്ക് തന്നെ ഗാന്ധി പാര്‍ക്കിനു മുന്നിലെത്തണം. നമുക്ക് ഒരു യാത്ര പോകാനുണ്ട്. സ്പെഷ്യല്‍ ക്ലാസുണ്ടെന്ന് വീട്ടില്‍ പറഞ്ഞാല്‍ മതി.
മരവിച്ച മനസ്സില്‍ നിന്നും യാന്ത്രികമായ ഒരു മൂളല്‍ മാത്രം അവള് ഉത്പാദിപ്പിച്ചു.
എത്ര വരിഞ്ഞു കെട്ടിയാലും പാകമാകാതെ സന്തോഷത്തിന്റെ മുഖപടം അഴിഞ്ഞു വീഴുമെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഓണ ദിവസം വൈകുന്നേരത്തെ അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള പാര്‍ക്കിലേക്കുള്ള യാത്ര അവള് ഒഴിവാക്കിയത്.
അവരൊക്കെ പോയി കഴിഞ്ഞപ്പോള്‍ ആ വലിയ വീടിന്റെ ചുവരുകള്‍ക്കിടയില്‍ അവള് വീര്‍പ്പടക്കി നിന്നു. മരണത്തിന്റെ തുരങ്കത്തിലൂടെ ഒരു രക്ഷപ്പെടല്‍ ഏതൊരു പെണ്ണിനെയും പോലെ ഒരു നിമിഷം അവളെയും മോഹിപ്പിച്ചു. പിന്നെ അവള് സ്വയം തിരുത്തി- മരണം തന്റെ മാത്രമായ രക്ഷപ്പെടലാണ്. ഭീരുത്വത്തിന്റെ നിറം കെട്ട രക്ഷാ വാതിലുകളൊക്കെ അടച്ച് സാക്ഷയിട്ട് അവള് കിടക്കയില്‍ മലര്‍ന്നു കിടന്നു.
”ലൈക്ക നീ എന്തു ചെയ്യുന്നു.?”
ഫോണില്‍ നിന്നും അശ്വന്ത് ചോദിച്ചു.
”എന്തു ചെയ്യണം?” അവളുടെ ചോദ്യത്തില്‍ പ്രതിഷേധമുറഞ്ഞു .
”ഓണാഘോഷങ്ങളെല്ലാം എങ്ങനെ?”
”അച്ഛനും അമ്മയും പാര്‍ക്കില്‍ പോയി. ഇപ്പോള്‍ ഇവിടെ ഞാന്‍ തനിച്ച്.”
”നിനക്കും പോകാമായിരുന്നു.” അശ്വന്ത് പറഞ്ഞു.
”ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് പേടിച്ചിട്ടാണോ.. നമുക്കൊരു യാത്ര പോകാനുള്ളതല്ലേ.. അതിനു വേണ്ടിയെങ്കിലും ജീവിക്കണ്ടേ.. അശ്വന്ത്.”
അശ്വന്തിന്റെ ചിരി കാതില്‍ മുഴങ്ങി.
”അപ്പോള്‍ താന്‍ മറന്നിട്ടില്ലല്ലോ നാളെ കൃത്യം 9 മണി. ഓക്കെ.. ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാല്‍ അറിയാലോ?”
അശ്വന്ത് ഫോണ്‍ കട്ട് ചെയ്തു.
അശ്വന്തിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കൃത്യസമയത്തു തന്നെ ഗാന്ധി പാര്‍ക്കിനു മുന്നിലെ റോഡിനോരം ചേര്‍ന്ന് ലൈക്ക കൈയിലൊരു വാനിറ്റി ബേഗുമായി നില്‍ക്കുന്നുണ്ട്.
അശ്വന്ത് തന്റെ സ്കോര്‍പിയോ കാര്‍ അവളുടെ മുന്നിലായി ചെന്നു നിര്‍ത്തി. ലൈക്ക കാറിലേക്ക് കയറി. അവളെയുംകൊണ്ട് കാര്‍ നഗരവീഥിയിലൂടെ പായുമ്പോള്‍ തനിക്ക് പ്രി
യപ്പെട്ട കാഴ്ചകള്‍ ഒന്നൊന്നായി പിന്നിലേക്ക് ഓടിയകലുന്നുണ്ടെന്ന് ലൈക്ക അറിയുന്നുണ്ടായിരുന്നു. കലാലയവും അതിനു മുന്നിലെ പുല്‍ത്തകിടിയും ഐസ് ക്രീം പാര്‍ലറും…
തനിക്ക് അശ്വന്തിനെപ്പോലെ പ്രിയങ്കരമായ ഇടങ്ങള്‍. മധുരസ്മൃതികളെ കൊണ്ടുവരുന്ന കാഴ്ചകളില്‍ നിന്നും ലൈക്ക പെട്ടെന്ന് മുഖം തിരിച്ചു.
ഏതോ ചെമ്മണ് നിരത്തിലേക്ക് സ്കോര്‍പിയോ തിരിഞ്ഞപ്പോള്‍ ഒരിക്കലുമില്ലാത്ത പോലെ അവളെ ഭയം വന്നുമൂടി.
”എവിടെക്കാണ് നമ്മള് പോയിക്കൊണ്ടിരിക്കുന്നത് അശ്വന്ത്..?”
”ഇപ്പോള്‍ ഈ വണ്ടിയുടെത് മാത്രമല്ല, നിന്റെയും സ്റ്റിയറിങ്ങ് എന്റെ കൈകളിലാ. ഞാന്‍ ആഗ്രഹിക്കുന്ന വഴികളിലൂടൊക്കെയും നീ ഓടിക്കൊണ്ടിരിക്കും. കണ്ടോ ഇതാണതിന്റെ താക്കോല്‍…!” അവന് തന്റെ മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിക്കാട്ടി. ലോകത്തെ മുഴുവന്‍ വിഢിയാക്കുന്ന ഒരു ചിരി അശ്വന്തിന്റെ ചുണ്ടില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ലൈക്കയ്ക്ക് തോന്നി.
ആ ഫോണിനകത്ത് തന്റെ നഗ്നമായ ഉടലാണ്. പ്രണയാഗ്നിയിലേക്ക് ഹോമിക്കപ്പെട്ട തന്റെ വെറും ഉടല്..!
ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്ര റോഡിലൂടെ കടന്നുപോവുകയാണ്. റോഡ് ബ്ലോക്കായിരിക്കുന്നു. നിരവധി വാഹനങ്ങള്‍ക്ക് പിന്നിലായി അശ്വന്ത് കാര്‍ നിര്‍ത്തി. കാറിനു മുന്നില്‍ ബേന്റ് മേളം തിമര്‍ത്തു. പെരും വയറും കുലുക്കി പുലികള്‍ നൃത്തം വച്ചു. പു
ലിക്കുനേരെ തോക്കും ചൂണ്ടിക്കൊണ്ട് വേട്ടക്കാരന് പുലിക്കു ചുറ്റും ചുവടുവച്ചു.
ബാന്‍ഡ് മേളത്തിന്റെ ഉച്ചസ്ഥായിയില്‍ പുലിയും വേട്ടക്കാരനും കൈകള്‍ പിണച്ച് കെട്ടി മറിഞ്ഞു.
ഉണ്ടയില്ലാത്ത കളി തോക്കുമായി ഇരയെ പേടിപ്പിച്ചു നിര്‍ത്തുന്ന വേട്ടക്കാരന് ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല ഇരയില്‍ നിന്നും ചീറി പായാന്‍ തുടങ്ങുന്ന വെടിയുണ്ടകളെ. ലൈക്ക തന്റെ വാനിറ്റി ബാഗില്‍ പതുക്കെ കൈ താഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: