കൊച്ചി: ഇന്ത്യയെ ലോകത്തിന്റെ അസൂയാപാത്രമാക്കിയ ചന്ദ്രയാന്‍ ദൗത്യത്തിന്റെ അമരത്ത് നിന്ന 55 പേര് ഒരേ കോളജില്‍ പഠിച്ചവര്‍! അതില്‍ 51 പേര് അതേ കലാലയ മുറ്റത്ത് ആ വിജയം ആഘോഷിക്കാനായി ഒത്തുചേര്‍ന്നാലോ? വിരളമായി മാത്രം സംഭവിക്കാവുന്ന ഈ വിസ്മയമത്തിനാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനിയറിങ് കോളജ് സാക്ഷ്യം വഹിച്ചത്.
കനത്തമഴയില്‍ കുതിര്‍ന്നു നിന്ന കോളജ് മുറ്റത്തേക്കു പ്രത്യേക ബസില്‍ വന്നിറങ്ങിയ പൂര്‍വവിദ്യാര്‍ഥികളായ ബഹിരാകാശ വിദഗ്ധരെ കോളജ് മാനേജ്മെന്റും വിദ്യാര്‍ഥികളും ചേര്‍ന്ന് വേദിയിലേക്ക് ആനയിച്ചു. പൊന്നാടയും ഉപഹാരം നല്കി ആദരിച്ചു. തങ്ങളുടെ സീനിയേഴ്സായ ഇത്രയേറെ പ്രതിഭകളെ ഒന്നിച്ചുകണ്ട നിര്‍വൃതിയില്‍ വിദ്യാര്‍ഥികള്‍ ഒരുവേള സ്വയംമറന്ന് ഹര്‍ഷാരവം മുഴക്കി. മനുഷ്യമികവിന്റെ ആഘോഷമാണ് ഇവിടെ നടക്കുന്നതെന്നു കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
‘വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് അടക്കം ചന്ദ്രയാന്‍ ദൗത്യത്തിലെ 55 പേര് ഈ കോളജിലെ പൂര്‍വ വിദ്യാര്ഥികളാണെന്നറിഞ്ഞപ്പോള് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഉണ്ടായത്. അവരുടെ മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു.’ ദേവന് രാമചന്ദ്രന് പറഞ്ഞു. അഭിനന്ദനങ്ങളാല്‍ ഞങ്ങളെ ചന്ദ്രനിലെത്തിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഈ സംഘത്തിന്റെ പേരില്‍ നന്ദി പറയുന്നതായി വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് പറഞ്ഞു. ആമസോണ്‍ കാടുകള്‍ പോലെ ആര്‍ക്കും വളരാവുന്ന അന്തരീക്ഷമാണ് ഐഎസ്ആര്‍ഒയില്‍ ഉള്ളത്. ഏത് വ്യക്തിയുടേയും ജീവിത വിജയത്തിന് മുന്നില്‍ മാര്‍ഗദര്‍ശിയായ ചില ഗുരുക്കന്മാര് ഉണ്ടാകും. ഞങ്ങളെ പഠിപ്പിച്ച ഗുരുനാഥന്മാരോടും മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജിനോടും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കോളജ് അസോസിയേഷന് സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ചെയര്മാന് മാത്യൂസ് മാര്‍ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. വിഎസ്എസ്സി ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ആനി ഫിലിപ്പ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജെ. ഐസക്, ഡോ. സി.എന്‍. പൗലോസ്, പ്രിന്‍സിപ്പള്‍ ഡോ. ബോസ് മാത്യു ജോസ്, കോളജ് അലുമ്നി അസോസിയേഷന് സെക്രട്ടറി ഡോ. ജിസ് പോള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: