തൃശ്ശൂര്‍: സംസ്ഥാന മന്ത്രിസഭാ പുനസംഘടന കൊണ്ട് ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളത്തില്‍ മന്ത്രിസഭ എന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകന് മന്ത്രിയുമാണ്. മറ്റ് മന്ത്രിമാര്‍ക്ക് ഒരു റോളുമില്ല. ഈ മന്ത്രിസഭാ പുനഃസംഘടന കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ലെന്നും തൃശ്ശൂരില്‍ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെ കെ. സുരേന്ദ്രന് പറഞ്ഞു.
നാഥനില്ലാ കളരിയായി സംസ്ഥാന ആഭ്യന്തരവകുപ്പ് മാറി. പിഞ്ചുകുഞ്ഞുങ്ങള്‍ പോലും പീഡിപ്പിക്കപ്പെടുകയാണ്. മാരകരോഗങ്ങള്‍ തിരിച്ചുവരുന്നത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ സഹായമില്ലെങ്കില് സംസ്ഥാനത്ത് ദൈനംദിന ചെലവ് പോലും നടക്കില്ല. പ്രതിപക്ഷ നേതാവിന് പോലും കേന്ദ്ര സഹായത്തെ പറ്റി പ്രശംസിക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു. ഭരണപക്ഷത്തിന്റെ അഴിമതിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി വി. മുരളീധരന് നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്, സി. കൃഷ്ണകുമാര്‍, പി.സുധീര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: