ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രതിപക്ഷ സഖ്യമായ ഐഎന്‍ഡിഐഎ കൊട്ടിഘോഷിച്ച് നടത്താനിരുന്ന ആദ്യത്തെ റാലി റദ്ദാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി അടുത്തമാസം ആദ്യമാണ് ഭോപ്പാലില്‍ ശക്തി വിളിച്ചറിയിച്ച് റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റാലി റദ്ദാക്കിയതായി കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ് ഇന്നലെ അറിയിച്ചു.
സാനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ഐഎന്‍ഡിഐഎ സഖ്യ കക്ഷി നേതാക്കളുടെ പ്രസംഗത്തിനതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇപ്പോള്‍ റാലി നടത്തുന്നത് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സാനാതന ധര്‍മ്മത്തെ പകര്‍ച്ചവ്യാധികളോട് ഉപമിച്ച് തുടച്ചുനീക്കണമെന്നാണ് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ മന്ത്രി ഉദയനിധി സ്റ്റാലിന് പ്രസംഗിച്ചത്.
ഉദയനിധിയുടെ വിദ്വേഷ പ്രസംഗത്തെ തിരുത്താനോ അപലപിക്കാനോ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് ഇതിലൂടെ ഹിന്ദുക്കള്‍ക്ക് എതിരാണെന്ന് തെളിയിക്കുകയും ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ റാലി നടത്തിയാല്‍ സ്വഭാവികമായും ഐഎന്‍ഡിഐഎയിലെ എല്ലാ സഖ്യകക്ഷികളും പങ്കെടുക്കേണ്ടിവരും. ഡിഎംകെയ്ക്ക് ഒപ്പം കോണ്‍ഗ്രസ് വേദി പങ്കിടുകയും റാലി നടത്തുകയും ചെയ്താല്‍ പാര്‍ട്ടിക്കത് മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് കമല്‍നാഥിനെപ്പോലുള്ള നേതാക്കള്‍ വിലയിരുത്തുന്നത്.
ഉദയനിധിക്ക് പിന്നാലെ തമിഴ്നാട് മന്ത്രി കെയ പൊന്മുടി ഐഎന്‍ഡിഐഎ രൂപീകരിച്ചതുതന്നെ സനാതനധര്‍മ്മത്തെ ഇല്ലാതാക്കാനാണെന്ന് പ്രസ്താവിച്ചിരുന്നു. ബീഹാറില്‍ ചില ആര്‍ജെഡി, ജെഡിയു നേതാക്കള്‍ രാമചരിതമാനസത്തിനെതിരെ രംഗത്തുവന്നതും ഐഎന്ഡിഐഎയ്ക്കെതിരായ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
സനാതന ധര്‍മ്മത്തിനെതിരെയുള്ള പ്രസ്താവനയെ വോട്ടിന്വേണ്ടി തള്ളിപ്പറഞ്ഞാല്‍ ഡിഎംകെ പിണങ്ങുകയും ചെയ്യും. ഇതോടെ റാലി മാറ്റിവച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: